പുരുഷൻമാർക്കെന്താണ് സൗന്ദര്യം കൂടിയാൽ, സ്ത്രീകൾക്കുമാത്രമേ സൗന്ദര്യസംരക്ഷണം പാടുള്ളോ. അല്ലേയല്ല, സമയവും ക്ഷമയുമുണ്ടെങ്കിൽ ആൺമുഖത്തിലും തിളക്കം കൂട്ടാം.
ചർമ്മ സംരക്ഷണത്തിന്
ശരീര സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ് ചർമസംരക്ഷണം.സ്ത്രീ ചർമത്തെക്കാൾ പുരുഷ ചർമത്തിന് ദൃഢത കൂടുതലാണ്. പുരുഷന്മാരുടെ ശരീരത്തിൽ എണ്ണയുടെ അളവും കൂടുതലായിരിക്കും. അതിനാൽ തന്നെ സ്ത്രീകൾ ഉപയോഗിക്കുന്ന സൗന്ദര്യ സംരക്ഷണ വഴികൾ പുരുഷന്മാർക്ക് ഫലം ചെയ്യില്ല. ചർമ്മം സംരക്ഷിക്കാൻ ഇങ്ങനെ ചെയ്യാം.
ഷേവിംഗ് എന്ന കടമ്പ
പുരുഷൻമാരെ സംബന്ധിച്ച് ഷേവിംഗ് ദിനചര്യയുടെ ഭാഗമാണ്. ഷേവ് ചെയ്യും മുമ്പ് ഷേവിംഗ് ജെല്ലോ/ ക്രീമോ ഉപയോഗിക്കണം. മുടി ഏത് ദിശയിലേക്ക് ആണോ വളർന്നിരിക്കുന്നത് ആ ദിശയിലേക്ക് തന്നെ ഷേവ് ചെയ്യണം. ഷേവിംഗിന് ശേഷം ആഫ്റ്റർ ഷേവ് ലോഷനുകൾ ഉപയോഗിക്കണം. ഷേവിംഗിന് ശേഷം മുഖത്തെ സൂക്ഷ്മസുഷിരങ്ങൾ തുറക്കപ്പെടുമെന്നതിനാൽ പൊടിപടലങ്ങൾ അടിച്ച് കയറാനും മുഖക്കുരു ഉണ്ടാവാനുമുള്ള സാദ്ധ്യത വലുതാണ്. ഹെർബൽ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നതും വളരെ നല്ലതാണ്. വരണ്ടു കീറിയ ചർമ്മം ഇല്ലാതാക്കാൻ കാഠിന്യം കുറഞ്ഞ മോയ്സ്ചറൈസിംഗ് ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്. മുഖചർമ്മത്തിന് ഫ്രഷ് ലുക്ക് നൽകാൻ ഇതു സഹായിക്കും. സ്വന്തം ചർമ്മത്തിനനുസരിച്ചുള്ള ക്രീമുകൾ മാത്രം ഉപയോഗിക്കണമെന്നത് മറക്കാതിരിക്കുക.