വൈത്തിരി സർക്കിൾ ഓഫീസിലിരിക്കുമ്പോഴാണ് ഒരു വയർലസ് സന്ദേശം സി ഐആയിരുന്ന ഗിൽബർട്ടിനെ തേടിവന്നത്, കൽപ്പറ്റ സി ഐ ലീവിലാണ് അവിടെയുള്ള ചുമതല ഏറ്റെടുക്കണമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇതിന് പിന്നാലെ സ്ഥലം ഡി വൈ എസ് പി മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അസ്വാഭാവിക മരണമുണ്ടെന്നും ഒന്നന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. മേപ്പാടിയിലെത്തിയ സി ഐക്ക് കേസ് ഡയറി പരിശോധിച്ചപ്പോൾ ലഭിച്ച പ്രാഥമിക വിവരം ലീല എന്ന് പേരുള്ള സ്ത്രീയുടെ പതിനാല് വയസുള്ള മകൾ ആത്മഹത്യ ചെയ്തു എന്നായിരുന്നു. മേശയുടെ മുകളിൽ കയറി മച്ചിൽ കുരുക്കിട്ട് പെൺകുട്ടി ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസ് മഹസർ റിപ്പോർട്ടിൽ എഴുതിയത്. എന്നാൽ സാക്ഷി മൊഴികൾ പരിശോധിച്ചപ്പോൾ പെൺകുട്ടി മരിച്ചയിടത്ത് ഒരു ഏണി ചാരി വച്ചിരുന്നു എന്നൊരാൾ മൊഴി നൽകിയത് ഗിൽബർട്ടിന്റെ കണ്ണിലുടക്കി.
മേപ്പാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കൊപ്പം സ്ഥലം സന്ദർശിക്കാനായി ഗിൽബർട്ട് പുറപ്പെട്ടു. ഒരു കുന്നിൻ മുകളിൽ അടുത്തടുത്തായി കുറച്ച് വീടുകൾ. അതിൽ സാമാന്യം വലിയൊരു വീടായിരുന്നു മരിച്ച പെൺകുട്ടിയുടേത്. മരണമടഞ്ഞ പെൺകുട്ടിയുടെ അമ്മയോട് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ യാതൊരു വിഷമവും കൂടാതെയാണ് ആ സ്ത്രീ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. മകൾക്ക് അത്രയേ ആയുസുള്ളു എന്ന് നിർവികാരത്തോടെ ആ അമ്മ തുറന്നു പറഞ്ഞു.
മഹസർ റിപ്പോർട്ടിലെ മേശ പൊലീസ് ഉദ്യോഗസ്ഥർക്ക് അവർ ചൂണ്ടിക്കാട്ടി. മൊഴിയിലെ ഏണിയെ കുറിച്ച് തിരക്കിയപ്പോൾ അവർ അങ്ങനെയൊന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. എന്നാൽ വീടിന്റെ പരിസരത്ത് നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഏണി കണ്ടെടുത്തു. കൂടെ ചാരായം വാറ്റുന്ന കുറേ ഉപകരണങ്ങളും. മരണപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തതാണോ എന്ന സംശയം അതോടെ ഉദ്യോഗസ്ഥന്റെ മനസിൽ ഉടലെടുത്തു.
ആ വിട്ടിൽ നിന്നും കുന്നിറങ്ങി മടങ്ങും വഴി യാദൃശ്ചികമായി ഗിൽബർട്ട് സുഹൃത്തിനെ കണ്ടുമുട്ടി, അയാളിൽ നിന്നും നിർണായകമായ ചില വിവരങ്ങൾ ലഭിച്ചു. വഴിപിഴച്ച ജീവിതവുമായി മുന്നോട്ട് പോകുന്ന ചിലരുടെ താവളമായിരുന്നു മരണപ്പെട്ട പെൺകുട്ടിയുടെ വീടെന്നും, അവൾ ആത്മഹത്യ ചെയ്ത ദിവസം അവിടെ സംഭവിച്ച ചില കാര്യങ്ങളുടെ സൂചനകളും സി ഐ മനസിലാക്കി മടങ്ങി.
പെൺകുട്ടിയുടെ മരണം കൊലപാതകമാണെങ്കിൽ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകണമെന്ന നിശ്ചയത്തോടെയാണ് ഉദ്യോഗസ്ഥൻ മടങ്ങിയത്. എന്നാൽ ദൈവം കാത്തുവച്ച വിധി മറ്റൊന്നായിരുന്നു. ആ രാത്രി മുതൽ വയനാട്ടിൽ നിർത്താതെ പെയ്ത മഴയായിരുന്നു. രണ്ട് ദിവസം കനത്ത മഴ തുടർന്നു. മേപ്പാടിയിലെ പെൺകുട്ടി ആത്മഹത്യ ചെയ്ത വീടിരുന്ന കുന്നിൻ മുകളിൽ ഉരുൾ പൊട്ടലുണ്ടാവുകയും ആ വീടും അവിടെ കൂടിയ തിന്മകളുടെ പ്രതിരൂപങ്ങളെല്ലാം മണ്ണിനടിയിൽ പെട്ട് മരണമടയുകയും ചെയ്തു. ഭൂമിയിൽ പാപങ്ങൾ അധികരിക്കുമ്പോൾ ദൈവം നേരിട്ട് ശിക്ഷ നൽകുന്ന അനുഭവമാണ് മേപ്പാടിയിലെ ഉരുൾപൊട്ടലിൽ തനിക്കുണ്ടായതെന്ന് റിട്ട. ഡി വൈ എസ് പിയായ ഗിൽബർട്ട് ഇന്നും ഓർക്കുന്നു.