armenia-azerbaijan

യെരവാൻ: ന​ഗോ​ർ​ണോ-​ക​രാ​ബാഗ് പ്രദേശത്തെ ചൊല്ലി ഏകദേശം ഒന്നരമാസം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് ശേഷം അർമേനിയയും അസർബൈജാനും സമാധാനത്തിലേക്ക്. ചൊ​വ്വാ​ഴ്​​ച റ​ഷ്യ​യു​ടെ നേതൃത്വത്തിൽ ന​ട​ന്ന സ​ന്ധി​യു​ടെ ഭാ​ഗ​മാ​യി, മേ​ഖ​ല​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം റ​ഷ്യ​ൻ സ​മാ​ധാ​ന സേ​ന​യെ നി​യോ​ഗി​ക്കാ​നും ധാ​ര​ണ​യാ​യി.

പ്ര​ധാ​ന ന​ഗ​ര​മാ​യ സി​ഷി​യു​ടെ നി​യ​ന്ത്ര​ണം ല​ഭി​ച്ച​തി​ലൂ​ടെ​ ക​രാ​റി​ൽ അ​സ​ർ​ബൈ​ജാ​നാ​ണ്​ നേ​ട്ട​മെ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, ശ​ത്രു​രാ​ജ്യ​ത്തി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യെ​ന്ന്​ ആ​രോ​പി​ച്ച്​ അ​ർ​മേ​നി​യ​ൻ ത​ല​സ്ഥാനമാ​യ യെ​ര​വാ​നി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ഭ​ര​ണ​സി​രാ​കേ​ന്ദ്രം വ​ള​ഞ്ഞു.

സൈ​ന്യ​ത്തിന്റെ നി​ർ​ബ​ന്ധ​പ്ര​കാ​രം ഇ​ഷ്​​ട​മി​ല്ലാ​ത്ത ക​രാ​റി​ൽ ഒ​പ്പു​വയ്​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യി എ​ന്ന്​ കു​റ്റ​സ​മ്മ​തം ന​ട​ത്തി​​ക്കൊ​ണ്ട്, അ​ർ​മേനി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി നി​കോ​ൾ പ​ഷ്​​നി​യ​​ൻ ഫേ​സ്​​ബു​ക്ക്​ കു​റി​പ്പ്​ പു​റ​ത്തി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ്​ ജ​ന​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി വ​ള​ഞ്ഞ​ത്.

അ​തേ​സ​മ​യം, ക​രാ​ർ വി​ജ​യ​മാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ അ​സ​ർ​ബൈ​ജാ​​ൻ ത​ല​സ്ഥാ​ന​മാ​യ ബാ​കു​വി​ൽ ഭ​ര​ണ​ക​ക്ഷി അ​നു​കൂ​ലി​ക​ൾ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. ഇ​തൊ​രു ച​രി​ത്ര​ മു​ഹൂ​ർ​ത്ത​മാ​ണെ​ന്ന്​ അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്റ്​ ഇ​ൽ​ഹാം അ​ലി​യേ​വ്​ പ്ര​സ്​​താ​വി​ച്ചു.

അ​സ​ർ​ബൈ​ജാനിൽ നിന്ന്​ അ​ർ​മേനി​യ കൈ​വ​ശ​പ്പെ​ടു​ത്തി​യെന്ന് ആരോപണമുള്ള ന​ഗോ​ർ​ണോ-​ക​രാ​ബാഗിനെ ചൊ​ല്ലി ഇ​രു രാ​ജ്യ​ങ്ങ​ളും

ത​മ്മി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. സെപ്തംബർ മുതൽ തർക്കം മൂർദ്ധന്യാവസ്ഥയിലായി.

അ​ർ​മേ​നി​യ​ൻ വം​ശ​ജ​ർ​ക്ക്​ ഭൂ​രി​പ​ക്ഷ​മു​ള്ള പ്രദേശത്തെ അ​ർ​മേനി​യ​യോ​ട്​ കൂ​ട്ടി​ച്ചേ​ർ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മേ​ഖ​ല​യി​ലെ വി​മ​ത​സം​ഘ​ങ്ങ​ളു​ടെ ആ​വ​ശ്യം. ഇ​വ​ർ​ക്ക്​ അ​ർ​മേ​നി​യൻ പി​ന്തു​ണയുണ്ട്​.

 അൽപം ചരിത്രം

അസർബൈജാനിലെ 1700 ചതുരശ്രമൈൽ വിസ്തൃതിയുള്ള പ്രദേശമാണ് നഗോർണോ കരാബാഗ്. ഒന്നരലക്ഷത്തോളം പേർ ഇവിടെ വസിക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ 95 ശതമാനംപേരും അർമേനിയൻ വംശജരാണ്. അസർബൈജാൻ ഭൂരിപക്ഷ മുസ്ലീം രാഷ്ട്രമാണ്.

അർമേനിയയ്ക്ക് ഒപ്പം ചേരണമെന്നാണ് നഗാർണോ കരാബാഗ് ജനതയുടെ ആവശ്യം. ഇതിനായി പ്രദേശവാസികൾ സ്വയം നിർണയ തിരഞ്ഞെടുപ്പ് നടത്തിയിരുന്നു.

എന്നാൽ, ഐക്യരാഷ്ട്ര സംഘടനയും മിക്ക ലോകരാജ്യങ്ങളും പ്രദേശത്തെ അസർബൈജാന്റെ ഭാഗമായാണ് കണക്കാക്കുന്നത്.

സ്വതന്ത്രമായ ഭരണസംവിധാനമാണ് പ്രദേശത്തുള്ളത്.1980കളിൽ സോവിയറ്റ് യൂണിയൻ തകർച്ചയിലേക്ക് നീങ്ങുമ്പോൾ അർമേനിയയിൽ ചേരാൻ ന​ഗോ​ർ​ണോ - കരബാഗ് തീരുമാനിച്ചു. എന്നാൽ, ഇതിനെതിരെ അസർബൈജാൻ യുദ്ധം പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയൻ തകർന്നതോടെ യുദ്ധം രൂക്ഷമായി. ഒടുവിൽ 1994ൽ റഷ്യ ഇടപെട്ട് വെടിനിറുത്തൽ കരാർ പ്രഖ്യാപിച്ചു. ഈ കരാർ ഇരുരാജ്യങ്ങളും പാലിച്ചിരുന്നു.
എന്നാൽ, ജൂലായിൽ ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ ഷെൽ ആക്രമണങ്ങൾ നടത്തി. ഇതിൽ ഒരു അസർബൈജാൻ മിലിട്ടറി ഉദ്യോഗസ്ഥനും രണ്ടുപേരും കൊല്ലപ്പെട്ടു. സെപ്തംബറിൽ അസർബൈജാൻ വലിയ ആക്രമണം നടത്തി. അർമേനിയ തിരിച്ചടിച്ചതോടെ, യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയായിരുന്നു.