ന്യൂഡൽഹി: ബീഹാറിൽ എൻ ഡി എയിലെ ഏറ്റവും വലിയ കക്ഷിയായും സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയായും ബി ജെ പി മാറുമ്പോൾ ഇതിനു പിന്നിലെ രഹസ്യം എന്താണെന്ന് ചോദിക്കുന്നവർ ഏറെയാണ്. മോദി എന്ന ഒറ്റ വാക്കാണ് ഉത്തരമെങ്കിലും ബീഹാറിൽ ചുവടുറപ്പിക്കാനുളള തന്ത്രങ്ങളും മറുതന്ത്രങ്ങളും ബി ജെ പി ആവിഷ്‌കരിച്ച് തുടങ്ങുന്നത് ഒന്നര വർഷത്തിലേറെയായി. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ യുണൈറ്റഡുമായുളള സീറ്റ് ചർച്ചയ്‌ക്കൊടുവിൽ ബീഹാറിൽ തുല്യമായ സീറ്റുകളിൽ മത്സരിക്കാനുളള കരാറിൽ ബി ജെ പി സമ്മതിച്ചപ്പോൾ അത് പാർട്ടിക്കുളളിൽ വലിയ മുറുമുറുപ്പുണ്ടാക്കിയിരുന്നു. വോട്ടെടുപ്പിൽ എൻ ഡി എ 40 സീറ്റുകളിൽ മുപ്പത്തിയൊമ്പതും നേടി. ബി ജെ പി 17 സീറ്റുകളിലും ജെ ഡി യു 16 സീറ്റുകളിലും വിജയിച്ചു. ലോക് ജനശക്തി പാർട്ടി (എൽ ജെ പി) ആറ് സീറ്റുകളും നേടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായ ജനവിധിയായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 243 നിയമസഭാ സീറ്റുകളിൽ 200ലധികം സീറ്റുകളിലും എൻ ഡി എ ലീഡ് നേടിയിരുന്നു. ഇതോടെ ബി ജെ പി നേതാക്കൾക്കിടയിൽ ആത്മവിശ്വാസം വർദ്ധിക്കുകയും സംസ്ഥാന ഘടകത്തോട് ഒറ്റയ്‌ക്ക് മുന്നോട്ട് പോകാൻ കേന്ദ്രം നിർദേശിക്കുകയുമായിരുന്നു.
ഒറ്റയ്‌ക്ക് പാർട്ടി വളർത്താൻ പ്രവർത്തിക്കുമ്പോഴും മുഖ്യമന്ത്രി നിതീഷ് കുമാറുമായുളള പങ്കാളിത്തം നിലനിർത്തണമെന്ന വ്യക്തമായ സന്ദേശം കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കൾക്ക് നൽകിയിരുന്നു. ഇതിനായി പ്രധാനമായും മൂന്ന് കാരണങ്ങളാണ് ബി ജെ പി കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടിയത്.
ബി ജെ പി, ജെ ഡി (യു), രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) എന്നീ രാഷ്ട്രീയ പാർട്ടികളെ ചുറ്റിപ്പറ്റിയുളള ബീഹാറിന്റെ ത്രികോണ രാഷ്ട്രീയത്തിൽ ജെ ഡി യുവിനും ആർ ജെ ഡിക്കും വലിയ പങ്കാണുളളത്. 2015ൽ ബി ജെ പിയെ തറപറ്റിക്കാൻ ആർ ജെ ഡിയും ജെ ഡി യുവും ഒരുമിച്ചത് ബി ജെ പി നേതാക്കളുടെ മനസിലുണ്ടായിരുന്നു.
ബീഹാറിലെ സങ്കീർണമായ സാമൂഹിക അവസ്ഥയിൽ നിതീഷ് കുമാറിന് ഇപ്പോഴും വളരെ പിന്നാക്ക ജനവിഭാഗങ്ങൾക്കിടയിൽ അടിത്തറയുണ്ടെന്ന് ബി ജെ പി നേതാക്കൾ കണക്കുകൂട്ടിയിരുന്നു.
മുന്നണി രാഷ്ട്രീയത്തിലൂടെ മാത്രമേ പാർട്ടിക്കും വളരാൻ സാധിക്കുകയുളളൂ. അതുകൊണ്ട് തന്നെ ഒറ്റയ്‌ക്ക് പാർട്ടിയെ കെട്ടിപടുക്കുമ്പോഴും ആഭ്യന്തര കലഹം ഒഴിവാക്കാൻ നേതാക്കൾ ശ്രദ്ധിച്ചിരുന്നു.
മുൻകാലങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറുമായി നല്ല ബന്ധമാണ് നരേന്ദ്രമോദി കാത്തുസൂക്ഷിച്ചത്. അധികാരമുളള സംസ്ഥാനങ്ങളിൽ ബി ജെ പിക്ക് സ്വന്തമായി ഒരു മുഖ്യമന്ത്രി ഇല്ലാത്ത ഏക സംസ്ഥാനമായിരുന്നു ബീഹാർ. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി പിന്തുണയ്‌ക്കുമ്പോഴും ഉപാധികൾ മുന്നോട്ട് വയ്‌ക്കാനും വിലപേശലിനും നിയമസഭയിൽ അംഗസംഖ്യ കൂട്ടണമെന്ന് ബി ജെ പി നേതൃത്വം വ്യക്തമായി പദ്ധതിയിട്ടിരുന്നു.
മഹാസഖ്യത്തെ തോൽപ്പിക്കാൻ എൻ ഡി എ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞപ്പോൾ അതിനെക്കാൾ വലിയ തന്ത്രമാണ് ജെ ഡി യുവിനെ വെട്ടാൻ ബി ജെ പി അണിയറയിൽ തയ്യാറാക്കിയത്. നിതീഷ് കുമാറിനെ വെല്ലുവിളിക്കുകയും ജെ ഡി യു വിനെതിരെ സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്തുകൊണ്ട് സംസ്ഥാനത്ത് പ്രത്യേകമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൽ ജെ പി തീരുമാനിച്ചു. അത്തരമൊരു സാഹചര്യമുണ്ടായിട്ടും എൽ ജെ പി കേന്ദ്രത്തിൽ എൻ ഡി എയുടെ തന്നെ ഭാഗമായിരുന്നു. നിതീഷ് കുമാറിനെ ശക്തമായി പിന്തുണച്ചപ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൽ ജെ പിക്കെതിരെ നിശബ്‌ദത പാലിക്കാൻ മോദി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
സംസ്ഥാനത്തെ ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞത് ഇങ്ങനെയാണ്. “ബിജെപി മൂന്ന് സഖ്യങ്ങളുടെ ഭാഗമാണ് - ജെ ഡി യുമായുളള ഔപചാരിക സഖ്യം, എൽ ജെ പിയുമായുള്ള അനൗപചാരിക സഖ്യം, അസദുദ്ദീൻ ഒവൈസി-ഉപേന്ദ്ര കുശ്വാഹയുമായുളള അദൃശ്യ സഖ്യം.” ഈ സങ്കീർണമായ കളിയിൽ ബി ജെ പി യഥാർത്ഥത്തിൽ ഏർപ്പെട്ടിരുന്നോ എന്ന് പറയാൻ പ്രയാസമാണ് എന്നതാണ് യാഥാർത്ഥ്യം.
തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ, എൻ ഡി എയിലെ മുതിർന്ന പങ്കാളിയായി മാറിയ ബി ജെ പി ഇനി സർക്കാരിൽ തങ്ങളുടെ ശബ്‌ദം കടുപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. മോദിയുടെ ജനപ്രീതി തന്നെയാണ് തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന ഘടകമായി ബി ജെ പി നേതാക്കൾ ഉയർത്തികാട്ടുന്നത്. തങ്ങളുടെ ജോലി കൃത്യമായി ചെയ്‌ത ബി ജെ പി നേതാക്കൾ ബി ജെ പിയെ ബീഹാറിലെ ചോദ്യം ചെയ്യാനാവാത്ത ശക്തിയായി മാറ്റിയിരിക്കുകയാണ് എന്നതാണ് വാസ്‌തവം.