nitish

പാട്ന: മുന്നണി വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയ്‌ക്കുണ്ടായ കനത്ത വോട്ട് ചോർച്ചയെ തുടർന്ന് ക്ഷീണിതനായ നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ജനതാദൾ യുണൈ‌റ്റഡ് നേതാക്കൾ നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് കഴിഞ്ഞു. 'ദീപാവലിയ്‌ക്ക് ശേഷം നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.' ജെഡിയു നേതാവ് കെ.സി.ത്യാഗി അറിയിച്ചു. ബിജെപി നേതാക്കളും ഇതുതന്നെയാണ് തീരുമാനമായി പറഞ്ഞതും.

എന്നാൽ കോൺഗ്രസ് നേതാവായ ദിഗ്‌വിജയ് സിംഗ് നിതീഷിനോട് ദേശീയ രാഷ്‌ട്രീയത്തിലേക്ക് വരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ട്വി‌റ്ററിലൂടെയായിരുന്നു ദി‌ഗ്‌വിജയ് സിംഗിന്റെ ആവശ്യം. 'നിതീഷ് ജീ, ബീഹാർ അങ്ങേയ്‌ക്ക് തീരെ ചെറിയ സ്ഥലമാണ്. അങ്ങ് ദേശീയ രാഷ്‌ട്രീയത്തിലേക്ക് വരണം. ഭിന്നിപ്പിച്ച് ഭരിക്കുന്നവർക്കെതിരെ മതനിരപേക്ഷ കക്ഷികൾക്ക് ബലമേകാൻ വരൂ.'

പക്ഷെ ബിജെപി നേതാക്കളായ ഗിരിരാജ് സിംഗ് ഈ ആവശ്യം തള‌ളിക്കളയുന്നു. നിതീഷ് ഇപ്പോഴും എൻ.ഡി.എ നേതാവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല തേജസ്വി യാദവ് എന്ത് ലാഭമാണ് സംസ്ഥാനത്തിന് നേടിത്തന്നതെന്നും ഗിരിരാജ് സിംഗ് ചോദിച്ചു. നിതീഷിനെതിരെ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയ തേജസ്വിയോട് വിശ്രമിക്കാനാണ് ജനങ്ങൾ പറഞ്ഞതെന്നും ഗിരിരാജ് അഭിപ്രായപ്പെട്ടു.

ഉപ മുഖ്യമന്ത്രി സുശീൽ മോദിയും ഇതേ അഭിപ്രായം രേഖപ്പെടുത്തി. 'ഒരു മുന്നണിയിൽ ഒരേ എണ്ണം സീ‌റ്റുകളിൽ മത്സരിക്കുന്ന പാർട്ടികൾ ജയിക്കണമെന്നില്ല. ബിജെപിയുടെ വിജയത്തിൽ ജെ.ഡി.യുവും അതുപോലെ ജെ.ഡി.യുവിന്റെ വിജയത്തിൽ ബിജെപിക്കും പങ്കുണ്ട്. ഒരുമിച്ച് പ്രവർത്തിച്ചാണ് ഞങ്ങൾ ജയിച്ചത്.' സുശീൽ മോദി പറഞ്ഞു. എന്തായാലും നിതീഷിന്റെ മനസ്സിലിരുപ്പ് വരുംദിവസങ്ങളിൽ ബീഹാറിന്റെ ഭരണത്തെ സ്വാധീനിക്കുക തന്നെ ചെയ്യും.