തിരുവനന്തപുരം: ജർമ്മനിയിൽ നിന്ന് ഒന്നരവർഷം മുമ്പ് കേരളത്തിലെത്തി കാണാതായ ലിസ വെയ്സ് എന്ന യുവതിയെ തേടിയുള്ള പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കേരളത്തിനകത്തും പുറത്തും ലിസയ്ക്കായി കേരള പൊലീസിൻറെ പ്രതേക്യ സംഘം നടത്തിയ അന്വേഷണത്തിൽ യാതൊരു സൂചനയുമില്ലാതിരിക്കെ , ജർമ്മനിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിനിടെ കൊവിഡിൻറെ കടന്നുവരവാണ് അന്വേഷണം വഴിമുട്ടിച്ചത്.
യുവതിയെ കണ്ടെത്താൻ സഹായകമായ വിവരങ്ങൾ വീട്ടുകാരിൽ നിന്നോ ജർമ്മൻ എംബസിയിൽ നിന്നോ ഇതുവരെ ലഭ്യമാകാത്തതും തിരിച്ചടിയായി. ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ശംഖുംമുഖം അസി.കമ്മിഷണറുടെയും നർക്കോട്ടിക് സെൽ അസി. കമ്മിഷണറുടെയും നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ലിസയുടെ മാതാവിന്റെ പരാതിയിൽ 1411/ 2019 ക്രൈംനമ്പരായി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കേരളത്തിനകത്തും പുറത്തും മാസങ്ങളായി അന്വേഷണം തുടരുകയാണെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ലിസയോട് സാമ്യമുള്ള യുവതിയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കാണാതാകുന്നതിന് തൊട്ടുമുമ്പ് വർക്കലയിൽ ലിസ എത്തിയത് മാത്രമാണ് ഇവരുടെ സാന്നിദ്ധ്യം ഉറപ്പിക്കാൻ അന്വേഷണ സംഘത്തിന് സഹായകമായ തെളിവ്. അതിനുശേഷം ലിസയ്ക്ക് എന്ത് സംഭവിച്ചുവെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ജർമ്മനിയിലെത്തി കുടുംബാംഗങ്ങളെ നേരിൽകാണാനുള്ള ശ്രമത്തിലായിരുന്നു അന്വേഷണസംഘം. ഇതിനായി സംസ്ഥാന പൊലീസ് മേധാവി മുഖാന്തിരം അന്വേഷണ സംഘം സർക്കാരിന്റെ അനുമതി തേടിയെങ്കിലും കൊവിഡ് വ്യാപകമായതും ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമാണ് അന്വേഷണത്തെ തടസ്സപ്പെടുത്തിയത്.
തിരുവനന്തപുരത്തുൾപ്പെടെ കൊവിഡിൻ്റെ വ്യാപനം പൊലീസിൻറെ ജോലിഭാരം വർദ്ധിപ്പിച്ചതോടെ ലിസയുടെ തിരോധാനത്തെപ്പറ്റിയുള്ള അന്വേഷണവും നിലച്ചു.
സന്തോഷവതിയായിരുന്നു
ജർമ്മനിയിലെ സ്റ്റോക്ക് ഹോമിൽ നിന്ന് ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലിയ്ക്കൊപ്പം ദുബായ് വഴി 2019 മാർച്ച് 7നാണ് ലിസ കേരളത്തിലെത്തിയത്. നാട്ടിലെത്തിയശേഷം മാതാവും സുഹൃത്തുക്കളുമായി ഫോൺവഴി സൗഹൃദം പുലർത്തിയിരുന്ന ലിസയെ മാർച്ച് 11 മുതലാണ് കാണാതായതായി സംശയിക്കുന്നത്. മാർച്ച് 5നും 10നുമാണ് വീട്ടുകാരുമായി സംസാരിച്ചത്. മാർച്ച് 5ന് അമേരിക്കയിലുള്ള കുട്ടികളെ വീഡിയോ കോൾചെയ്ത ശേഷം കേരളത്തിലേക്ക് പോകുന്നുവെന്നും മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും വിളിക്കാമെന്നും പറഞ്ഞു. മാർച്ച് 10നായിരുന്നു അവസാനവിളി. ഞാൻ ഇന്ത്യയിലാണ്. അതീവ സന്തോഷവതിയാണെന്നുമാണ് അന്ന് പറഞ്ഞതെന്നും ലിസയുടെ അമ്മ പരാതിയിൽ പറയുന്നു.
മാർച്ച് 15ന് മുഹമ്മദലി കേരളത്തിൽ നിന്ന് മടങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പമോ തനിച്ചോ ലിസയുടെ മടക്കയാത്ര സ്ഥിരീകരിക്കാൻ അന്വേഷണസംഘത്തിന് ആയിട്ടില്ല. ലിസയുടെ ദുരൂഹമായ തിരോധാനത്തിന് പിന്നാലെയുള്ള മുഹമ്മദ് അലിയുടെ യാത്രയിൽ ദുരൂഹതയുണ്ടെങ്കിലും ഇയാളെ കേന്ദ്രീകരിച്ച് മതിയായ അന്വേഷണം സാദ്ധ്യമാകാത്തതും പ്രത്യേക സംഘത്തെ പ്രതിസന്ധിലാക്കിയിട്ടുണ്ട്.
ആദ്യമായല്ല കേരളത്തിൽ
ലിസ കേരളത്തിൽ ആദ്യമായല്ല കേരളത്തിലെത്തുന്നത്. 2011ലും കേരളത്തിലെത്തിയിരുന്നു. 2012ൽ ഈജിപ്തിലെത്തിയാണ് ലിസ ഇസ്ളാം മതം സ്വീകരിച്ചത്. വിവിധ രാജ്യങ്ങളിലെ തീവ്ര മുസ്ളീം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പശ്ചാത്തലവും ലിസയ്ക്കുണ്ട്. ഈജിപ്തിൽ മുസ്ളീം സംഘടനയ്ക്കൊപ്പം പ്രവർത്തിക്കുന്നതിനിടെ അബ്ദുൾ റഹ്മാൻ ഹാഷിം എന്നയാളെ വിവാഹം കഴിച്ചു. രണ്ട് കുട്ടികളുണ്ട്. 2016ൽ വിവാഹമോചിതയായി ജർമ്മനിയിലേക്ക് മടങ്ങി.
ലിസയ്ക്കൊപ്പം കേരളത്തിലെത്തിയ മുഹമ്മദ് അലിയ്ക്കും ഏതെങ്കിലും സംഘടനാ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലിസയെ കണ്ടെത്താനായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസും പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്തെ മതപാഠശാലകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക സംഘം നടത്തിയ അന്വേഷണങ്ങളും ഫലം കണ്ടില്ല. അതോടെയാണ് ജർമ്മനിയിൽ പോയി അന്വേഷണം നടത്താൻ പൊലീസ് തയ്യാറെടുത്തത്. കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിക്കഴിഞ്ഞാൽ സംസ്ഥാന സർക്കാരിൻറെ അനുമതി ലഭിച്ചാൽ ജർമ്മനിയിൽ നേരിട്ടെത്തി ലിസയുടെ ബന്ധുക്കളെ കണ്ട് വിവരങ്ങൾ ശേഖരിക്കാനും അതിൻറെ അടിസ്ഥാനത്തിൽ ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കാനുമാണ് പൊലീസിൻറെ ശ്രമം.