കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിച്ചതിനെതിരെ നൽകിയ ഹർജികൾ മൂന്നാം തവണയും ഹൈക്കോടതി തളളി. 87ഓളം ഹർജികളാണ് വാർഡ് നിർണയത്തിനെതിരെ സമർപ്പിച്ചിരുന്നത്. ഹർജികളെല്ലാം കോടതി തളളിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ വന്ന ശേഷമാണ് ഹർജിക്കാർ കോടതിയെ സമീപിച്ചതെന്നും ഇതിൽ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികൾ തളളിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ ഒരേ സീറ്റുകൾ സംവരണ സീറ്റായി നിർണയിച്ച നടപടികൾക്കെതിരായാണ് ഹർജികൾ സമർപ്പിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതിനാൽ ഇനി വാർഡ് പുനർനിർണയം പ്രയാസമാണെന്ന് കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുൻപ് പാലായിലും കാലടിയിലും ഓരോ സീറ്റുകളിലെ സംവരണ സീറ്റ് നിർണയം പുനപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് മറ്റിടങ്ങളിലെ പരാതികളും കോടതിയിലെത്തിയത്.
ഇപ്പോഴത്തെ സംവരണതത്വങ്ങൾ അടിസ്ഥാനമാക്കി 65 ശതമാനം വാർഡുകളും സംവരണ വാർഡായി എന്നും അൻപത് ശതമാനത്തിലധികം സംവരണ വാർഡുകളാകുന്നത് സംവരണ മാനദണ്ഡത്തിന് എതിരാണെന്നും ഹർജിക്കാർ വാദിച്ചു.
വാർഡുകൾ സംവരണ വാർഡുകളാക്കുന്നതിലൂടെ പൊതുവിഭാഗത്തിന് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയാതെ വരുന്നത് അവസര നിഷേധമാണെന്ന് മുൻപ് ഹൈക്കോടതി ഉത്തരവുണ്ടെന്നും ഹർജിക്കാരുടെ വാദത്തിലുണ്ടായിരുന്നു.എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തളളി.