sabarimala

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന സംസ്ഥാനത്ത് നിന്നുളള തീർത്ഥാടകർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ സൗജന്യ ചികിത്സ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതര സംസ്ഥാനക്കാരാണെങ്കിൽ ചികിത്സക്ക് പണം നൽകണം. ശബരിമലയിലെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് പിന്നാലെയാണ് സർക്കാർ‌ ഉത്തരവ്.

ദേവസ്വം, ധന വകുപ്പുകളുമായി ചർച്ച നടത്തിയ ശേഷമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. വാരാന്ത്യങ്ങളിൽ രണ്ടായിരം പേർക്കും അല്ലാത്ത ദിവസങ്ങളിൽ ആയിരം തീർത്ഥാടകർക്കുമാണ് മലകയറാൻ അനുമതി. ഇവർ മലകയറുമ്പോഴും ദർശനത്തിന് നിൽക്കുമ്പോഴും കൃത്യമായ ശാരീരിക അകലം പാലിക്കണം. മുപ്പത് മിനിറ്റ് ഇടവിട്ട് കൈകൾ വൃത്തിയാക്കണം. കൊവിഡ് വന്നുപോയവർ ആരോഗ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഒപ്പം കരുതണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

കേരളത്തിൽ നിന്നുളള തീർത്ഥാടകനാണെങ്കിൽ ശബരിമലയിലെത്തിയശേഷം കൊവിഡ് സ്ഥിരീകരിച്ചാൽ എ പി എൽ, ബി പി എൽ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ നൽകും. സർക്കാർ ആശുപത്രികളിലോ സർക്കാരുമായി കൊവിഡ് ചികിത്സക്ക് സഹകരിക്കുന്ന സ്വകാര്യ ആശുപത്രിയിലോ പ്രവേശിക്കാം. ഇതര സംസ്ഥാന തീർത്ഥാടകനാണെങ്കിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ ആകും ചികിത്സ.

അതേസമയം കേരളത്തിൽ നിന്നുളള തീർത്ഥാടകന് കൊവിഡ് ഇതര രോഗങ്ങൾ പിടിപെട്ടാൽ ചികിത്സ സൗജന്യമായിരിക്കില്ല. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികളിൽ നൽകുന്ന പ്രാഥമിക ചികിത്സകൾക്കുശേഷം തുക ഈടാക്കിയാകും തുടർ ചികിത്സ നൽകുക.