വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 'ഞങ്ങൾക്ക് ചില പദ്ധതികളുണ്ട്. അത് അതിന്റെ വഴിയിലാണ്. അത് പ്രാവർത്തികമാക്കുന്നതിന് മുമ്പ് ചില പദ്ധതികൾ ഞങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും പങ്കിടേണ്ടതുണ്ട്' -ജസിന്ത പറഞ്ഞു.വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ന്യൂസിലൻഡ് നഗരമായ പ്ലൈമൗത്തിൽ വച്ച് ജസിന്ത പ്രതികരിച്ചു. 40കാരിയായ ജസിന്ത ടെലിവിഷൻ അവതാരകനും ജീവിത പങ്കാളിയുമായ 44കാരൻ ക്ലാർക് ഗേഫോഡിനെ ഔദ്യോഗികമായി വിവാഹം ചെയ്തിട്ടില്ല. ഇരുവർക്കും രണ്ട് വയസായ മകളുണ്ട്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മൂന്നു മാസം പ്രായമുള്ള മകളെയും കൈയിലെടുത്ത് എത്തിയ ജസിന്തയുടെ ചിത്രം ഇന്നും മായാതെ ലോകജനതയുടെ മനസിലുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ജനമനസുകളിൽ ഇടം നേടിയ ജസിന്ത തിരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു.