കാസർകോട്: ജുവലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം സി ഖമറുദ്ദീൻ എം എൽ എ മുഖ്യ സൂത്രധാരനെന്ന് സംസ്ഥാന സർക്കാർ. തട്ടിപ്പിനായി തന്റെ രാഷ്ട്രീയ സ്വാധീനം കമറുദ്ദീൻ ഉപയോഗിച്ചു. പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമാണ് ഫാഷൻ ഗോൾഡ് തട്ടിപ്പെന്നും സ്വന്തം ലാഭത്തിനായി ഖമറുദ്ദീൻ അടക്കമുളളവർ പണം തിരിമറി നടത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ജുവലറിയിലേക്ക് നിക്ഷേപം സ്വീകരിച്ചത് നിയമ വിരുദ്ധമായാണ്. ഇങ്ങനെ നിക്ഷേപം സമാഹരിക്കാൻ ഫാഷൻ ഗോൾഡിന് അനുമതി ഇല്ല. തെറ്റായ വിവരങ്ങളാണ് കമ്പനി വിവിധ സർക്കാർ ഏജൻസികൾക്ക് നൽകിയത്. കമ്പനിയിൽ പണം നിക്ഷേപിച്ചവർക്ക് ഓഹരി പത്രം നൽകിയിട്ടില്ല. കമ്പനിയുടെ കൈവശമുണ്ടായിരുന്ന സ്വർണവും ആഭരണങ്ങളും കാണാതായതിനെ കുറിച്ച് അന്വേഷണം വേണമെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ജുവലറിയുടെ മറ്റ് ഡയറക്‌ടർമാരെ പ്രതി ചേർക്കും. കമറുദ്ദീനും പൂക്കോയ തങ്ങളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഖമറുദ്ദീനെതിരെ വഞ്ചനാ കുറ്റം നിലനിൽക്കും. സ്വന്തം ലാഭത്തിനായി കമറുദ്ദീൻ പണം തിരിമറി നടത്തിയെന്നും അന്വേഷണ സംഘത്തിന്റെ അഭിഭാഷകൻ വാദിച്ചു.
അതേസമയം താൻ ഓണററി ചെയർമാൻ മാത്രമാണെന്നും കമ്പനിയെ പ്രതി ചേർക്കാതെ തന്നെ മാത്രം പ്രതി ചേർത്തത് തന്റെ പ്രതിച്ഛായ നശിപ്പിക്കാനാണെന്നും ഖമറുദ്ദീൻ കോടതിയെ അറിയിച്ചു. ഓഹരി ഉടമകൾക്ക് പരാതിയുണ്ടെങ്കിൽ കമ്പനി ലോ ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടത്. അല്ലാതെ പൊലീസിനെയല്ല. 2019 സെപ്‌തംബർ വരെ കൃത്യമായി ഡിവിഡന്റ് നൽകിയതാണ്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കാൻ തനിക്ക് അവസരം നൽകണമെന്നും കമ്പനിയിലേക്ക് പണം തിരികെ ലഭിക്കേണ്ടതുണ്ടെന്നും ഖമറുദ്ദീൻ പറഞ്ഞു. ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് വിധി പറയാനായി നാളത്തേക്ക് മാറ്റി.