azim-premji

ബംഗളൂരു: ഇക്കൊല്ലം ഇതുവരെ 7,904 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച് ഇന്ത്യയിലെ 'മനുഷ്യ സ്‌നേഹികളുടെ" പട്ടികയിൽ ഒന്നാമതെത്തി വിപ്രോയുടെ സ്ഥാപക ചെയർമാൻ അസിം പ്രേംജി. പ്രതിദിനം 22 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം ചെലവഴിച്ചതായി

ഏദൽ ഗിവ് ഹുറൂൺ ഇന്ത്യ തയ്യാറാക്കിയ ജീവകാരുണ്യ പട്ടികയിൽ പറയുന്നു.

കൊവിഡ് മഹാമാരിയെത്തിയതിന് ശേഷം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണ്.
വിപ്രോയുടെ സി.എസ്.ആർ പ്രവർത്തനങ്ങൾക്കും അസിം പ്രേംജി ഫൗണ്ടേഷന്റെ നിലവിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുറമെയാണ് ഇത്.

എച്ച്.സി.എൽ ടെക്‌നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 795 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 458 കോടി രൂപ സംഭാവന നൽകി മൂന്നാമതെത്തി.

കൊവിഡിനെതിരായ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനായി അംബാനി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 കോടി നൽകി. മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ വീതവും നൽകി.

കുമാർ മംഗളം ബിർളയും കുടുംബവും 276 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇവർ പട്ടികയിൽ നാലാം സ്ഥാനത്താണ്.

വേദാന്ത സ്ഥാപകനും ചെയർമാനുമായ അനിൽ അഗർവാളും കുടുംബവും 215 കോടി നൽകി അഞ്ചാമതായി.