തിരുവനന്തപുരം: തലസ്ഥാനത്തെ ഫ്ളാറ്റിൽ പതിവായി നടക്കുന്ന ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരുടെ രഹസ്യവിരുന്നിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനും പങ്കെടുക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. അന്യസംസ്ഥാനക്കാരായ സീനിയർ ഐ എ എസ് ഉദ്യോഗസ്ഥർക്ക് മുൻതൂക്കമുളള വിരുന്നിൽ ഭരണ രഹസ്യങ്ങൾ ചർച്ചചെയ്യുന്നു എന്ന് വ്യക്തമായതാണ് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം. ഇതേത്തുടർന്ന് കഴിഞ്ഞദിവസം വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച മുഖ്യമന്ത്രി സർക്കാർ ഫയലുകളിൽ നിന്നുളള വിവരങ്ങൾ ചോരരുതെന്ന് ആവശ്യപ്പെടുകയും ഇത്തരം കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥനുമായുളള വഴിവിട്ട ബന്ധം പാടില്ലെന്ന ശക്തമായ താക്കീത് നൽകുകയും ചെയ്തു. സർക്കാരിനെ തകർക്കാനുളള ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ റോയിലെ ഉദ്യോഗസ്ഥനാണ് വിരുന്നിൽ പങ്കെടുത്തത്. ഇതിലൂടെയാണ് സ്വപ്ന സുരേഷും ശിവശങ്കറുമായുളള ബന്ധവും ലൈഫ് പദ്ധതിയുടെ വിശദാംശംങ്ങളും കേന്ദ്ര ഏജൻസികൾക്ക് ചോർന്നുകിട്ടിയതെന്നാണ് ഇന്റലിജൻസ് അന്വേഷണത്തിൽ വ്യക്തമായത്.
അടുത്തിടെ സർവീസിൽ നിന്ന് വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധമുളള വ്യവസായിയുടെ വഴുതയ്ക്കാട്ടെ ഫ്ളാറ്റിലാണ് ഐ എ എസുകാർ ഒത്തുകൂടുന്നത്. കുറേക്കാലമായി ഈ ഒത്തുകൂടൽ നടക്കുകയായിരുന്നു. ശിവശങ്കറിനോട് താത്പര്യം ഇല്ലാത്തവരാണ് ഇവിടത്തെ വിരുന്നിനെത്തിരുന്നത്. അതിനാൽത്തന്നെ സ്വർണക്കടത്തുകേസിൽ സ്വപ്നസുരേഷും ശിവശങ്കറുമായുളള ബന്ധം വിരുന്നിൽ ചർച്ചയാവുകയും വിവരം കേന്ദ്ര ഏജൻസികൾക്ക് ചോർന്നുകിട്ടിയതെന്നാണ് കരുതുന്നത്. ഇതിനൊപ്പം പ്രതിപക്ഷത്തിനും വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.
സ്വർണക്കടത്ത്, ലൈഫ് പദ്ധതിയിലെ കോഴ തുടങ്ങിയവയിൽ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിച്ചിരിക്കെ, നിർണായക വിവരങ്ങൾ ചോരുന്നത് സർക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്