കോട്ടയം: ഇരുപതുകാരിയായ യുവതിയുമായി ഒളിച്ചോടിയ 58 കാരനായ പാസ്റ്റർ പൊലീസ് പിടിയിൽ. ചാമംപതാൽ മാപ്പിളക്കുന്നേൽ എം സി ലൂക്കോസ് (58) ആണ് പിടിയിലായത്. പിതാവ് ഒരു സ്ത്രീയുമായി ഒളിച്ചോടിയെന്ന മക്കളുടെ പരാതിയെ തുടർന്നാണ് മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കറുകച്ചാൽ എസ്.ഐ ബോബി ഇന്നലെ പൊൻകുന്നത്തു നിന്നാണ് യുവതിയെയും പാസ്റ്ററെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസമാണ് മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി പാസ്റ്റർ നാടുവിട്ടത്. യുവതിയെ കാണാതായതോടെ യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടയിലാണ് പാസ്റ്ററുടെ മക്കളും പരാതി നല്കിയത്. ആറുമാസം മുമ്പ് പാസ്റ്റർ യുവതിയുടെ വീട്ടിൽ പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു. എന്നാൽ, പിന്നീട് പാസ്റ്റർ രാത്രികാലങ്ങളിൽ യുവതിയുമായി ഫോണിൽ നിരന്തരം ബന്ധപ്പെടുകയും പ്രണയത്തിലാവുകയുമായിരുന്നു.
വീട്ടുകാർ മകൾക്ക് വിവാഹാലോചനകൾ നടത്തി വരുന്നതിനിടയിലായിരുന്നു പാസ്റ്റർ യുവതിയുമായി പ്രേമത്തിലായത്. വീട്ടുകാർ വിവാഹം കഴിപ്പിച്ച് അയക്കുമെന്ന് ഉറപ്പായതോടെ യുവതി പാസ്റ്ററുടെ ബൈക്കിൽ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ഒക്ടോബർ 27ന് പാസ്റ്റർ മുണ്ടക്കയം ബസ് സ്റ്റാന്റഡിലെത്തി. കൈയിൽ പണമില്ലാതിരുന്നതിനാൽ രണ്ടുപേരുടെയും മൊബൈൽ ഫോണുകൾ വിറ്റു. തുടർന്ന് ബൈക്കിൽ തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു. കമ്പത്തെത്തി ഒരു ലോഡ്ജിൽ മുറിയെടുത്തു. ഇതിനിടയിൽ പാസ്റ്ററെ കാണാതായതോടെ വിശ്വാസികളും രംഗത്ത് എത്തിയിരുന്നു. യുവതിയുമായി പാസ്റ്റർ ഒളിച്ചോടിയതാണെന്ന് വിശ്വസിക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ, മക്കൾക്കും ഭാര്യക്കും പാസ്റ്ററിൽ സംശയമുണ്ടായിരുന്നു.
ലോഡ്ജിൽ നൽകാൻ വാടകയ്ക്ക് പണം ഇല്ലാതിരുന്നതിനെ തുടർന്ന് ബൈക്ക് വിറ്റു. ആ പണവും തീർന്നതോടെ നാട്ടിലേക്ക് ഇരുവരും തിരിച്ചുവരികയായിരുന്നു. പൊൻകുന്നത്ത് എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് കറുകച്ചാൽ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജുകളിലാണ് താമസിച്ചിരുന്നതെന്ന് പാസ്റ്റർ പൊലീസിനോട് പറഞ്ഞു.