നടി ഗായത്രിഅരുണിനെ കാണുമ്പോൾ ഇപ്പോഴും ആളുകൾ ആദ്യം അന്വേഷിക്കുക,ഇനി എപ്പോഴാണ് അഭിനയിക്കുക എന്നാണ്. ഗൃഹസദസുകളുടെ പ്രിയങ്കരിയായിരുന്നഗായത്രി അരുൺ സീരിയലിൽ നിന്നും ഇടവേളയെടുത്തിട്ടും പ്രേക്ഷകരുടെപ്രിയങ്കരിയാണിപ്പോഴും. സീരിയലിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് ഗായത്രി മനസു തുറക്കുന്നു...
''കൊവിഡും ലോക്ക് ഡൗണുമൊക്കെയായി ആകെ വല്ലാത്തൊരു അവസ്ഥയിലായിരുന്നല്ലോ. ഒന്ന് പുറത്തേക്കിറങ്ങി, ചുറ്റി സഞ്ചരിച്ചു വന്നപ്പോൾനല്ലസന്തോഷം തോന്നുന്നുണ്ട്. പ്രകൃതിയൊക്കെ ആകെ ഒന്ന് റിഫ്രഷ് ആയതുപോലെ. എല്ലാവിധ മുൻകരുതലോടും കൂടി തന്നെയാണ് യാത്ര ചെയ്തത്. കേരളത്തിനകത്ത് തന്നെയായിരുന്നു യാത്ര നടത്തിയത്. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമുള്ള ആദ്യത്തെ യാത്രയാണ്. എങ്കിലും നന്നായിത്തന്നെ ആസ്വദിച്ചു.""
ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ ഊർജത്തിൽ ഗായത്രി അരുൺ സംസാരിച്ചു തുടങ്ങി.
''യാത്രകളോട് എനിക്കെന്നും വല്ലാത്ത കൊതിയാണ്. അഭിനയത്തിന് മുമ്പും ഒത്തിരി യാത്രകൾ ചെയ്തിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ലോക്ക്ഡൗൺ വന്നപ്പോൾ ആകെ മടുപ്പായത് യാത്രകൾ നടത്താൻ കഴിയില്ലല്ലോ എന്നോർത്തായിരുന്നു. ലോക്ക്ഡൗണിന് തൊട്ട് മുന്നേയും ഒരു ഉത്തരേന്ത്യൻ യാത്ര നടത്തിയിരുന്നുവെന്നതാണ് ആകെയുള്ള സന്തോഷം. എന്തൊക്കെയായാലും ഈ അവസ്ഥയെല്ലാം മാറി നമുക്കെല്ലാർക്കും പഴയതു പോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ കഴിയട്ടെയെന്നതാണ് ഇപ്പോഴത്തെ പ്രാർത്ഥന.""
'പരസ്പരം" എന്ന ഒറ്റ സീരിയലിലൂടെയാണ് ഗായത്രിയുടെ ജീവിതം മാറിയത്. പ്രതീക്ഷിക്കാത്ത സമയത്താണ് കാമറയ്ക്ക് മുന്നിലെത്തിയതെങ്കിലും, സീരിയലും സിനിമയും ആങ്കറിംഗുമൊക്കെയായി പല വേഷത്തിലും പ്രേക്ഷകർ പിന്നെ ഗായത്രിയെ കണ്ടു. ഇടയ്ക്കെല്ലാം കാമറയ്ക്ക് മുന്നിൽ ഇടവേളകളുമെടുത്തു. പക്ഷേ അപ്പോഴെല്ലാം സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാനും താരം മറന്നില്ല. കാരണം പ്രേക്ഷകർക്ക് അത്രയേറെ പ്രിയങ്കരിയാണ് അന്നും ഇന്നും ഗായത്രി.
ഞാൻ ഇവിടെത്തന്നെയുണ്ട്
നേരിൽ കാണുമ്പോൾ പലരും ചോദിക്കുന്നുണ്ട്, ഗായത്രി അഭിനയം ഉപേക്ഷിച്ചോ എന്ന്. ഒരിക്കലുമില്ല. ഞാൻ അവസാനം ചെയ്തത് ഒരു സിനിമയാണ്, മമ്മൂക്കാചിത്രം 'വൺ". ചിത്രത്തിന്റെ റിലീസിംഗ് കാത്തിരിക്കുന്ന സമയത്താണ് ലോക്ക്ഡൗൺ വന്നത്. സീന എന്നാണ് കഥാപാത്രത്തിന്റെ പേര്. ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് എന്റേത്. സീരിയലുകളെ ഉപേക്ഷിച്ചിട്ടൊന്നുമില്ല. നല്ല കഥാപാത്രം വന്നാൽ തീർച്ചയായും ചെയ്യും. അഭിനയത്തിലേക്ക് വന്നത് പോലും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. ഒരു മാദ്ധ്യമസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെയാണ് 'പരസ്പര"ത്തിന്റെ കഥ കേൾക്കുന്നത്. സ്കൂൾ കാലഘട്ടത്തിലൊക്കെ അഭിനയം പാഷനായിരുന്നു. ഒന്ന് രണ്ട് ഓഡിഷനൊക്കെ പോയിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. സിനിമയിൽ അഭിനയിക്കുക എന്നത് വലിയ സ്വപ്നം ആയി മനസിൽ തന്നെ കിടന്നു. അതിനിടയിൽ പഠിത്തം, ജോലി, കല്യാണം ഒക്കെയായി ജീവിതം വേറൊരു വഴിക്കും പോയി. അതിനൊക്കെ ശേഷം പഴയ ആ മോഹം സംഭവിച്ചുവെന്നത് എനിക്കും അതിശയം തന്നെയാണ്. ഇതുവരെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങളൊക്കെ ഇങ്ങോട്ടേക്ക് വന്നതാണ്. ഒന്നും തേടി പോയിട്ടില്ല.
ഇടവേള അനിവാര്യമായിരുന്നു
ദീപ്തി ഐ.പി.എസിനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഇപ്പോഴുമുണ്ട്. അതുപോലുള്ള വേഷങ്ങൾ ചെയ്യണമെന്നാണ് എന്നെ കാണുമ്പോഴൊക്കെ പ്രായമായ അമ്മമാർ പറയുന്നത്. ആ സമയത്തെ നായികമാരിൽ ഏറെ വ്യത്യസ്തയായിരുന്നു ദീപ്തി. വളരെ ബോൾഡായിട്ടുള്ളതും അതേ സമയം കുടുംബിനിയുമായിട്ടുമുള്ള കഥാപാത്രം. ഇപ്പോഴും എന്നെ ദീപ്തി എന്നു വിളിക്കുന്നവരുണ്ട്. നല്ലൊരു കഥാപാത്രത്തെ തുടക്കത്തിൽ തന്നെ അഭിനയിക്കാൻ കിട്ടിയതിൽ സന്തോഷമുണ്ട്. പിന്നീട് വന്ന കഥാപാത്രങ്ങളേറെയും ദീപ്തിയുടെ നിഴലുള്ളവയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇടവേള എടുത്തതും. പിന്നെ, തുടരെ തുടരെ അഭിനയിക്കണമെന്ന ആഗ്രഹവും എനിക്കില്ല. വ്യത്യസ്തമായ വേഷം ചെയ്യാനാണ് ഇനി താത്പര്യം. നല്ല ഓഫറുകൾ വന്നാൽ തീർച്ചയായും ചെയ്യും. പിന്നെ സീരിയലാകുമ്പോൾ കുടുംബത്തെ വല്ലാതെ മിസ് ചെയ്യും. മകളുടെ കുട്ടിക്കാലത്തിന്റെ അഞ്ചു വർഷം എനിക്ക് നഷ്ടമായി. ആ വിഷമം ഇപ്പോഴും മാറിയിട്ടില്ല. സീരിയലാകുമ്പോൾ ലോംഗ് ടേം കമ്മിറ്റ്മെന്റ് ആയിപ്പോകും. അതുകൊണ്ടാണ് സീരിയലുകളിൽ നിന്ന് ഇടവേളയെടുത്തത്.
അവധിക്കാലം കൂടുതൽ ആക്ടീവായി
ലോക്ക് ഡൗൺ എല്ലാവരെയും പോലെ ആദ്യമൊക്കെ എനിക്കും ബോറിംഗ് തന്നെയായിരുന്നു. കുട്ടികൾക്ക് സ്കൂൾ തുറക്കാത്തതാണല്ലോ പ്രധാന പ്രശ്നം. ആ സമയത്ത് അവരെ എങ്ങനെ എന്റർടെയ്മെന്റ് ചെയ്യിക്കാമെന്നതായിരുന്നു പ്രധാന ചിന്ത. അങ്ങനെയാണ് അത്തരത്തിലുള്ള കുറേ വീഡിയോസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. യോഗ സീരിയസായി ചെയ്യാൻ തുടങ്ങിയെന്നതാണ് ലോക്ക് ഡൗണിലുണ്ടായ പ്രധാന മാറ്റം. ഒരു മാസ്റ്ററിന്റെ കീഴിൽ തന്നെ യോഗ ചെയ്തു തുടങ്ങി. മോൾക്ക് ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ പിന്നെ സമയം തികയാതെയായി. എന്നാലും വീട്ടിലെല്ലാർക്കും കൂടി ഒരുമിച്ചിരിക്കാൻ കഴിയുന്നതിന്റെ സന്തോഷം തീർച്ചയായുമുണ്ട്.
ഇന്നും പഴയ അതേ ഗായത്രി
അഭിനയ രംഗത്തേക്ക് വന്നതുകൊണ്ട് ജീവിതം മാറിയെന്ന് കരുതുന്ന ആളല്ല ഞാൻ. ഇപ്പോഴും പഴയ അതേ ഗായത്രി തന്നെയാണ്. എന്റെ ഫ്രണ്ട്സൊക്കെ അത് പറഞ്ഞ് കളിയാക്കാറുണ്ട്, സോഷ്യൽ മീഡിയ പേജിലൊക്കെ ഒരു ബ്ലൂ ടിക്ക് ഉണ്ടെന്നേയുള്ളൂ. അതല്ലാതെ ഒരു മാറ്റവും എനിക്കില്ലെന്ന്. പഴയ പോലെ യാത്ര ചെയ്യാറുണ്ട്, ഷോപ്പിംഗ് നടത്താറുണ്ട്... ആൾക്കാർ തിരിച്ചറിയുമെന്നുള്ളതുകൊണ്ട് മുഖം മറച്ച് പുറത്തേക്ക് ഇറങ്ങാം എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. അതെല്ലാം ഒരു ഭാഗ്യമല്ലേ. പിന്നെ, പ്രേക്ഷകർക്ക് നമ്മളോടുള്ള ഇഷ്ടം തിരിച്ചറിയാൻ കഴിയുന്നതും നേരിൽ കാണുമ്പോഴല്ലേ. ചിലരൊക്കെ വന്ന് വിശേഷങ്ങൾ ചോദിക്കും, സെൽഫി എടുക്കും, വീട്ടിലേക്ക് ക്ഷണിക്കും. അതൊക്കെ സന്തോഷം തന്നെയല്ലേ. ആദ്യമൊക്കെ കുറച്ച് ചമ്മലായിരുന്നു. സെലിബ്രിറ്റിയായ കാര്യം ഞാൻ മാത്രം തിരിച്ചറിയാത്ത പോലെയായിരുന്നു അന്നത്തെ അവസ്ഥ.
യോഗയാണ് പുതിയ സന്തോഷം
മേക്കോവർ എന്ന് പറയാനൊന്നും ഇല്ല. ഫോൺ മാറ്റിയെന്നതാണ് പ്രധാന മാറ്റം, ഇപ്പോഴത്തെ കാമറയ്ക്ക് നല്ല തെളിച്ചമുണ്ട്. (ചിരിക്കുന്നു). മാറ്റത്തെ കുറിച്ച് പറഞ്ഞാൽ ഇപ്പോൾ കുറച്ച് മെലിഞ്ഞിട്ടുണ്ട്. യോഗ തുടങ്ങിയെന്ന് പറഞ്ഞിരുന്നല്ലോ. അതനുസരിച്ച് ജീവിതരീതിയിലും മാറ്റം വന്നു. അല്ലാതെ മറ്റ് സീക്രട്ടുകളൊന്നുമില്ല. ഡയറ്റിംഗൊന്നും കാര്യമായി പരീക്ഷിക്കാത്ത ആളാണ് ഞാൻ. തുടങ്ങിയാലും അധികം ദിവസം പിടിച്ചു നിൽക്കാൻ പറ്റാറില്ല. ലോക്ക് ഡൗൺ ആയപ്പോൾ ഭക്ഷണത്തിൽ കാര്യമായ നിയന്ത്രണമൊന്നുമില്ലാതെ വന്നപ്പോഴാണ് യോഗ തുടങ്ങിയത്. എന്തായാലും ഇപ്പോൾ പുതിയ ഫോട്ടോസൊക്കെ പോസ്റ്റ് ചെയ്യാൻ ആത്മവിശ്വാസം കിട്ടി. സോഷ്യൽ മീഡിയയിൽ സജീവമാണ്. തുടക്കകാലത്ത് സൈബർ ആക്രമണങ്ങളൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ ഇപ്പോൾ പാർട്ട് ഓഫ് ദി ഗെയിം ആയി മാറിയില്ലേ. അന്ന് കേസ് കൊടുത്തു. പിന്നീടും ഇതുപോലെ പ്രശ്നമായപ്പോൾ പേജിലൂടെ തന്നെ റിയാക്ട് ചെയ്ത അവസരങ്ങളുമുണ്ടായിട്ടുണ്ട്. ഇപ്പോൾ നെഗറ്റീവ് കമന്റുകൾ വരുന്നത് അപൂർവമാണ്. വന്നാലും ശ്രദ്ധ നൽകില്ല. വെറുതേ നമ്മുടെ സമയം സന്തോഷവും നഷ്ടമാകും.
തിരഞ്ഞെടുപ്പുകൾ ഇങ്ങനെ
കഥാപാത്രങ്ങൾ ഒത്തിരിയൊന്നും ചെയ്യാത്തതുകൊണ്ട് അങ്ങനെ കാര്യമായി തിരഞ്ഞെടുപ്പുകളൊന്നും വേണ്ടി വന്നിട്ടില്ല. 'പരസ്പരം" വന്നപ്പോൾ അതിലെ കഥാപാത്രം ഹിന്ദിയിൽ കണ്ട് പരിചയമുണ്ടായിരുന്നു. പിന്നെ ഏഷ്യാനെറ്റിലേക്കാണ് ക്ഷണിക്കുന്നത്. അതുരണ്ടും മതിയായിരുന്നു സമ്മതമറിയിക്കാൻ. ഏറ്റവും പുതിയ ചിത്രം 'വൺ" ആണെങ്കിലും ബോബി -സഞ്ജയ് സ്ക്രിപ്ടാണ്, മമ്മൂക്ക ചിത്രമാണ്. ഇത് രണ്ടും മതിയല്ലോ ചെയ്യാൻ. ഒരു സാധാരണ പ്രേക്ഷകയായിട്ടിരുന്നാണ് ഞാൻ കഥ കേൾക്കുന്നത്. ആ കഥാപാത്രം എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചാൽ തീർച്ചയായും ചെയ്യും.
സന്തോഷം, സമാധാനം
ഞാൻ നല്ല കൂളാണ്. ഓരോ നിമിഷവും സന്തോഷിച്ച് ഇരിക്കാനാണ് ഇഷ്ടം. ജീവിതത്തെ ടെറിബിൾ ആക്കാൻ ഇഷ്ടമല്ല. ലോക്ക്ഡൗണിനെ പോലും ഞാനിപ്പോൾ പൊസീറ്റീവായിട്ടാണ് കാണുന്നത്. കുടുംബത്തോടൊപ്പം കൂടുതലായിട്ട് സമയം ചെലവഴിക്കാൻ പറ്റി, യോഗ പഠിക്കാൻ പറ്റി, ഇതൊക്കെ നല്ല കാര്യങ്ങളല്ലേ. എന്റെ ഏറ്റവും വലിയ ശക്തി കുടുംബം തന്നെയാണ്. അത് കഴിഞ്ഞേ കരിയർ വരുന്നുള്ളൂ. ജീവിതത്തെക്കുറിച്ച് പ്രത്യേകിച്ച് പ്ലാനിംഗ് ഒന്നുമില്ല. ചെയ്യുന്ന കാര്യങ്ങളോട് നീതി പുലർത്തുക, നല്ല തീരുമാനങ്ങളെടുക്കുക ഇതൊക്കെ തന്നെയാണ് ജീവിതം. ഭർത്താവ് അരുൺ, ബിസിനസാണ്. മകൾ കല്യാണി, അഞ്ചിൽ പഠിക്കുന്നു. അരുണിന്റെ അച്ഛനും അമ്മയും കൂടെയുണ്ട്. എന്റെ വീട്ടിൽ അമ്മയും സഹോദരനുമാണ്. അച്ഛൻ അടുത്തിടെയാണ് ഞങ്ങളെ വിട്ടുപോയത്.