യെരവാൻ: നഗോർണോ-കരാബാഗ് പ്രദേശത്തെ ചൊല്ലി ഏകദേശം ഒന്നരമാസം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് ശേഷം അർമേനിയയും അസർബൈജാനും സമാധാനത്തിലേക്ക്. ചൊവ്വാഴ്ച റഷ്യയുടെ നേതൃത്വത്തിൽ നടന്ന സന്ധിയുടെ ഭാഗമായി, മേഖലയിൽ രണ്ടായിരത്തോളം റഷ്യൻ സമാധാന സേനയെ നിയോഗിക്കാനും ധാരണയായി.
പ്രധാന നഗരമായ സിഷിയുടെ നിയന്ത്രണം ലഭിച്ചതിലൂടെ കരാറിൽ അസർബൈജാനാണ് നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, ശത്രുരാജ്യത്തിനു മുന്നിൽ കീഴടങ്ങിയെന്ന് ആരോപിച്ച് അർമേനിയൻ തലസ്ഥാനമായ യെരവാനിൽ പ്രതിഷേധക്കാർ ഭരണസിരാകേന്ദ്രം വളഞ്ഞു.
സൈന്യത്തിന്റെ നിർബന്ധപ്രകാരം ഇഷ്ടമില്ലാത്ത കരാറിൽ ഒപ്പുവയ്ക്കാൻ നിർബന്ധിതനായി എന്ന് കുറ്റസമ്മതം നടത്തിക്കൊണ്ട്, അർമേനിയൻ പ്രധാനമന്ത്രി നികോൾ പഷ്നിയൻ ഫേസ്ബുക്ക് കുറിപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് ജനങ്ങൾ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞത്.
അതേസമയം, കരാർ വിജയമാണെന്ന് പ്രഖ്യാപിച്ച് അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ ഭരണകക്ഷി അനുകൂലികൾ ആഹ്ലാദപ്രകടനം നടത്തി. ഇതൊരു ചരിത്ര മുഹൂർത്തമാണെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പ്രസ്താവിച്ചു.
അസർബൈജാനിൽ നിന്ന് അർമേനിയ കൈവശപ്പെടുത്തിയെന്ന് ആരോപണമുള്ള നഗോർണോ-കരാബാഗിനെ ചൊല്ലി ഇരു രാജ്യങ്ങളും
തമ്മിൽ പതിറ്റാണ്ടുകളായി സംഘർഷത്തിലായിരുന്നു. സെപ്തംബർ മുതൽ തർക്കം മൂർദ്ധന്യാവസ്ഥയിലായി.
അർമേനിയൻ വംശജർക്ക് ഭൂരിപക്ഷമുള്ള പ്രദേശത്തെ അർമേനിയയോട് കൂട്ടിച്ചേർക്കണമെന്നായിരുന്നു മേഖലയിലെ വിമതസംഘങ്ങളുടെ ആവശ്യം. ഇവർക്ക് അർമേനിയൻ പിന്തുണയുണ്ട്.
അൽപം ചരിത്രം
അസർബൈജാനിലെ 1700 ചതുരശ്രമൈൽ വിസ്തൃതിയുള്ള പ്രദേശമാണ് നഗോർണോ കരാബാഗ്. ഒന്നരലക്ഷത്തോളം പേർ ഇവിടെ വസിക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ 95 ശതമാനംപേരും അർമേനിയൻ വംശജരാണ്. അസർബൈജാൻ ഭൂരിപക്ഷ മുസ്ലീം രാഷ്ട്രമാണ്.
അർമേനിയയ്ക്ക് ഒപ്പം ചേരണമെന്നാണ് നഗാർണോ കരാബാഗ് ജനതയുടെ ആവശ്യം. ഇതിനായി പ്രദേശവാസികൾ സ്വയം നിർണയ തിരഞ്ഞെടുപ്പ് നടത്തിയിരുന്നു.
എന്നാൽ, ഐക്യരാഷ്ട്ര സംഘടനയും മിക്ക ലോകരാജ്യങ്ങളും പ്രദേശത്തെ അസർബൈജാന്റെ ഭാഗമായാണ് കണക്കാക്കുന്നത്.
സ്വതന്ത്രമായ ഭരണസംവിധാനമാണ് പ്രദേശത്തുള്ളത്.1980കളിൽ സോവിയറ്റ് യൂണിയൻ തകർച്ചയിലേക്ക് നീങ്ങുമ്പോൾ അർമേനിയയിൽ ചേരാൻ നഗോർണോ - കരബാഗ് തീരുമാനിച്ചു. എന്നാൽ, ഇതിനെതിരെ അസർബൈജാൻ യുദ്ധം പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയൻ തകർന്നതോടെ യുദ്ധം രൂക്ഷമായി. ഒടുവിൽ 1994ൽ റഷ്യ ഇടപെട്ട് വെടിനിറുത്തൽ കരാർ പ്രഖ്യാപിച്ചു. ഈ കരാർ ഇരുരാജ്യങ്ങളും പാലിച്ചിരുന്നു.
എന്നാൽ, ജൂലായിൽ ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ ഷെൽ ആക്രമണങ്ങൾ നടത്തി. ഇതിൽ ഒരു അസർബൈജാൻ മിലിട്ടറി ഉദ്യോഗസ്ഥനും രണ്ടുപേരും കൊല്ലപ്പെട്ടു. സെപ്തംബറിൽ അസർബൈജാൻ വലിയ ആക്രമണം നടത്തി. അർമേനിയ തിരിച്ചടിച്ചതോടെ, യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയായിരുന്നു.