മണ്‍മറഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ രവീന്ദ്രന്‍ മാഷിന്റെ 77-ാം ജന്മദിനം പിന്നിടുമ്പോള്‍ ചലച്ചിത്ര സംഗീതരംഗത്ത് അദ്ദേഹം ഒഴിച്ചിട്ട ഇരിപ്പിടം ഇന്നും ശൂന്യമാണ്. ഗായകനെന്ന നിലയില്‍ നിന്ന് രവീന്ദ്രന്‍ മാഷിന്റെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്.
ഹിസ്ഹൈനസ് അബ്ദുള്ളയിലെ ദേവസഭാതലം എന്ന് ഗാനത്തിന് രണ്ട് രീതിയിലാണ് രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കിയത്. അദ്ദേഹം തന്നെ അത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. 'ആ സിനിമയില്‍ കൈതപ്രം ചെയ്യുന്നത് സംഗീതത്തെക്കുറിച്ച് എല്ലാം അറിയുന്നയാള്‍ താനാണ് എന്ന ഭാവത്തില്‍ ഉള്ള കഥാപാത്രത്തെയാണ്. സിനിമയിലെ സംഭാഷണങ്ങള്‍ക്കപ്പുറത്ത് പാട്ട് പാടുമ്പോളും ആ ഭാവം വേണം. അതിനായി ദേവസഭാതലം എന്ന പാട്ട് കൈതപ്രത്തിന്റെ വേര്‍ഷനു വേണ്ടിയും മോഹന്‍ലാലിന്റെ വേര്‍ഷനു വേണ്ടിയും രണ്ട് തരത്തിലാണ് ചിട്ടപ്പെടുത്തിയത്.'
യേശുദാസും രവീന്ദ്രന്‍മാഷും കൂടി പാടി അനശ്വരമാക്കിയ ഈ ഗാനം പുതു തലമുറയുടെ പുതിയ ശബ്ദങ്ങളില്‍ ഭാവങ്ങളില്‍ പിറന്നു. പാടാന്‍ ഏറെ ബുദ്ധിമുട്ടേറിയ ഗാനങ്ങളില്‍ ഒന്നാണ് എന്ന് സംഗീത നിരൂപകര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്.
അതിഗംഭീരമായ ആലാപന ശൈലിയിലാണ് ദാസേട്ടന്‍ ഈ ഗാനം സമ്മാനിച്ചത്. ഒപ്പം കൈതപ്രത്തിനു വേണ്ടി രവീന്ദ്രന്‍ മാഷും നെടുമുടി വേണുവിനു വേണ്ടി സംഗീത സംവിധായകന്‍ ശരത്തും പാടുകയായിരുന്നു.
പുതിയ തലമുറ രവീന്ദ്രന്‍മാസ്റ്റര്‍ക്ക് എഴുപത്തിയേഴാം പിറന്നാളിന് നല്‍കുന്ന പ്രണാമം കൂടിയാണ് ഈ ഗാനാഞ്ജലി. സംഗീത സംവിധായകന്‍ ശരത്, ബിജു നാരായണന്‍ ,മധു ബാലകൃഷ്ണന്‍, കാവാലം ശ്രീകുമാര്‍, സുദീപ്, മഹതി, ശ്വേത മോഹന്‍, ശ്രീറാം, വിജയ് യേശുദാസ് ,ടിപ്പു , ഹരിണി ,ഹരിചരന്‍ ,ഗംഗ, പ്രദീപ് സോമസുന്ദരം, രാകേഷ് ബ്രഹ്മാനന്ദന്‍, വിജേഷ് ഗോപാല്‍, ഭരത് ലാല്‍, നവീന്‍ മാധവ് എന്നിവരുടെ മനോഹരമായ ആലാപനത്തില്‍ ആണ് ദേവസഭാതലം വീണ്ടും നമ്മള്‍ കേള്‍ക്കുന്നത്.