'ആകാശ മലർവാടി തളിരും താരും ചൂടി-
യായിരം വസന്തങ്ങളൊരുമിച്ചതുപോലെ
കിഴക്കും പടിഞ്ഞാറുമൊപ്പമായി നടമാടു-
മഴകിൻ പാവാടത്തുമ്പിഴഞ്ഞ് തിരച്ചാർത്തിൽ
പകലിൻ പൊന്നിൻ കിണ്ണം മോറുവാനിട്ടു നീരിൽ
ഇരവിൻ വെള്ളിത്താലം നിറഞ്ഞൂ മുല്ലപ്പൂവാൽ'
വിവേകാനന്ദപ്പാറയിൽ - പി.കുഞ്ഞിരാമൻ നായർ
കേരളീയ സൗന്ദര്യം തന്റെ കവിതയുടെ മുന്തിരിച്ചാറ് പിഴിയുന്ന മൂവന്തിയാക്കിയ
പി.കുഞ്ഞിരാമൻനായരുടെ വരികൾ. താരും തരുപ്പടർപ്പും വേരുകളൂന്നിയ അശ്വത്ഥവും കേരവൃക്ഷങ്ങളും ഇടതൂർന്ന ഹരിതഭൂമി! സാർവജനീനമായ ഒരു സംസ്‌കാരമാണ് കേരളത്തിന്റേത്. കാലത്തിന്റെ ഗതിവേഗങ്ങൾക്കിടയിൽ നിരവധി വെല്ലുവിളികളെ കേരളം നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴും പാരമ്പര്യങ്ങളെയും പുതിയ മൂല്യങ്ങളെയും പരസ്പരം തുന്നിച്ചേർത്ത് മുന്നോട്ടു പോകുന്നതിനുള്ള അസാമാന്യ കരുത്ത് കേരളം കാട്ടി.
അതിപ്രാചീന കാലം മുതൽക്കേ കേരളം ഇതര ഭാഗങ്ങളിലുള്ള ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. സംസ്‌കൃതം ഉൾപ്പെടെയുള്ള പ്രാചീനഭാഷാ കൃതികളിൽപ്പോലും കേരളത്തെക്കുറിച്ചുള്ള പരമാർശം കാണാം. ഐതരേയാരണ്യകം, രാമായണം, മഹാഭാരതം എന്നിവയിലും കൗടില്യന്റെ അർത്ഥശാസ്ത്രത്തിലും കാളിദാസന്റെ രഘുവംശത്തിലും കേരള പരാമർശം ഉണ്ട്. ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളും കേരളത്തെ സവിശേഷമായി ശ്രദ്ധിച്ചിട്ടുണ്ട്. മെഗസ്തനീസിന്റെ ഇൻഡികായിലും പ്ലിനിയുടെയും ടോളനിയുടെയും ഗ്രന്ഥങ്ങളിലും തുടർന്ന് മാർക്കോപോളോ, ഇബ്നുബത്തൂത്ത, നിക്കോളോ കോണ്ടി, അബ്ദുൾ റസാഖ് എന്നിവരും കേരളത്തെ പരമാർശിച്ചു പോന്നിട്ടുണ്ട്. ഞാൻ ലോകത്തെ ഗാഢമായി ആലിംഗനം ചെയ്യാൻ ആഗ്രഹിക്കുന്നു. ലോകത്തെ മുഴുവൻ ജീവജാലങ്ങളേയും സ്‌നേഹിച്ച ഒരു ബഷീറിയൻ കാഴ്ചപ്പാടാണിത്. മച്ചിൻപുറത്ത് സദാ അലയുന്ന കാക്കത്തൊള്ളായിരം എലികളും, ഇറിഞ്ഞിലികൾ പോലെകായ്ച്ചു നിൽക്കുന്ന ചാമ്പമരവും പുരയിടത്തിലേക്ക് ഇഴഞ്ഞെത്തിയ മൂർഖനും ഈ ലോകത്തെ ജീവജാലങ്ങളാണ്. സംതുലിതവും സൗഹാർദ്ദപരവുമായ ഈ പ്രകൃതി നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു.
പ്രകൃതി രമണീയമായ പശ്ചിമഘട്ട വനനിരകൾ കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളിലെ 188 താലൂക്കുകളിലായി 1,64,280 ച.കി.മീറ്റർ നീളത്തിൽ ഗുജറാത്തിലെതാപ്തി നദിമുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്നു. ഏകദേശം 25 കോടി ജനതയുടെ ജീവിതവും ആവാസ കേന്ദ്രവും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ലോകത്തിലെ മുപ്പത്തഞ്ചു സുപ്രധാന ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. നിരവധി നദികളുടെ പ്രഭവ കേന്ദ്രസ്ഥാനം.ഇന്ന്
പശ്ചിമഘട്ടം നിരന്തര ഭീഷണി നേരിടുന്നു. പ്രകൃതിയും അതിനെ ചൂഷണം ചെയ്യുന്ന മനുഷ്യരും തമ്മിലുള്ള പാരസ്പര്യ സംഘർഷത്തിന്റെ യുദ്ധഭൂമിയാണ് ഇന്ന് പശ്ചിമഘട്ടം.
2018-ൽ കേരളത്തെ ബാധിച്ച ദുരന്തം സമാനതകളില്ലാത്തതാണ്. 2018 ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കനത്ത പേമാരിയും ഉരുൾപൊട്ടലും കേരളത്തിന്റെ ജനജീവിതം താറുമാറാക്കി. കേരളത്തിലെ ആകെ ജനസംഖ്യയുടെ ആറിലൊന്ന് ജനങ്ങൾ ദുരന്തത്തിന്റെ കെടുതിയെ നേരിട്ട് ഏറ്റുവാങ്ങി. ദേശീയ സർക്കാർ ഈ ദുരന്തത്തെ ഗുരുതരസ്വഭാവമുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചു. കണക്കു പ്രകാരം 483 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു. 140 ഓളം പേരെ കാണാതായി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഒടിഞ്ഞു. ഏതാണ്ട് 400 ദശലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി ഔദ്യോഗികമായി രേഖപ്പെടുത്തി.
കേരളത്തിൽ 116 ശതമാനത്തോളം അധികമഴ ലഭിച്ചു. 44 നദികളും കരകവിഞ്ഞൊഴുകി. മഴയുടെ പ്രഹരശേഷിയിൽ നാടും നഗരവും തോടും പുഴയും ഒരു സാഗരമായി ഇരമ്പി. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം നമ്മുടെ നാട്ടിലെ ഓരോമൺതരിയുടേയും ഓരോ കുഞ്ഞിന്റേയും നിലനില്‌പിന്റെ അടിത്തറയാണെന്നു നമ്മെ തിരിച്ചറിയാൻ പ്രേരിപ്പിച്ചുകൊണ്ട് 2019 ൽ കവളപ്പാറ ദുരന്തവും 2020 ൽ പെട്ടിമുടി ദുരന്തവുമെത്തി. 2020 ജനുവരിയിൽ ഇടമലക്കുടിയിലെ ആദിവാസികോളനി സന്ദർശന ത്തിനുശേഷം മടങ്ങുമ്പോൾ പെട്ടിമുടിയിലെ കൊച്ചു ചായക്കടയിലെത്തി ഞങ്ങൾ ചായ കുടിച്ചു. അവിടെ തൊട്ടടുത്ത കോളനിയിലെ നാട്ടുകാരുമായി വർത്തമാനം പറയാനായി ഞാൻ വെളിയിലിറങ്ങി. സ്ത്രീകൾ പലരും ഓടിയെത്തി. ഞങ്ങൾ വെറുതെ കുറച്ചു സമയം സംസാരിച്ചു. പെട്ടിമുടി ദുരന്തത്തെക്കുറിച്ചു കേട്ടതേ ഞാൻ വിറങ്ങലിച്ചു പോയി... ആ ചായക്കട... ആ നാട്ടുകാർ... ദുരന്തങ്ങൾ നേരിടാൻ ശ്രീകണ്ഠപുരം പോലീസിനു കീഴിൽ ഒരു സന്നദ്ധ സേനയുണ്ട്. കേരളത്തെ വിറപ്പിച്ച പ്രളയം പോലും ജനകീയ ഇടപെടലിലൂടെ പരി
ഹരിച്ചതിന്റെ പാഠമുൾക്കൊണ്ടാണ് ജനമൈത്രി പോലീസ് ഇത്തരമൊരു സന്നദ്ധസേന 2018 ഒക്‌ടോബർ 24 ഐക്യരാഷ്ട്ര ദിനത്തിൽ രൂപീകരിച്ചത്. അൻപത് സേവന മേഖലകളിൽപ്പെട്ട അഞ്ഞൂറു വോളന്റിയർമാർ അടങ്ങുന്നതാണ് വാർസേന ( war - we are ready) . 18 നും 55 നും മധ്യേപ്രായമുള്ളവരും സേവന താത്പര്യവും സമൂഹത്തിലെ മാന്യതയാർന്ന പെരുമാറ്റവുമാണ് അംഗങ്ങളുടെ യോഗ്യത.
പഠനത്തിലും അന്വേഷണത്തിലും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തെയും വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സേവനതത്പരരെ കണ്ടെത്തി സംഘടിപ്പിച്ച് വേണ്ട രീതിയിൽ മാർഗനിർദ്ദേശങ്ങൾ നൽകിയാൽ എല്ലാ ദുരന്തങ്ങളുമായി ബന്ധപ്പെടുന്ന പ്രയാസങ്ങൾക്കും ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ കഴിയും. 2019 ലും 2020 ലും വെള്ളപ്പൊക്ക സമയത്ത് സമയോചിതമായ മുൻകരുതലുകൾ സ്വീകരിക്കാനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്താനും രഘുനാഥ് കെ.വി എന്ന എസ്.ഐ യുടെ നേതൃത്വത്തിലുള്ള വാറിനു കഴിഞ്ഞു.