തിരുവനന്തപുരം : ഒരു താമര പോലും വിടരുവാൻ പ്രയാസമുള്ള കാലാവസ്ഥയെന്ന് കരുതിയിരുന്ന ത്രിപുരയിൽ താമരപ്പാടമൊരുക്കിയാണ് ബിപ്ലവ് കുമാർ ദേവ് വിപ്ലവ പാർട്ടിയെ രാജ്യത്ത് ഒരു തരി കനലാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം ബീഹാർ തിരഞ്ഞെടുപ്പിലും നിതീഷ് കുമാർ തകർന്നടിഞ്ഞിട്ടും മുന്നണിയെ സർക്കാരുണ്ടാക്കാനുള്ള പ്രാപ്തിയിലെത്തിച്ചത് ബി ജെ പിയുടെ മികവ് ഒന്നുകൊണ്ട് മാത്രമാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ മറ്റിടങ്ങളിലും മുന്നേറ്റമുണ്ടാക്കാൻ ബി ജെ പിക്ക് കഴിയുകയും ചെയ്തു.
ഇതിൽ തെലങ്കാനയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തിലും അട്ടിമറി ജയം നേടാനായത് ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് നേട്ടമായി. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ വിജയങ്ങളിൽ ആഘോഷിക്കാൻ മാത്രമേ കേരളത്തിൽ പാർട്ടിക്ക് കഴിയുന്നുള്ളു എന്നാണ് ബി ജെ പിയിൽ വിശ്വാസമർപ്പിക്കുന്ന അണികളുടെ വിലാപം. അനുകൂല സാഹചര്യമുണ്ടെങ്കിലും അതൊന്നും വോട്ടായി മാറ്റുവാൻ ബി ജെ പിക്ക് കഴിയാത്തത് നേതൃത്വത്തിലെ ചരടുവലികളും, തമ്മിലടിയുമാണെന്നാണ് ഇവരുടെ പക്ഷം.
വോട്ടു കൂടിയിട്ടും ജയിക്കാനാവുന്നില്ല
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നേടുന്ന വോട്ട് ശതമാനത്തിലെ വർദ്ധന കൊണ്ട് തൃപ്തിയടയുകയാണ് കേരളത്തിൽ ബി ജെ പി. വോട്ട് ശതമാനം വർദ്ധിക്കുമ്പോഴും ജയിക്കാനാവുന്നില്ല എന്നതാണ് പാർട്ടിയെ കുഴക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി നേമത്തിൽ നിന്നും വിജയിച്ച് അക്കൗണ്ട് തുറന്നെങ്കിലും ഇനിയും സംസ്ഥാന രാഷ്ട്രീയത്തിൽ കരുത്ത് കാണിക്കുവാൻ ബി ജെ പിക്ക് കഴിയുന്നില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം അനുകൂല സാഹചര്യം പാർട്ടിക്കുണ്ടാക്കിയെങ്കിലും, നേട്ടം കൊയ്തത് യു ഡി എഫായിരുന്നു. തെരുവിൽ തല്ലുകൊണ്ടത് ബി ജെ പിയും ജയിച്ച് കയറിയത് യു ഡി എഫും എന്ന അവസ്ഥയിലായിരുന്നു അന്ന് കാര്യങ്ങൾ.
ശോഭകെടുത്തുന്ന നേതാക്കൾ
ലോക്സഭയിലടക്കം ഒരു സീറ്റിൽ നിന്നും ജയിച്ച് പാർട്ടിക്ക് നേട്ടമുണ്ടാക്കുന്നില്ലെങ്കിലും കേന്ദ്ര നേതൃത്വത്തിന് എന്നും തലവേദനയാണ് കേരളത്തിലെ നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ. അധികാരം കിട്ടുന്നതിന് മുൻപേ അടികൂടുന്ന നേതാക്കൾ എന്ന വികാരം പൊതുജനങ്ങളിലേക്കെത്തുന്നതും പാർട്ടിക്ക് ദോഷമാകുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ മാദ്ധ്യമങ്ങളിലൂടെ പരസ്യമായി വിഴുപ്പലക്കിയ ഉപാദ്ധ്യക്ഷൻ ശോഭാ സുരേന്ദ്രന്റെ വാക്കുകൾ പാർട്ടിക്ക് തിരിച്ചടിയാണ്. സംസ്ഥാന നേതൃത്വം വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്ന പരാതി ശോഭയെ പോലെ കൂടുതൽ നേതാക്കൾക്ക് ഉണ്ടെങ്കിലും പരസ്യമായി പ്രതികരിച്ച ഒന്ന് രണ്ട് നേതാക്കളുടെ പ്രവർത്തിയോട് പാർട്ടി കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്.
അതിഥികളായെത്തുന്നവർ കാര്യക്കാർ
കേരളത്തിൽ പാർട്ടിയെ വേരുറപ്പിക്കുവാൻ ത്യാഗങ്ങൾ സഹിച്ചവരെ മൂലയ്ക്കിരുത്തി, മറ്റു പാർട്ടികളിൽ നിന്നും ബി ജെ പിയിലെത്തുന്നവർക്ക് പരവതാനി വിരിക്കുന്ന കേന്ദ്രത്തിന്റെ നടപടിയിലും സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് വിഷമമുണ്ട്. അണികളും സമാനമായ ദു:ഖമാണ് പങ്കുവയ്ക്കുന്നത്. അടുത്തിടെ പാർട്ടിയിലെത്തിയ എ പി അബ്ദുള്ളക്കുട്ടി, ടോം വടക്കൻ, അൽഫോൻസ് കണ്ണന്താനം എന്നിവർക്ക് കിട്ടിയ ഉന്നത പദവികളിൽ ഇവർ അസംതൃപ്തരാണ്. അടുത്തിടെ മുതിർന്ന നേതാവായ പി എം വേലായുധൻ ഇത്തരമൊരു വേദന പരസ്യമായി പങ്കുവച്ചിരുന്നു.
ശക്തമായ ന്യൂനപക്ഷ വോട്ടുബാങ്ക് യു എഡി എഫിനും എൽ ഡി എഫിനും അനുകൂലമായി നിലനിൽക്കുന്നതും സംസ്ഥാനത്ത് ബി ജെ പിയുടെ മുന്നേറ്റത്തിന് തടയിടുന്നുണ്ട്. അതിനാൽ തന്നെ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന നിലയിലേക്ക് നേതാക്കൾ എത്തിയെങ്കിൽ മാത്രമേ കേരളത്തിൽ ബി ജെ പിക്ക് നേട്ടം കൊയ്യാനാവു.