ഹൈദരാബാദ്: പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഗമനത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം ശ്രീയ ശരൺ ആണ് നായിക. നിത്യാ മേനോൻ അതിഥി വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ ഗമനത്തിൽ എത്തുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രം ശ്രീയയുടെ ഒരു തിരിച്ചുവരവായിരിക്കുമെന്നാണ് റിപ്പോർട്ട്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖർ വി എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജന റാവുവിന്റേതാണ്. ക്യാമറ ജ്ഞാന ശേഖർ വി എസ്, സംഭാഷണം സായ് മാധവ് ബുറ, എഡിറ്റിംഗ് രാമകൃഷ്‌ണ അറം. ആതിര ദിൽജിത്ത് ആണ് പി.ആർ.ഒ.