hope

ലണ്ടൻ: കൊവിഡ് മഹാമാരി ലോകത്ത് അശാന്തി പടർത്തുന്നതിനിടെ പ്രതീക്ഷയുടെ സൂചനയായി ജനിച്ച ആ സീബ്രക്കുട്ടിയ്ക്ക് ഇംഗ്ലണ്ടിലെ റാക്സ്ഹോളിലുള്ള നോഹാസ് ആർക് മൃഗശാലാധികൃതർ നൽകിയ പേര് ഹോപ് എന്നായിരുന്നു. എന്നാൽ, എല്ലാവരേയും നൊമ്പരത്തിലാഴ്ത്തി ഹോപ് ഈ ലോകത്ത് നിന്ന് ഹോപ് വിടവാങ്ങിയിരിക്കുകയാണ്.

പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഒമ്പത് മാസം മാത്രം പ്രായമുള്ള ഹോപ്പ് ഭയന്നോടിയിരുന്നു. ഓടുന്നതിനിടെ

ഹോപ് വേലികെട്ടിൽ ഇടിച്ചു വീണു. പിന്നീട് മരിക്കുകയായിരുന്നു. ഹോപ്പിന്റെ ശരീരം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് പെട്ടെന്നുണ്ടായ ഞെട്ടലാണ് മരണകാരണമായതെന്ന് തിരിച്ചറിഞ്ഞത്.

ഹോപ്പിനെ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് മൃഗശാല ജീവനക്കാർ. സംഭവത്തിന് തൊട്ടു മുൻപ് വരെ പൂർണ ആരോഗ്യവതിയായിരുന്നു ഹോപ് എന്ന് മൃഗശാല അധികൃതർ പറയുന്നു. ഹോപിന്റെ മരണത്തിൽ വിഷമമുണ്ടെങ്കിലും ഇത് മനുഷ്യർക്ക് തിരിച്ചറിവ് നൽകുന്ന ഒരു പാഠമാകുമെന്ന പ്രതീക്ഷയും മൃഗശാല പങ്കുവയ്ക്കുന്നുണ്ട്.

നിമിഷ നേരം നീണ്ടുനിൽക്കുന്ന സന്തോഷങ്ങൾക്കായി പടക്കവും മറ്റും പൊട്ടിച്ച് ആഘോഷിക്കുമ്പോൾ മറ്റ് ജീവികളെ കൂടി നാം പരിഗണിക്കേണ്ടതുണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഹോപ്പിന്റെ മരണം. പടക്കങ്ങളുടെ ശബ്ദം പൊതുവേ ജീവജാലങ്ങളിലെല്ലാം ഭയമുണ്ടാക്കുന്ന ഒന്നാണ്. അവയുടെ ജീവൻ അപകടത്തിലാക്കുന്ന മാർഗങ്ങൾ ഒഴിവാക്കി സുരക്ഷിതമായ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ഇനിയെങ്കിലും സാധിക്കണമെന്നും മൃഗശാലയിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

കുറച്ച് ദിവസം മുൻപ് പടക്കം പൊട്ടുന്ന ശബ്ദം മൂലം മൂന്ന് വളർത്തു കിളികൾ പേടിച്ചു ചത്തു എന്ന പരാതിയുമായി ഡർബിഷെയർ സ്വദേശിയായ അബി സിസ്സൺസ് രംഗത്തുവന്നിരുന്നു. പടക്കങ്ങളുടെ ശബ്ദം കേട്ട ഉടനെ കിളികൾ കൂടിനുള്ളിലൂടെ ഭയന്ന് പറക്കുകയായിരുന്നു. നിമിഷങ്ങൾക്കകം അവ ചത്തു വീഴുകയും ചെയ്തു - അബി പറയുന്നു.

ബോൺഫയർ ആഘോഷങ്ങളെ തുടർന്ന് ബ്രിട്ടനിലെ പല ഭാഗങ്ങളിൽ നിന്നും മൃഗങ്ങൾക്ക് അപകടം ഉണ്ടായതായി പരാതികളുണ്ട്. പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണങ്ങളില്ലാത്തതിനെതിരെ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും കടുത്ത വിമർശനങ്ങളാണുയരുന്നത്.