മുംബയ്: റിപബ്ലിക്ക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപ ബോണ്ടിൻ മേലാണ് അർണബിന് കോടതി ജാമ്യം നൽകിയത്. കേസിലെ മറ്റ് രണ്ട് പ്രതികൾക്കും ജാമ്യം നൽകിയിട്ടുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്. ഇടക്കാല ജാമ്യം നൽകണമെന്ന അർണബ് ഗോസ്വാമിയുടെ ആവശ്യം മുംബയ് ഹൈക്കോടതി തളളിയിരുന്നു. ജാമ്യാപേക്ഷ തളളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അർണബ് സുപ്രീംകോടതിയെ സമീപിച്ചത്.
വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഹൈക്കോടതികൾക്ക് കഴിയണമെന്ന് കോടതി വിശദമാക്കി. സംസ്ഥാനസർക്കാർ വിരോധമുളളവരോട് ഇത്തരം നടപടി സ്വീകരിച്ചാൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. ഹൈക്കോടതികൾ അവരുടെ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നു എന്നും കോടതി നിരീക്ഷിച്ചു.
ആത്മഹത്യാപ്രേരണ കേസ് ഇതിൽ എങ്ങനെ നിലനിൽക്കുമെന്ന് നിരീക്ഷിച്ച കോടതി ട്വീറ്റുകളുടെ പേരിൽ പോലും ആൾക്കാരെ ജയിലിൽ അടയ്‌ക്കുകയാണെന്ന് പറഞ്ഞു. നൽകാനുളള പണത്തിന്റെ പേരിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണോ എന്നും സുപ്രീംകോടതി ചോദിച്ചു.
2018ൽ ഇന്റീരിയർ ഡിസൈനറായ അന്‍വയ് നായിക്ക് ആത്മഹത്യ ചെയ്‌തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടി വിയുടെ സ്റ്റുഡിയോ നിർമ്മാണത്തിന് 83 ലക്ഷം രൂപ അർണബ് നൽകാനുണ്ടായിരുന്നുവെന്ന് നായിക്കിന്റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് കേസ് അന്വേഷണം ആലിബാഗ് പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ അൻവയ് നായിക്കിന്റെ ഭാര്യ അടുത്തിടെ നൽകിയ പുതിയ പരാതിയെ തുടർന്നാണ് കേസ് വീണ്ടും പൊലീസ് പൊടിതട്ടിയെടുത്തത്.