കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ എസ്.യു.വിയായ ടക്‌സൺ അതിന്റെ നാലാം തലമുറ വേരിയന്റ് നിരവധി പുതുമയോടെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതുക്കിയ ടക്‌സൺ അമേരിക്കൻ വിപണിയിൽ വൈകാതെ എത്തും. ടക്‌സണിൽ നിരവധി പുതുമകളാണ് ഹ്യുണ്ടായ് വരുത്തുന്നത്. എസ്ഇ,എസ്ഇഎൽ,ബ്ളൂ ഹൈബ്രിഡ്, ബ്ളൂ പ്ളഗ് ഇൻ ഹൈബ്രിഡ് വേരിയന്റുകളിലണ് ഇവിടെ ടക്‌സൺ ലഭ്യമാകുക. മിനുസമേറിയ റൂഫ്‌ലൈൻ, ബലമേറിയ ഫെൻഡേഴ്‌സ്, വശങ്ങളിലെ ഭംഗിയേറിയ വരകൾ, മുൻവശത്തെ മേൻമയേറിയ ഗ്രില്ലുകൾ എന്നിങ്ങനെ ഫീച്ചറുകൾ ടക്‌സണുണ്ട്.
പിൻവശത്തുമുണ്ട് ചില പുതുമകൾ.ബ്രേക്ക് ലൈറ്റുകളിലേക്ക് ലൈറ്റ്സ്‌ട്രിപ് ഘടിപ്പിച്ചിട്ടുണ്ട്. നഖത്തിന്റെ ആകൃതിയിൽ പ്രകാശിക്കുന്ന ബ്രേക്ക് ലൈറ്റുകൾ ശ്രദ്ധേയമായ ഭംഗി പിൻവശത്തിന് നൽകുന്നുണ്ട്. വിസ്‌താരമേറിയ ഡോർ ഡിസൈൻ, മുന്നിലെ ഡാഷ്‌ബോർഡിനും മികച്ച ഡിസൈനാണുളളത്. 10.25ഇഞ്ച് ഇൻഫോർടെയിൻമെന്റ് യൂണിറ്റും ഡിജിറ്റൽ ക്ളസ്‌റ്ററും ടക്‌സണുണ്ട്.
യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് മടക്കി നീക്കി വയ്‌ക്കാവുന്ന തരം സീറ്റുകളാണ് രണ്ടാം നിരയിലുളളത്. യാത്രക്കാരെ മാത്രമല്ല ലഗേജും പരമാവധി കൊളളിക്കാനാണ് ഈ ഫീച്ചർ.
സുരക്ഷയിലും ഒട്ടും മോശമല്ലാത്ത ഫീച്ചറുകളാണ് ടക്‌സണുളളത്. സ്‌മാർട്ട് ക്രൂയിസ് കൺട്രോൾ, കാൽനടക്കാരെ അറിയാൻ പെഡെസ്‌ട്രിയൻ ഡിറ്റക്‌ഷൻ, ബ്ളൈൻഡ് സ്പോട്ട് കോളിഷൻ അവോയിഡൻസ് സിസ്‌റ്റം എന്നിവയും ടക്‌സണിനുണ്ട്. ഹൈബ്രിഡ്, പ്ളഗ് ഇൻ ഹൈബ്രിഡ് ഓപ്‌ഷനുകളിൽ ലഭ്യമാക്കുന്ന ടക്‌സൺ വിവിധ രാജ്യങ്ങളിലെ വാഹന മാർക്കറ്റുകളിൽ ശ്രദ്ധയാകർഷിക്കുമെന്നാണ് ഹ്യുണ്ടായ് കണക്കുകൂട്ടുന്നത്.