bevco

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വൻ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തുന്നു. ബെവ്‌ക്യൂ ആപ്പ് മറയാക്കി ബാറുകളിൽ കച്ചവടം തകൃതിയായി നടക്കുമ്പോഴാണ് ബെവ്‌കോ ഔട്ട്‌ലെ‌റ്റുകൾക്ക് ദുർഗതി. ബിയറും ജനപ്രിയ ബ്രാൻഡായ ജവാനും അടക്കമുളളവ സംസ്ഥാനത്തെ ഔട്ട്ലെ‌റ്റുകളിൽ കിട്ടാനില്ലാത്തതാണ് ഉപഭോക്താക്കളെ ബാറുകളിലേക്ക് ആകർഷിക്കാൻ കാരണമാകുന്നത്.

ബെവ്കോയുടെ സഹായം കൂടാതെ എക്സൈസ് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണയും ബാറുകൾക്ക് കിട്ടുന്നുണ്ടെന്നാണ് ആക്ഷേപം. മദ്യത്തിന്റെ സ്റ്റോക്ക് കഴിയുന്നതിനനുസരിച്ച് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് സ്റ്റോക്ക് എടുക്കാമെങ്കിലും ബെവ്ക്യൂ ആപ്പ് പാളുകയും ഉപഭോക്താക്കൾ ബാറുകളിലേക്ക് മാറുകയും ചെയ്തതോടെ സ്റ്റോക്ക് എടുക്കുന്ന കാര്യത്തിൽ ബെവ്കോ മെല്ലെപ്പോക്ക് ആരംഭിക്കുകയായിരുന്നു. അതോടെ ഏറ്റവുമധികം വിറ്റുപോയിരുന്ന മദ്യം പല ഒൗട്ട്‌ലെറ്റുകളിലും കിട്ടാതായി.

ബാറുകളിൽ പാഴ്‌സൽ സൗകര്യം സർക്കാർ അനുവദിക്കുക കൂടി ചെയ്തതോടെ ബെവ്കോയെ ഉപഭോക്താക്കൾ ഏറെക്കുറെ കൈയൊഴിഞ്ഞു. വെയർഹൗസിൽ നിന്ന് മദ്യം അനുവദിക്കുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ കൊടുക്കേണ്ട പെർമിറ്റ് ബാർ പ്രതിനിധികൾ തന്നെ എഴുതുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പലയിടത്ത് നിന്നും ഉയർന്നുവരുന്നുണ്ട്. ലോഡ് എടുത്ത് കൊണ്ടുപോയാൽ അതിറക്കുന്നത് എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ആകണമെന്ന ചട്ടവും പലയിടത്തും പാലിക്കപ്പെടുന്നില്ല. എക്സൈസ് പരിശോധന കുറഞ്ഞത് സംസ്ഥാനത്തെ ബാറുകളിൽ വൻ ക്രമക്കേടുകൾക്കാണ് വഴിയൊരുക്കുന്നത്.