ഫ്ലോറിഡ: മേയ് മാസത്തിലെ വിജയകരമായ ദൗത്യത്തിന് ശേഷം നാല് ബഹിരാകാശ യാത്രികരെ കൂടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുത്ത് സ്‌പേസ് എക്‌സ്. നാസയിൽ നിന്നുള്ള മൂന്ന് പേരും, ഒരു ജാപ്പനീസ് ബഹിരാകാശ യാത്രികനുമാണ് സംഘത്തിലുള്ളത്. ശനിയാഴ്ചയാണ് വിക്ഷേപണം നടത്തുക .
'നാല് ബഹിരാകാശയാത്രികരുമായി സ്‌പേസ് എക്‌സ് റോക്കറ്റ് ശനിയാഴ്ച (നവംബർ 14) രാത്രി 7:49 ന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കും. അമേരിക്കൻ ബഹിരാകാശയാത്രികരായ മൈക്കൽ ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാനൻ വാക്കർ, ജാപ്പനീസ് ബഹിരാകാശയാത്രികൻ സോചി നൊഗുചി എന്നിവരാണ് സംഘത്തിലുള്ളത്'-നാസ അറിയിച്ചു.
ഏകദേശം എട്ട് മണിക്കൂറുകൊണ്ടാണ് സ്‌പേസ് എക്‌സ് റോക്കറ്റ് ബഹിരാകാശ നിലയത്തിലേക്ക് എത്തുക.തുടർച്ചയായി മനുഷ്യ ബഹിരാകാശ വിക്ഷേപണം അമേരിക്കൻ മണ്ണിൽ നടത്തുന്നതിൽ അഭിമാനമുണ്ടെന്ന് നാസ അഡ്മിനിസ്‌ട്രേറ്റർ ജിം ബ്രിഡെൻസ്റ്റൈൻ പറഞ്ഞു.അടുത്ത ദൗത്യം 2021മാർച്ചിൽ ഉണ്ടായേക്കുമെന്നും അധികൃതർ പറഞ്ഞു.
രണ്ട് ബഹിരാകാശയാത്രികരെ മേയ് മാസത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും, ഓഗസ്റ്റിൽ തിരിച്ച് ഭൂമിയിലേക്കും വലിയ പ്രശ്‌നങ്ങളൊന്നും കൂടാതെ കൊണ്ടുപോയ, സ്‌പെയ്‌സ് എക്‌സ് വികസിപ്പിച്ചെടുത്ത ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂൾ സുരക്ഷിതമാണെന്ന് നാസ ചൊവ്വാഴ്ച ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിരുന്നു.
2011 ല്‍ സ്‌പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തിയതിന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ നിന്ന് ആദ്യമായാണ് അമേരിക്ക മേയിൽ ബഹിരാകാശ നിലയത്തിലേക്ക് ഗവേഷകരെ അയച്ചത്. അതുവരെ റഷ്യയുടെ സോയൂസ് പേടകത്തിലായിരുന്നു അമേരിക്കന്‍ ഗവേഷകരുടേയും സഞ്ചാരം.