ചെന്നൈ: ഒരു കോമഡി സിനിമയുടെ മികച്ച തിരക്കഥ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചാൽ എങ്ങനെയിരിക്കും? അങ്ങനെയൊരു സംഭവം തമിഴ്‌നാട്ടിൽ നടന്നിരിക്കുകയാണ്. സിനിമ നിർമ്മിക്കാനായി ആടുകളെ മോഷ്‌ടിച്ച് അച്ഛനെ സഹായിച്ച രണ്ട് സഹോദരന്മാരാണ് തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ താരങ്ങൾ.
ന്യൂ വാഷർമെൻപേട്ടിലെ നിരഞ്ജൻ കുമാർ (30), സഹോദരൻ ലെനിൻ കുമാർ (32) എന്നിവരാണ് കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി ആടുകളെ മോഷ്‌ടിച്ചത്. തുടർച്ചയായ മോഷണങ്ങൾക്ക് ശേഷം മാധവരം പൊലീസ് ശനിയാഴ്ച ഇവരെ അറസ്‌റ്ര് ചെയ്‌തു. മോഷ്‌ടിച്ച ആടുകളെ വിറ്റ് പ്രതിദിനം കുറഞ്ഞത് 8,000 രൂപയെങ്കിലും ശേഖരിക്കാൻ സഹോദരന്മാർക്ക് കഴിഞ്ഞിരുന്നു.
വിജനമായ ഗ്രാമപ്രദേശങ്ങളായ ചെങ്കൽപേട്ട്, മാധവരം, മിഞ്ചൂർ, പൊന്നേരി എന്നിവിടങ്ങളിൽ നിന്നാണ് ഇരുവരും പാടങ്ങളിൽ മേയുന്ന ആടുകളെ മോഷ്‌ടിച്ചിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ വളരെ ജാഗ്രതയോടെയാണ് സഹോദരന്മാർ കഴിഞ്ഞ മൂന്ന് വർഷവും പ്രവർത്തിച്ചത്.
ഒക്ടോബർ 9ന് മാധവരത്ത് നിന്നും സഹോദരന്മാർ ഒരു ആടിനെ മോഷ്‌ടിച്ചിരുന്നു. ഇതേ തുടർന്ന് ആടിന്റെ ഉടമസ്ഥൻ പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് സഹോദരങ്ങളെ കണ്ടെത്താനായത്. സഹോദരന്മാർ ഒരു കാറിൽ വന്നാണ് മോഷണം നടത്തിയതെന്ന് വ്യക്തമായെങ്കിലും വാഹനത്തിന് രജിസ്ട്രേഷൻ നമ്പർ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അന്വേഷണം വേണ്ട രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനായില്ല.
പൊലീസ് അന്വേഷണത്തിൽ പ്രദേശത്തെ നാട്ടുകാർക്ക് പതിവായി ഒരു ആടിനെ നഷ്‌ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ജാഗ്രത പാലിക്കാൻ പൊലീസ് സിവിൽ വസ്ത്രത്തിൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഒടുവിൽ ഉറങ്ങി കിടക്കുന്ന മറ്റൊരു ആടിനെ മോഷ്‌ടിക്കാൻ സഹോദരന്മാർ ശ്രമിച്ചപ്പോൾ പൊലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരുവരുടെയും പിതാവ് വിജയ് ശങ്കർ തന്റെ മക്കളെ നായകനാക്കി ‘നീ താൻ രാജ’ എന്ന പേരിൽ ഒരു ചിത്രം നിർമ്മിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെട്ടപ്പോൾ ഇരുവരും പിതാവിനെ സഹായിക്കാൻ ആടുകളെ മോഷ്‌ടിക്കാൻ ഇറങ്ങുകയായിരുന്നു. ഒരുപാട് ആടുകളുളള സ്ഥലം നോക്കിയാണ് ഇരുവരും നിരന്തരം മോഷണം നടത്തിയിരുന്നത്. കൂട്ടത്തിൽ ഒന്നിനെ നഷ്‌ടപ്പെട്ടാൽ ആരും പരാതിപ്പെടില്ലെന്ന വിശ്വാസമാണ് കഴിഞ്ഞ മൂന്ന് വർഷവും തുടർച്ചയായി ആട് മോഷണത്തിന് ഇവരെ പ്രേരിപ്പിച്ച ഘടകം.