vijay

ചെന്നൈ: സിനിമ താരങ്ങൾ രാഷ്‌ട്രീയ പ്രവേശനം നടത്തുന്നതും മുഖ്യമന്ത്രിമാരാകുന്നതുമൊന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയ കാര്യമല്ല. തമിഴ്നാട്ടിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമ താരങ്ങളുടെ അത്തരം രാഷ്‌ട്രീയ വാർത്തകൾ ഇപ്പോൾ നാം കാണുന്നുമുണ്ട്.

നടി ഖുശ്‌ബു കോൺഗ്രസ് പദവി രാജിവച്ച് ബിജെപിയിലെത്തിയതും രജനീകാന്തിന്റെ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപന അഭ്യൂഹ വാർത്തകളും കമൽഹാസൻ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമെല്ലാം ഇത്തരത്തിലുള‌ള വാർത്തകളാണ്. ഇവയിൽ ശ്രദ്ധേയമായ ഒന്നായിരുന്നു നടൻ വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശന വാർത്ത. വിജയ് ഉടൻ രാഷ്‌ട്രീയത്തിലിറങ്ങുമെന്ന് അച്ഛൻ എസ്.എ ചന്ദ്രശേഖർ ആഴ്‌ചകൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു.എന്നാൽ എന്തുവന്നാലും ബിജെപിയ്‌ക്കൊപ്പം പോകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിൽ വിജയെ എം.ജി.ആറായി ചിത്രീകരിക്കുന്ന പോസ്‌റ്ററുകളും ഇറങ്ങിയിരുന്നു.

ഇപ്പോൾ രാഷ്‌ട്രീയ പ്രവേശന വിഷയത്തിൽ പിതാവുമായി വിജയ്‌ക്കുള‌ള അഭിപ്രായ ഭിന്നതയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. തന്റെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കത്തിന്റെ യോഗം വിളിച്ചുകൂട്ടിയ വിജയ് അച്ഛന്റെ പാർട്ടിയുമായി സഹകരിക്കരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇ.സി.ആറിലെ ഗസ്‌റ്റ്ഹൗസിലാണ് യോഗം ചേർന്നത്. മധുരയിൽ വിജയ് ഫാൻസ് യോഗംകൂടി ചന്ദ്രശേഖറിന്റെ പാർട്ടിയുമായി സഹകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് ഒന്നും പറയേണ്ടെന്ന് ആവശ്യപ്പെട്ടിട്ടും അച്ഛൻ കേൾക്കാത്തതിനാൽ വിജയ് അച്ഛനുമായി അഞ്ച് വർഷത്തോളമായി പിണക്കത്തിലാണ്. ഇതിനിടെയാണ് ചന്ദ്രശേഖർ വിജയ് ഫാൻസ് അസോസിയേഷനെ രാഷ്‌ട്രീയ പാർട്ടിയായി അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്നപേരിൽ രജിസ്‌റ്റർ ചെയ്യാൻ ശ്രമമാരംഭിച്ചത്. ഈ പാർട്ടിയുമായി സഹകരിക്കരുതെന്നാണ് വിജയ് ഇപ്പോൾ ആവശ്യപ്പെടുന്നത്.