കൽപ്പറ്റ: ഒഴിയാബാധ പോലെ കാട്ടുപന്നി ശല്യമുണ്ടോ?. വേവലാതി വേണ്ട. നിത്യശല്യക്കാരെ വകവരുത്താൻ നിറതോക്കുമായി നത്തംകുനിയിലെ ബബിത എപ്പോഴേ റെഡി. സംസ്ഥാനത്ത് ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെക്കാൻ ലൈസൻസ് ലഭിക്കുന്ന ഏകവനിതയെന്ന വിശേഷണമുണ്ട് ഈ വീട്ടമ്മയ്ക്ക്. ഭർത്താവ് പുറ്റാട് കാഞ്ഞിരത്തിങ്കൽ ബെന്നിയിൽ നിന്നാണ് ബബിത തോക്ക് പ്രയോഗിക്കാൻ അഭ്യസിച്ചത്. പിന്നെ അതിനോടു വലിയ കമ്പവുമായി. ഇപ്പോൾ രണ്ടു വിദേശ നിർമ്മിത തോക്കുകളുണ്ട് ബബിതയുടെ കസ്റ്റഡിയിൽ. 2006ൽ രണ്ടു പേർക്കും ഒരുമിച്ചുളള ലൈസൻസ് ലഭിച്ചതാണ്.
ഇതുപോലെ വയനാട്ടിൽ മറ്റു മൂന്നു പേർക്കാണ് കാട്ടുപന്നികളുടെ കഥ കഴിക്കാനുള്ള തോക്ക് ലൈസൻസുള്ളത്. ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് കർഷകർ അനുകൂല ഉത്തരവ് നേടിയെടുക്കുകയായിരുന്നു. ബബിതയ്ക്കു പുറമെ പൊഴുതന അച്ചൂരാനം ശാന്തവിലാസത്തിൽ എ.ദിനേശൻ, വേലിയമ്പം കുറിച്ചിപ്പറ്റയിൽ സി.എൻ.വെങ്കിടദാസ്, കൊളഗപ്പാറയിലെ വിക്ടർ ബർനാർഡ് ഡേ എന്നിവരാണ് ലൈസൻസ് എം പാനലിലുള്ളവർ.
വെടിവച്ചു വക വരുത്തിയാൽ പന്നിയ്‌ക്കൊന്നിന് ആയിരം രൂപ വെച്ച് സർക്കാർ പാരിതോഷികമായി നൽകുന്നുണ്ട്. ലൈസൻസിനുള്ള അപേക്ഷയ്‌ക്കൊപ്പം ബാങ്ക് പാസ് ബുക്കിന്റെ കോപ്പി കൂടി വാങ്ങുകയാണ്. അനുമതിപത്രത്തിന് നേരത്തെ കൽപ്പറ്റയിലായിരുന്നു ഹിയറിംഗ്.
പന്നിയെ വെടി വെച്ച് തീർക്കുന്നത് സംബന്ധിച്ച ഉത്തരവിൽ ഒരാഴ്ച കഴിയുമ്പോഴേക്കും മാറ്റം വരാനാണ് സാദ്ധ്യത. പന്നിയെ ഷെഡ്യൂൾ അഞ്ചിൽ പെടുത്തിയേക്കും. ഇനി ക്ഷുദ്രജീവി പട്ടികയിലായിരിക്കും പന്നിയുടെ സ്ഥാനം. അങ്ങനെ വരുന്നതോടെ കാട്ടുപന്നിയെ വേട്ടയാടാൻ വിലക്കുണ്ടാവില്ല. മാംസവും ഉപയോഗിക്കാനാവും.
വിദേശരാജ്യങ്ങളിൽ പൊതുവെ പ്രാബല്യത്തിലുള്ള നിയമമാണിത്. ആസ്‌ട്രേലിയയിൽ ദേശീയ മൃഗമായ കങ്കാരുവിന്റെ ഇറച്ചി പോലും കിട്ടും വിപണിയിൽ. യാക്ക് ഉൾപ്പെടെയുളള വന്യമൃഗങ്ങളുടെ ഇറച്ചിയും മാർക്കറ്റിൽ സുലഭം. വേട്ടയാടാൻ സർക്കാർ നിശ്ചിത സമയം അനുവദിക്കുന്നതാണ് രീതി.
വയനാട്ടിൽ വനമില്ലാത്തത് രണ്ട് വില്ലേജുകളിൽ മാത്രം. തോമാട്ടുചാലും കണിയാമ്പറ്റയും. ഇവിടങ്ങളിൽ പോലും പന്നിശല്യം നാൾക്കുനാൾ കൂടിവരികയാണ്. പന്നികളുടെ അതിക്രമം കൃഷിയിടങ്ങളിലും ഒതുങ്ങുന്നില്ലെന്ന അവസ്ഥയാണ്. വീടിന്റെ പരിസരത്ത് മാത്രമല്ല, അകത്തേക്ക് കടന്നുകയറിയ സംഭവം വരെയുണ്ടായി ഏറെ അകലെയല്ലാതെ കോഴിക്കോട്ടെ കോടഞ്ചേരിയിൽ. പന്നികളെ പേടിച്ച് കൃഷി ചെയ്യാൻ മടിക്കുന്ന കർഷകർ കുറച്ചൊന്നുമല്ലെന്ന് ബബിത പറയുന്നു.
പഞ്ചായത്തിലെ മികച്ച കർഷകനുളള അവാർഡ് നേടിയിട്ടുണ്ട് ഭർത്താവ് ബെന്നി. രണ്ടു പെൺമക്കളാണ് ഈ ദമ്പതികൾക്ക്. ഡോ.ആതിര ബെന്നിയും (എം.ഡി ജോർജ്ജിയ) ഡോ.അഖില ബെന്നിയും (യൂണിവേഴ്സിറ്റി ഒഫ് നോർതേൺ ഫിലിപ്പൈൻസ്)