eee

വെറും ഹാസ്യചിത്രങ്ങൾ എന്നതിലപ്പുറം അടിക്കുറിപ്പുകൾ, സംഭാഷണങ്ങൾ എന്നിവകൂടി ചേർന്ന് നാം ഇന്ന് കാണുന്ന കാർട്ടൂണുകൾക്ക് സമാനമായ രൂപത്തിലേയ്‌ക്ക് കാരിക്കേച്ചറുകൾക്ക് മാറ്റം വന്നുതുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. പണ്ട് ബ്രിട്ടീഷ് കോളനിയായിരുന്ന അമേരിക്കയുടെ ദേശീയസമരത്തിൽ നിർണായക പങ്കുവഹിച്ചത് ഇത്തരം ചിത്രങ്ങളിലൊന്ന് ആയിരുന്നു. പരസ്‌പരം കലഹിക്കുന്ന അമേരിക്കയിലെ ബ്രിട്ടീഷ് കോളനികളെക്കുറിച്ച് 1754 മെയ് 9 ന് പെൻസിൽവേനിയ ഗസറ്റിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനൊപ്പം ജോയിൻ ഓർ ഡൈ എന്ന തലക്കെട്ടിൽ എട്ടുകഷണങ്ങളായി മുറിഞ്ഞുകിടക്കുന്ന ഒരു പാമ്പിന്റെ ചിത്രം കൂടി ഉണ്ടായിരുന്നു.എട്ടു കോളനികളെയായിരുന്നു കഷണങ്ങളായി ചിത്രീകരിച്ചിരുന്നത്. ഒരു പാമ്പിനെ കഷണങ്ങളാക്കി കൃത്യമായി ചേർത്തുവച്ചാൽ സൂര്യൻ അസ്‌തമിക്കും മുമ്പ് അതിന് ജീവൻ തിരിച്ചുകിട്ടും എന്ന് ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കിയായിരുന്നു ആ ചിത്രം. കോളനികൾ ഒന്നിച്ചുനിന്നാൽ അമേരിക്ക എന്ന പാമ്പിന് ജീവൻ കിട്ടുമെന്ന് വ്യംഗ്യമായി സൂചിപ്പിച്ച ആ ചിത്രം പിന്നീട് പല പത്രങ്ങളും പുനഃപ്രസിദ്ധീകരിച്ചു. പെൻസിൽവേനിയ ഗസറ്റിന്റെ പത്രാധിപരായിരുന്ന ബഞ്ചമിൻ ഫ്രാങ്ക്ളിൻ വരച്ച ഈ ചിത്രം അമേരിക്കയിലെ ആദ്യരാഷ്ട്രീയ കാർട്ടൂൺ ആയാണ് പരിഗണിക്കുന്നത്. ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ കാർട്ടൂണും ഇതുതന്നെ ആയിരിക്കും. ജനങ്ങളുടെ മനസിൽ തങ്ങിനിൽക്കുന്ന പഴങ്കഥകളും പാട്ടുകളും സിനിമാ സംഭാഷണങ്ങളും പരസ്യവാചകങ്ങളുമൊക്കെ ബന്ധപ്പെടുത്തി നിലവിലെ രാഷ്ട്രീയ സാഹചര്യം ബന്ധിപ്പിച്ച് വായനക്കാരോട് ആശയവിനിമയം നടത്തുന്ന ഈ രീതി ഇന്ന് ജനപ്രിയ കാർട്ടൂണിൽ മാത്രമല്ല, ഇന്റർനെറ്റ് ട്രോൾ പേജുകളിലെ മീമുകളിലൂടെയും തുടർന്ന് വരുന്നു.

നാടകവേദികളിൽ നിന്ന് കാരിക്കേച്ചർ രംഗത്ത് പ്രവേശിച്ച ജയിംസ് ഗിൽറേ (James Gillray,1757-1815) തന്റെ കാരിക്കേച്ചറുകൾക്കൊപ്പം രസകരമായ സൂത്രവാക്യങ്ങളും എഴുതുമായിരുന്നു.ഈ രീതി പരക്കെ സ്വീകാര്യമാകുകയും മറ്റ് കാരിക്കേച്ചർ കലാകാരന്മാർ പിന്തുടരുകയും ചെയ്തു.ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും രാജാക്കന്മാരും കുടുംബാംഗങ്ങളും ഗിൽറേയുടെ കാരിക്കേച്ചറുകളിൽ കഥാപാത്രങ്ങളായി. ജെയിംസ് ഗിൽറേ വരച്ച ഹാസ്യചിത്രങ്ങൾ ആധുനിക കാർട്ടൂണുകളോട് ഏറ്റവും അടുത്തുനിൽക്കുന്നവയായിരുന്നു.

ഫ്രഞ്ച് രാജാവായിരുന്ന ലൂയി പതിനാറാമന്റെ ഭാര്യ മേരി അന്റോണിയറ്റിന്റെ ആർഭാടജീവിതവും ധൂർത്തും അക്കാലത്തെ ഫ്രഞ്ച് കാർട്ടൂണിസ്റ്റുകളുടെ ഇഷ്‌ടവിഷയമായിരുന്നു. വിമർശനങ്ങളിൽ സഹികെട്ട് ലൂയി പതിനാറാമൻ കാർട്ടൂണുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്തു. ഫ്രഞ്ചുവിപ്ലവത്തിനു ശേഷം അധികാരികളുടെ അപ്രീതിയ്ക്ക് പാത്രമാവാതിരിക്കാൻ പല ഹാസ്യചിത്രകാരന്മാരും തങ്ങളുടെ രചനകളിൽ പേരുവച്ചിരുന്നില്ല.

ഇന്ന്, ആക്ഷേപഹാസ്യത്തിലൂന്നിയ വിമർശനങ്ങളുടെ നവമാധ്യമരൂപമായ ട്രോളുകളുടേയും ഇന്റർനെറ്റ് മീമുകളുടേയും സ്രഷ്‌ടാക്കൾ പലപ്പോഴും അജ്ഞാതനാമത്തിലോ വ്യാജനാമത്തിലോ തുടരുന്നത് ഇതേ കാരണത്താലാകാം.

ഫ്രാൻസിൽ 1830ൽ ചാൾസ് ഫിലിപ്പോൺ (1806-1862) ലാകാരിക്കേച്ചർ (La Caricature) എന്ന പേരിൽ ആദ്യത്തെ ഹാസ്യമാസിക ആരംഭിച്ചതോടെ വിനോദചിത്രകലയിൽ ഒരു പുതിയ യുഗം പിറന്നു. ചക്രവർത്തിയായ ലൂയി ഫിലിപ്പിന്റെ മുഖം വികൃതമായി വരച്ച ചിത്രം പ്രസിദ്ധീകരിച്ചതിന് ഫിലിപ്പോണിന് കോടതി കയറേണ്ടിവന്നു. ഹാസ്യമാസികയിൽ വരച്ചിരുന്ന ഹോണോറെ ദോമിയെ (Honore Daumier,1808-1879) എന്ന ചിത്രകാരൻ തടവിലാക്കപ്പെട്ടു. ഇന്നു നാം കാർട്ടൂണുകളിൽ കാണുന്ന പോലുള്ള സംഭാഷണങ്ങൾ ചിത്രത്തിനു താഴെ എഴുതുന്ന രീതി കൊണ്ടുവന്നത് ദോമിയേ ആയിരുന്നു. കടുത്ത രാഷ്ട്രീയ വിമർശനമുൾക്കൊള്ളുന്ന ദോമിയേയുടെ ചിത്രങ്ങൾ ജനങ്ങളിൽ വിപ്ലവചിന്തയുണർത്താൻ പോന്നതായിരുന്നു. സെൻസറിംഗ് പ്രശ്‌നങ്ങളാൽ ലാ കാരിക്കേച്ചർ അടച്ചുപൂട്ടേണ്ടി വന്നെങ്കിലും രണ്ടുവർഷം കഴിഞ്ഞ് ഫിലിപ്പോൺ ലെകാരിവാരി എന്ന പേരിൽ ഒരു നർമ്മദിനപ്പത്രം തന്നെ തുടങ്ങി.

നേരത്തെ തന്നെ ഇംഗ്ലണ്ടിൽ നർമ്മമാസികകൾ ഉണ്ടായിരുന്നെ എങ്കിലും ഫിലിപ്പോണിന്റെ വിജയത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് 1841ൽ പഞ്ച് മാസിക ആരംഭിക്കുമ്പോൾ സ്ഥാപകനായ ഹെന്റി മേഹ്യൂ (Henry Mayhue) അതിനെ വിശേഷിപ്പിച്ചത് ലണ്ടൻ കാരിവാരി എന്നാണ്.

ഫിലിപ്പോൺ ഇറ്റലിയിൽ ചെയ്തുകൊണ്ടിരുന്ന സാമൂഹ്യവിമർശനരീതി പിന്തുടർന്ന പഞ്ചിന്റെ ആദ്യമുഖചിത്രം വരച്ചത് രേഖാചിത്രകാരനായിരുന്ന റിച്ചാർഡ് ഡോയൽ (Richard Doye,1824-1883) )ആയിരുന്നു. ഹാസ്യചിത്രങ്ങൾക്ക് കാർട്ടൂൺ എന്ന് വിളിപ്പേര് നൽകിയത് ലോകകാർട്ടൂണിനുതന്നെ ഏറെ പ്രചോദനം നൽകിയ പഞ്ച് മാസികയാണ്. കടലാസ് എന്നർത്ഥമുള്ള കാർട്ടോൺ (Cartone) എന്ന ഇറ്റാലിയൻ പദത്തിൽ നിന്നുമാണ് കാർട്ടൂൺ എന്ന പദത്തിന്റെ ഉത്ഭവം. വലിയ കാൻവാസ്, തുണി എന്നിവയിലേയ്‌ക്ക് പകർത്തും മുമ്പ് പെയിന്റിംഗുകളുടെയും മറ്റു അലങ്കാരമാതൃകകളുടേയും മാതൃകകളായി തയ്യാറാക്കുന്ന അപൂർണമായ പ്രാഥമികരേഖാചിത്രങ്ങൾ അക്കാലത്ത് കാർട്ടൂൺ എന്ന് അറിയപ്പെട്ടിരുന്നു.1843 കാലത്ത് പഞ്ച് അവരുടെ രാഷ്ട്രീയവിമർശനചിത്രങ്ങൾക്ക് കാർട്ടൂൺ എന്ന തലവാചകം നൽകിത്തുടങ്ങി. പ്രസിദ്ധീകരണത്തിന്റെ പ്രശസ്‌തി നിമിത്തം ആ പുതുമ ഏവർക്കും സ്വീകാര്യമായി മാറി.