തൊട്ടയൽപക്കത്തുനിന്ന് ഗുഡ്മോണിംഗ് കേൾക്കേണ്ടിവരാത്ത മനോഹരമായ ജീവിതം എന്ന് ഇരവിമംഗലം ഗ്രാമത്തെക്കുറിച്ച് സുകുമാർ അഴീക്കോട് എഴുതിയിട്ടുണ്ട്. സ്നേഹവും സൗഹൃദവും ബന്ധങ്ങളുമെല്ലാം ആത്മാർത്ഥതാശൂന്യമായ പ്രഹസനമായിത്തീരുന്നതിനെക്കുറിച്ചാണ് അഴീക്കോടിന്റെ ആത്മകഥയിലെ ഈ പരാമർശം. ആത്മാർത്ഥത മാത്രമല്ല, സുതാര്യതയും കടങ്കഥയാവുന്ന കാലമാണിത്.
വായുമണ്ഡലത്തിലൂടെ ഭൂമിയെ വിമാനമാർഗം ഒന്നു ചുറ്റിവരാൻ 45 മണിക്കൂർ മതിയാവും. 1959ൽ മനുഷ്യ നിർമ്മിത പേടകം ചന്ദ്രനിൽ ആദ്യം എത്തിയത് 34 മണിക്കൂർ കൊണ്ടാണ്. മനുഷ്യരുമായി പോയപ്പോൾ നാല് ദിവസവും ആറ് മണിക്കൂറും വേണ്ടിവന്നു. എന്നാൽ, ഒരു മനുഷ്യനിൽനിന്ന് തൊട്ടടുത്തുള്ള മറ്റൊരു മനുഷ്യനിലേക്കെത്താൻ എത്ര മണിക്കൂർ വേണ്ടിവരുമെന്ന് നിശ്ചയമില്ല. ആയുസുകൾ പിന്നിട്ടാലും എത്തിക്കൊള്ളണമെന്നുമില്ല. അതാണ് സുതാര്യതയില്ലായ്മ ചൊരിയുന്ന ഇരുട്ടിന്റെ ആഴം.
ഉളുപ്പ് എന്നൊരു വാക്ക് മലയാളത്തിലുണ്ട്. പകരം വയ്ക്കാനില്ലാത്ത വാക്കാണത്. ലോകത്തിലെ മറ്റേതെങ്കിലും ഭാഷയിൽ അതിനു തുല്യമായ വാക്കുണ്ടോ എന്നറിയില്ല. ഉണ്ടാവാനിടയില്ല. കാരണം അതൊരു സാംസ്‌കാരിക പദമാണ്. അത് ലവലേശമില്ലാതെ മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന നേതാക്കളെയും അധികാരികളെയും കാണുമ്പോൾ സാമാന്യ മര്യാദ രക്തത്തിലോടുന്ന ഏതൊരാൾക്കും അലർജിയുണ്ടാകും. സഖാവ് പി.കൃഷ്ണപിള്ളയുടെയും എ.കെ.ജി.യുടെയും ഇ.എം.എസിന്റെയും അച്ചുതമേനോന്റെയും കെ.ആർ.ഗൗരിയമ്മയുടെയും വി.സ്.അച്യുതാനന്ദന്റെയുമെല്ലാം ജീവിതം വെയിലത്തുവച്ച പുന്നെല്ലു പോലെ സുതാര്യമായിരുന്നു. ആർ.ശങ്കർ, പട്ടം താണുപിള്ള, എ.കെ.ആന്റണി, ഒ.രാജഗോപാൽ തുടങ്ങിയവരുടെ ജീവിതവും കൺമുമ്പിൽ കാണാം. പുതിയ കാലത്തെ നയിക്കുന്ന നേതാക്കളിൽ എത്ര പേരുടെ ജീവിതം സുതാര്യമാണെന്ന് ആലോചിച്ചുനോക്കാം. സാമാന്യബോധമുള്ള ഏതൊരാൾക്കും പേടി തോന്നും. അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രംപിന്റെ ജീവിതത്തിനുപോലും കുറെ സുതാര്യതയുണ്ട്. അത്രപോലുമില്ലാ
പതിറ്റാണ്ടുകൾക്കു മുമ്പ് നോവലിസ്റ്റ് സി.രാധാകൃഷ്ണൻ പറഞ്ഞത് ഓർമ്മവരുന്നു. അന്ന് ഇതെഴുതുന്നയാൾ പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നു. ശിവഗിരിയിലെ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സി.രാധാകൃഷ്ണൻ. ഭൂഖണ്ഡങ്ങളെല്ലാം അടുക്കുകയും മനുഷ്യർ ഭൂഖണ്ഡങ്ങളെക്കാൾ അകലുകയും ചെയ്യുന്ന സ്ഥിതിയെക്കുറിച്ചായിരുന്നു അദ്ദേഹം അന്ന് സംസാരിച്ചത്. ദശാബ്ദങ്ങൾക്കുശേഷം ഇതെഴുതുമ്പോൾ ഭയചകിതൻമാത്രമല്ല, ആശങ്കിതനുമാണ് ഇതെഴുതുന്നയാൾ. ഒട്ടും സുതാര്യമല്ലാതായിത്തീർന്ന ഒരു കാലം. ആരെയാണ് വിശ്വസിക്കേണ്ടത് ? ആരാണ് നയിക്കേണ്ടത് ? ആരാണ് നമ്മെ ഭരിക്കേണ്ടത്? ഒന്നിനും ഉത്തരമില്ല. നയിക്കേണ്ടവരും ഭരിക്കേണ്ടവരും പഠിപ്പിക്കേണ്ടവരുമെല്ലാം വഴിപിഴയ്ക്കുന്നു.
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ആകൃതിയില്ലാത്തതും ശൂന്യവുമായിരുന്നു. ഇരുട്ട് ആഴത്തിനുമേൽ പരന്നിരുന്നു. ദൈവചൈതന്യം ജലോപരിതലത്തിൽ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്ന് ദൈവം കണ്ടു. ദൈവം വെളിച്ചത്തെ ഇരുട്ടിൽനിന്ന് വേർതിരിച്ചു. വെളിച്ചത്തിനു പകലെന്നും ഇരുട്ടിനു രാത്രിയെന്നും ദൈവം പേരു വിളിച്ചു. സന്ധ്യയായി; ഉഷസായി;ഒന്നാംദിവസം.- ഭൂമിയുടെ ഉത്പത്തിയെക്കുറിച്ച് ബൈബിൾ പഴയനിയമത്തിൽ ഇത് വായിക്കുമ്പോൾ മറന്നുപോകാൻ പാടില്ലാത്ത ഒരു ശാസ്ത്രസത്യമുണ്ട്. ആഴത്തിനുമേൽ ഇരുൾമൂടിയതായിരുന്നു ഈ ഭൂമിയെന്ന്. അതിനെ വെളിച്ചമുള്ളതാക്കാനാണ് ദൈവവും മനുഷ്യരും നിരന്തരം ശ്രമിച്ചുപോന്നത്. എന്നാൽ, വെളിച്ചം ദുഃഖമാണെന്നും തമസാണ് സുഖപ്രദമെന്നും മഹാകവി അക്കിത്തത്തിനു പറയേണ്ടിവന്ന കാലത്തിന്റെ തുടർച്ചയിലാണ് നാം ജീവിക്കുന്നത്. വെളിച്ചം സുതാര്യതയുടെ പ്രതിരൂപമാണ്.
ഭൂമിദേവിക്ക് അവിഹിതബന്ധത്തിൽ പിറന്ന നരകാസുരൻ ഭൂമിക്കു മാത്രമല്ല, സ്വർഗ്ഗത്തിനും പാതാളത്തിനുംകൂടി ശല്യമായപ്പോൾ മഹാവിഷ്ണുവും ഇന്ദ്രനും ഗരുഡനും ചേർന്ന് നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഹ്ലാദം പങ്കിടുന്ന ആഘോഷമാണ് ദീപാവലി. രാവണനിഗ്രഹത്തിനുശേഷം സീതാസമേതനായി അയോദ്ധ്യയിലെത്തിയ ശ്രീരാമനു പട്ടാഭിഷേകം നടത്തിയതിന്റെ ഓർമ്മയ്ക്കായാണ് ദീപാവലി ആഘോഷമെന്നും ഐതിഹ്യമുണ്ട്. ഇന്ത്യയിൽ പലയിടത്തും വേറെ ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അവയെല്ലാം വിരൽചൂണ്ടുന്നത് ഇരുട്ടിനെ ഉന്മൂലനം ചെയ്ത് വെളിച്ചം പ്രസരിപ്പിക്കുന്ന പുണ്യത്തിലേക്കുതന്നെ.
സമൂഹത്തിന് ദോഷം വരുത്തുന്ന കാര്യങ്ങൾ ഒളിവിൽ ചെയ്യുക, അതിന് കൃത്യമായ സ്വകാര്യ താത്പര്യം ഉണ്ടായിരിക്കുക, അതെല്ലാം മറച്ചുവച്ച് ഞാൻ നിലാവാണെന്ന് സമൂഹത്തിനു മുന്നിൽ നടിക്കുക, അതിനെയാണ് സുതാര്യതയില്ലായ്മ എന്ന് പറയേണ്ടിവരുന്നത്. അത് പൗരന്റെ നിയമാനുസൃതമായ സ്വകാര്യതയുമായി ബന്ധപ്പെട്ടതല്ല .ഏതൊരു ജീവജാലത്തിനും, പരമാണുവിനും അതിന്റെ സ്വകാര്യതയുണ്ടാവും. സ്വകാര്യതയുള്ളതുകൊണ്ടാണ് പരമാണു, പരമാണുവായി നിലനിൽക്കുന്നതും മനുഷ്യൻ വ്യക്തിത്വമുള്ളവനായി മാറുന്നതും. നമ്മുടെ കാലത്ത് ഇതല്ല സംഭവിക്കുന്നത്. സമൂഹമദ്ധ്യത്തിൽ നിന്നുകൊണ്ട് ഒളിവുജീവിതം നയിക്കുന്നവരാണ് നമ്മെ നയിക്കാൻ ഒരുമ്പെടുന്നത്. അതാണ് പുതിയ കാലം നേരിടുന്ന ദുര്യോഗം ..
മതാതീതമായിത്തന്നെ നല്ല കാര്യങ്ങൾക്കെല്ലാം ദീപം തെളിയിക്കുക എന്ന ചടങ്ങുണ്ട്. പുറത്തു കൊളുത്തിയ വെളിച്ചം ഉള്ളിലും നിറയട്ടെ എന്നാണ് പ്രാർത്ഥന. വീണ്ടും ഒരു ദീപാവലി എത്തുകയാണ്. ഇരുട്ടിനെ അകറ്റി, അഥവാ ഇരുട്ടിൽ നിന്ന് വെളിച്ചത്തെ വേർതിരിച്ചെടുക്കുന്ന ആഘോഷമാണത്. നവംബർ 14നാണ് ഇക്കൊല്ലം ദീപാവലി. ."അല്ലാഹു നൂറുസ്സമാവാത്തി വൽ അർദ് "- അല്ലാഹു സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും വെളിച്ചമാകുന്നു- എന്നാണ് ഖുറാനിൽ പറയുന്നത്. ആ വെളിച്ചം തന്നെയാണ് ദീപാവലിനാളിലും നിറയുന്നത്. ദൈവം മനുഷ്യമാനസങ്ങളിൽ ദീപം കൊളുത്തുകയാണ്. അത് പുറത്തെടുത്ത് കെടാതെ മറ്റുള്ളവർക്കും വഴികാട്ടുകയാണ് മാനവദൗത്യം. അങ്ങനെ ഒരു കാലം വന്നാൽ വെളിച്ചം ദുഃഖമാണുണ്ണീ എന്ന് വിലപിക്കേണ്ടിവരില്ല.