ലോകത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളെ നിർണയിക്കുന്ന കൊവിഡ് മഹാമാരിയുടെ കാലത്തെ തിരഞ്ഞെടുപ്പ് ഏതൊരു രാഷ്ട്രീയ പാർട്ടിക്കും നേതാവിനും അഗ്നിപരീക്ഷയാണ്. ആ അഗ്നി പരീക്ഷയുടെ ആദ്യഘട്ടത്തിൽ വിജയക്കൊടി പാറിച്ചിരിക്കുന്നു നരേന്ദ്രമോദിജിയും എൻ.ഡി.എയും.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുഫലവും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ജനമനസിൽ നരേന്ദ്രമോദിക്കുള്ള സ്വാധീനമാണ് ആവർത്തിച്ചുറപ്പിക്കുന്നത്. ബീഹാർ നിയമസഭയും രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന 59ൽ 41 സീറ്റുകളും ബി.ജെ.പിക്കൊപ്പം നിന്നു. ഇന്ത്യൻ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ മനസിലാക്കാൻ എക്സിറ്റ് പോളുകൾക്ക് കഴിയില്ലെന്ന് വീണ്ടും തെളിഞ്ഞു. കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗണിലേക്ക് പോയപ്പോൾ മുന്നൊരുക്കമില്ലാത്ത നീക്കം രാജ്യത്തെ വൻ ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് വിമർശിച്ചവരാണ് പ്രതിപക്ഷം. ജീവിതമാർഗം നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്കാണ് ബീഹാറിലേക്കുണ്ടായത്.
അന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്രമോദി എന്ന പരിണതപ്രജ്ഞനായ നേതാവ് പറഞ്ഞു, ഈ വെല്ലുവിളി നമ്മൾ മറികടക്കും. ബീഹാറിലെ തെലിഹറിൽ പ്രധാനമന്ത്രി തുടക്കമിട്ട ഗരീബ് കല്യാൺ റോജ്ഗർ അഭിയാൻ ഒരുപക്ഷേ ലോകത്തിന് തന്നെ മാതൃകയായ പദ്ധതിയായിരുന്നു. 50,000 കോടി രൂപയുടെ പദ്ധതി തൊഴിൽ നഷ്ടമായവർക്ക് ജന്മനാട്ടിൽ 125 ദിവസത്തെ തൊഴിലുറപ്പ് നൽകി. ബീഹാറിലെ 32 ജില്ലകളിലെ ദരിദ്രരായ മനുഷ്യരുടെ ജീവിതത്തിൽ ഈ പദ്ധതി പുതിയ പ്രകാശം പരത്തി .
രാജ്യത്തെ 80 കോടി പാവങ്ങൾക്ക് കേന്ദ്രസർക്കാർ റേഷൻ അനുവദിച്ചപ്പോൾ മുഖ്യഗുണഭോക്താക്കളിലൊന്ന് ബീഹാറായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന, ഗ്രാമീണ സടക് യോജന ഇങ്ങനെ കേന്ദ്രത്തിന്റെ കരുതൽ അറിഞ്ഞു ബീഹാർ. ഈ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദിജി ബീഹാറിനെ വികസിത സംസ്ഥാനമാക്കുമെന്ന് നിതീഷ് കുമാർ ഉറച്ചുപറഞ്ഞത്. അനുഭവങ്ങളുടെ വെളിച്ചത്തിൽ ജനം അത് വിശ്വസിച്ചപ്പോൾ എൻ.ഡി.എയ്ക്ക് അവർ ഭരണത്തുടർച്ച നൽകി.
വികസനം, സ്വാശ്രയത്വം, ഉറച്ച ലക്ഷ്യബോധം, സത്യസന്ധത, ദീർഘവീക്ഷണം ഇവയായിരിക്കണം വോട്ടർമാരെ നയിക്കേണ്ടതെന്ന് മോദിജി ഓർമിപ്പിച്ചു. മൂന്നു ദശാബ്ദത്തിനിടെ ബീഹാറിലെ യഥാർത്ഥ ജീവിതപ്രശ്നങ്ങൾ ചർച്ചയാക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കുറി. രാജ്യത്തെ ചെറുപ്പക്കാർ പ്രതീക്ഷയർപ്പിക്കുന്നത് നരേന്ദ്രമോദിയിലാണ്.
പ്രധാനമന്ത്രിക്ക് പുറമേ ജെ.പി .നദ്ദജിയും രാജ്നാഥ് സിംഗ്ജിയുമാണ് ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച കേന്ദ്രനേതാക്കൾ. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ യാഥാർത്ഥ്യത്തിലൂന്നിയ വാഗ്ദാനങ്ങളാണ് ബി.ജെ.പി ബീഹാറിലെ ജനങ്ങൾക്ക് നൽകിയത്. അതുകൊണ്ടാണ് മികച്ച നേട്ടത്തിലേക്കെത്താൻ ഭാരതീയ ജനതാ പാർട്ടിക്കായത്.
തുടർച്ചയായി ഭരിക്കുമ്പോൾ സ്വാഭാവികമായുണ്ടാകാവുന്ന ഭരണവിരുദ്ധവികാരം നിതീഷ്കുമാറിനെതിരെ കുറച്ചൊക്കെ ഉണ്ടായി എന്നത് വസ്തുതയാണ്. അത് മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചത് നരേന്ദ്രമോദി എന്ന നേതാവിലുള്ള ജനങ്ങളുടെ വിശ്വാസം മൂലമാണ്.
നിതീഷ് കുമാറെന്ന മികച്ച മുഖ്യമന്ത്രിക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണ കൂടിയുണ്ടെങ്കിൽ ബീഹാറിന്റെ മുഖം മാറുമെന്നതിൽ തർക്കമില്ല. ചുരുങ്ങിയ നാളുകൾക്കൊണ്ട് ബീഹാറിന് വന്ന മാറ്റമാണ് അതിന് തെളിവ്.
ലാലു ഭരണകാലത്ത് ജന്മനാട്ടിൽ ഉന്നതവിദ്യാഭ്യാസമെന്നത് ബീഹാറിലെ കുട്ടികൾക്ക് അപ്രാപ്യമായിരുന്നെങ്കിൽ ഇന്ന് ഐ.ഐ.ടികളും എയിംസും നാഷണൽ ലാ യൂണിവേഴ്സിറ്റിയും മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും അവിടെ തലയുയർത്തി നിൽക്കുന്നു. നളന്ദ സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസത്തിന് വിദേശ വിദ്യാർത്ഥികൾ പോലുമെത്തുന്നു. ലാലുവിന്റെ കാലത്ത് മാഫിയകളുടെ തലസ്ഥാനമായിരുന്ന പട്ന ഇന്ന് വികസനക്കുതിപ്പിലാണ്. കഴിഞ്ഞ മൂന്നുവർഷം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തിക വളർച്ചാനിരക്ക് ദേശീയ ശരാശരിക്കും മുകളിലെത്തി. മുഖ്യഘടകകക്ഷിയായ ജെ.ഡി.യുവിനെ പൂർണമായും വിശ്വാസത്തിലെടുത്താണ് ബി.ജെ.പി മുന്നോട്ടു പോയത്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും എന്ന് പറയാനുള്ള രാഷ്ട്രീയ മാന്യത മറ്റേത് പാർട്ടി കാണിക്കും ?
തേജസ്വിയാദവിന്റെ പ്രചാരണ റാലികളിൽ കണ്ട ജനക്കൂട്ടം വോട്ടായില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിൽ നടന്ന ജംഗിൾ രാജ് ബീഹാറിലെ ജനം മറന്നിട്ടില്ലെന്ന് വ്യക്തം. ആർ.ജെ.ഡി യെ അധികാരത്തിലേറ്റിയാൽ സംസ്ഥാനം വീണ്ടും കൊള്ളക്കാരുടെയും അക്രമികളുടെയും പിടിയിലമരുമെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കോൺഗ്രസിനായിട്ടില്ലെന്ന് ബീഹാർ വീണ്ടും തെളിയിച്ചു.
മദ്ധ്യപ്രദേശിൽ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായപ്പോൾ ശിവ് രാജ്സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന് കൂടുതൽ ജനപിന്തുണ ലഭിച്ചു. ജ്യോതിരാദിത്യ സിന്ധ്യയെപ്പോലൊരു നേതാവ് കോൺഗ്രസ് വിടാനെടുത്ത തീരുമാനം ശരിയായിരുന്നെന്ന് ഈ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചു. തെലങ്കാനയിലെ ദുബാക്ക മണ്ഡലം ടി.ആർ.എസിൽ നിന്ന് പിടിച്ചെടുത്തതാണ് ആവേശം പകരുന്ന മറ്റൊരു നേട്ടം. ലോക്സഭയിൽ പതിമ്മൂന്നിൽ നാല് സീറ്റ് നേടിയ ബി.ജെ.പി തെലങ്കാനയിൽ കൂടുതൽ കരുത്താർജിക്കുകയാണ്. ദക്ഷിണേന്ത്യയിൽ കർണാടകയ്ക്ക് ശേഷം തെലങ്കാനയുടെ മണ്ണിലാണ് താമരവിരിയാൻ പോകുന്നത്. ഏഴിൽ അഞ്ച് സീറ്റും നേടിയ ഉത്തർപ്രദേശിലേതാണ് ബി.ജെ.പിയുടെ മറ്റൊരു ശ്രദ്ധേയ പ്രകടനം.
ഹാത്രസിൽ ഒരു സാധു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനത്തെ രാഷ്ട്രീയവത്കരിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തെ ജനം തള്ളി. എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിൽ മുഴുവൻ സീറ്റും ബി.ജെ.പി തൂത്തുവാരി. ഉപതിരഞ്ഞെടുപ്പ് നടന്ന ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും കരുത്തു തെളിയിക്കാൻ ബി.ജെ.പിക്കായി. നൂറ്റാണ്ടിന്റെ മഹാമാരിയെ മറികടക്കാൻ നരേന്ദ്രമോദിജിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിനേ കഴിയൂ എന്നു കൂടിയാണ് തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.
(കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ് ലേഖകൻ )