sivasankar-swapna

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒന്നരക്കോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴ വിഹിതമെന്ന് ഇ.ഡി കോടതിയിൽ. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനുള‌ള കോഴ വിഹിതം സ്വപ്‌നയ്‌ക്ക് നൽകിയത് യു.എ.ഇ കോൺസുലേ‌റ്റിലെ ജീവനക്കാരനായ ഖാലിദാണ്. ലൈഫ് മിഷനിലെ ആകെ 36 പ്രൊജക്‌ടുകളിൽ 26 എണ്ണവും രണ്ട് കമ്പനികൾക്ക് ലഭിച്ചു.

ഇത് സ്വപ്‌നയുടെ സ്വാധീനത്താലാണെന്നും ലൈഫ് മിഷന്റെ ടെൻഡർ വിവരങ്ങൾ ശിവശങ്കർ കൃത്യമായി സ്വപ്‌നയ്‌ക്ക് ചോർത്തിക്കൊടുത്തിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ എൻഫോഴ്‌സ്‌മെന്റ് പറയുന്നു. ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കർ കൈക്കൂലി വാങ്ങിയിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

എന്നാൽ ചോദ്യം ചെയ്യലിൽ പണമൊന്നും താൻ കൈപ്പ‌റ്റിയിരുന്നില്ലെന്നാണ് ശിവശങ്കർ ഇ.ഡിയോട് പറഞ്ഞിരുന്നത്. ലോക്കറിൽ നിന്ന് ഇ.ഡി കണ്ടെത്തിയ പണം സ്വ‌പ്‌നയുടേതാണ്. തന്റെ സുഹൃത്തായ ചാർട്ടേർഡ് അക്കൗണ്ടന്റിനോട് സ്വപ്‌നയുടെ ആവശ്യപ്രകാരമാണ് ലോക്കർ തുറക്കാൻ പറഞ്ഞത്. വിദേശത്ത് നിന്നുള‌ള സാമ്പത്തിക സഹായം സ്വീകരിക്കുമ്പോൾ ഇടനിലക്കാർക്ക് കമ്മീഷൻ കിട്ടുന്നത് തെ‌റ്റല്ല എന്നാണ് തനിക്ക് നിയമോപദേശം ലഭിച്ചതെന്നായിരുന്നു ശിവശങ്കറിന്റെ ഇ.ഡിയോടുള‌ള പ്രതികരണം.