ipl

അടുത്ത സീസൺ ഐ.പി.എല്ലിൽ ഒൻപതാമതൊരു ടീമിനെക്കൂടി ഉൾപ്പെടുത്തും

അഹമ്മദാബാദ് കേന്ദ്രമാക്കി അദാനി ഗ്രൂപ്പിന്റെ ടീമിന് സാദ്ധ്യത

പുതിയ സീസണിന് മുമ്പ് മെഗാതാരലേലം നടത്താനും ബി.സി.സി.ഐ പദ്ധതി

മുംബയ് : കൊവിഡ് പ്രതിസന്ധിക്കിടയിൽ യു.എ.ഇയിലേക്ക് മാറ്റിയെങ്കിലും 13-ാം സീസൺ ഐ.പി.എൽ വിജയകരമായി നടത്തിത്തീർത്ത ആത്മവിശ്വാസത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് 2021 ഏപ്രിലിൽ നടക്കേണ്ട അടുത്ത സീസൺ ഐ.പി.എല്ലിൽ ഒരു ടീമിനെക്കൂടി ഉൾപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടുനീങ്ങുന്നു. നിലവിൽ എട്ടു ടീമുകളാണ് ഐപിഎലിൽ മാറ്റുരയ്ക്കുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള പുതിയൊരു ടീമാണ് പരിഗണനയിലെന്നാണ് വിവരം. പ്രമുഖ വ്യവസായികളായ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാകും പുതിയ ടീമെന്നും സൂചനയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയോടെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പണികഴിപ്പിച്ച മൊട്ടേറയിലെ സർദാർ പട്ടേൽ സ്റ്റേഡിയമാകും പുതിയ ടീമിന്റെ ഹോം ഗ്രൗണ്ട്.

കൊവിഡും ചൈനീസ് കമ്പനി ഒപ്പോയെ മുഖ്യ സ്പോൺസർ സ്ഥാനത്തുനിന്ന് മാറ്റേണ്ടിവന്നതും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് പുതിയ ടീമിനെ അവതരിപ്പിക്കാനുള്ള ബിസിസിഐ നീക്കം. മുൻപ് പദ്ധതിയിട്ടിരുന്നതുപോലെ 2021 സീസണിന് മുന്നോടിയായി മെഗാ ലേലം സംഘടിപ്പിക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള താരങ്ങളിൽ മൂന്നു പേരെ മാത്രം ടീമിൽ നിലനിർത്തി സമ്പൂർണ അഴിച്ചുപണിക്ക് വഴിയൊരുക്കുന്നതാണ് മെഗാ ലേലം.

മെഗാ ലേലം സംഘടിപ്പിക്കാനുള്ള സന്നദ്ധത ബിസിസിഐ എല്ലാ ഫ്രാഞ്ചൈസികളെയും അറിയിച്ചിട്ടുണ്ട്. ലേലത്തിനായി ഒരുങ്ങാനും നിർദ്ദേശം നൽകി. ഇത്തവണ യു.എ.ഇയിലെ മൂന്നു വേദികളിലായാണ് സംഘടിപ്പിച്ചതെങ്കിലും, അടുത്ത സീസൺ ഇന്ത്യയിൽ തന്നെ നടത്താനാണ് ശ്രമമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സൂചന നൽകിയിട്ടുണ്ട്.