കാത്തിരുന്ന് കിട്ടിയ വലിയ മീനിനെ ആ കൊക്ക് ഒറ്റയടിക്ക് വിഴുങ്ങി. എന്നാൽ, അല്പം കഴിഞ്ഞപ്പോൾ വിഴുങ്ങിയ മീൻ കൊക്കിന്റെ വയറും തുളച്ച് പുറത്തേക്കുവന്നു. പക്ഷേ, അതൊന്നും കൂസാതെ വയറിൽ നിന്ന് പുറത്തേക്കുവന്ന മീനുമായി ആ കൊക്ക് പറന്നുപോയി... സിനിമയിലെ ഒരു രംഗമാണിതെന്ന് കരുതിയെങ്കിൽ തെറ്റി. അമേരിക്കയിൽ മെരിലാൻഡിലെ വന്യജീവി സങ്കേതത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. വന്യജീവി ഫോട്ടോഗ്രാഫറായ സാം ഡേവിഡാണ് ഈ അത്യപൂർവ ചിത്രം പകർത്തി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ചിത്രം ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്.
വന്യമൃഗങ്ങളുടെ ചിത്രമെടുക്കാനാണ് സാം ഡേവിഡ് എത്തിയത്. ഒന്നുരണ്ട് ചിത്രമെടുത്തുകഴിഞ്ഞപ്പോഴാണ് കഴുത്തിൽ ചുറ്റിയ പാമ്പുമായി നിൽക്കുന്ന കൊക്കിനെ കണ്ടത്. ഇരയായി പിടിച്ചപ്പോൾ പാമ്പ് കൊക്കിന്റെ കഴുത്തിൽ ചുറ്റിയതാണെന്നാണ് കരുതിയത്. എന്തായാലും കൗതുകം തോന്നിയതിനാൽ ചിത്രങ്ങൾ പകർത്തി. അതോടെ കൊക്ക് പറന്നുപൊങ്ങി. അതിന്റെ ചിത്രവും പകർത്തി.
വീണ്ടും മറ്റുചില വന്യജീവികളുടെ കൂടി ചിത്രം പകർത്തിയശേഷം സാം വീട്ടിലെത്തി. അന്നെടുത്ത ചിത്രങ്ങൾ വിശദമായി പരിശോധിക്കുന്നതിനിടെയാണ് കൊക്കിന്റെ കഴുത്തുഭാഗത്ത് കണ്ടത് പാമ്പല്ലെന്നും സ്നേക്ക് ഈൽ വിഭാഗത്തിൽപ്പെട്ട മത്സ്യമാണെന്നും വ്യക്തമായത്. മാത്രമല്ല, കൊക്കിന്റെ വയർ തുളച്ച് മത്സ്യം തൂങ്ങിക്കിടക്കുകയാണെന്നും വ്യക്തമായി.ഇതുകണ്ടതോടെ ശരിക്കും അമ്പരന്നുപോയെന്നാണ് സാം പറയുന്നത്.
പാവത്താനാണെങ്കിലും സ്നേക്ക് ഈലിനെ ജീവനോടെ അകത്താക്കുന്നവർക്ക് മരണമായിരിക്കും ഫലം. അവയുടെ മൂർച്ചയേറിയ വാലുകളാണ് വിഴുങ്ങിയവരുടെ ജീവനെടുക്കുന്നത്. മൂർച്ചയേറിയ വാലുകൾ ഉപയോഗിച്ച് മണൽത്തിട്ടകൾ തുരന്ന് നദിയോട് ചേർന്നുളള ചെളിനിറഞ്ഞ പ്രദേശത്താണ് ഈലുകൾ കഴിയുന്നത്. മരണത്തിൽ നിന്ന് രക്ഷപ്പെടാനുളള വെപ്രാളത്തിൽ സ്നേക്ക് ഈൽ വാലുകൊണ്ട് ഇരയാക്കിയ ജീവികളുടെ ശരീരം തുളച്ച് പുറത്തേക്കുവരുകയും ആ ജീവി മരണത്തിന് കീഴടങ്ങുകയും ചെയ്യും. ഇങ്ങനെ കൊക്കിന്റെ വയർ തുരന്ന് ഈൽ പുറത്തേക്ക് വരുന്ന ചിത്രമാണ് സാം പകർത്തിയത്.