ബംഗളൂരു: ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട കളളപ്പണ-ബിനാമി കേസിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിലുളള ബിനീഷിനെ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാറ്റുക. ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാനായി ഇ.ഡി ഒരാഴ്ചത്തെ സമയം ചോദിച്ചതിനെ തുടർന്നാണിത്.
കഴിഞ്ഞ പന്ത്രണ്ട് ദിവസമായി എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുളള ബിനീഷിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തത്. കേസിൽ മുഖ്യപങ്കുണ്ടെന്ന് ഇ.ഡി സംശയിക്കുന്ന കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നാണ് കരുതുന്നത്. ലഹരിമരുന്ന് കേസിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ബിനീഷിനെയും ലത്തീഫിനെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി ആലോചിക്കുന്നത്.എന്നാൽ ഒളിവിലായ അബ്ദുൾ ലത്തീഫിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.