കലാകാരൻമാരുടെയും എഴുത്തുകാരുടെയും പ്രിയപ്പെട്ട സുന്ദരിയാണ് നിറം മാറുന്ന കോട്ടൺ റോസ് അഥവാ ചെയിഞ്ചിംഗ് റോസ് പൂക്കൾ. ചൈനീസ് പ്രവിശ്യകളിൽ ഏറ്റവും കൂടുതൽ പൂത്തുലഞ്ഞ് നില്ക്കുന്ന ഇക്കൂട്ടർക്ക് പേരിൽ റോസ് എന്നുണ്ടെങ്കിലും ചെമ്പരത്തിയോട് നല്ല സാമ്യമാണ്. ഒറ്റ നോട്ടത്തിൽ ആൾ നമ്മുടെ നാടൻ അടുക്കു ചെമ്പരത്തി തന്നെ. പക്ഷേ, നിറം മാറാനുള്ള കഴിവാണ് ഇവയെ വ്യത്യസ്ഥമാക്കുന്നത്.
രാവിലെ വിടരുന്ന ഈ പൂക്കൾ ഉച്ചയോടെ തിളക്കമേറിയ പിങ്ക് നിറത്തിലെത്തുന്നു. വിരിയുമ്പോൾ വെള്ളയോ നേർത്ത പിങ്കോ ആയിരിക്കും നിറം. വൈകുന്നേരമാകുമ്പേഴേക്കും ചുവപ്പോ കടും പിങ്ക് നിറത്തിലേക്കോ കടക്കുന്നു. മദ്ധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് കോട്ടൺ റോസിന്റെ ജന്മദേശം എന്നാണ് കരുതുന്നത്.
ഇന്ന് ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും അലങ്കാരച്ചെടികളായി ഇവയെ വളർത്തുന്നുണ്ട്. കോട്ടൺ റോസിന്റെ സവിശേഷതകൾ കേട്ട് അവരെ വളർത്താനും പരിപാലിക്കാനും വലിയ ബുദ്ധിമുട്ടാണെന്ന് കരുതേണ്ട. വലിയ ഇടതൂർന്ന കോട്ടൺ റോസ് പൂക്കൾ തഴച്ചു വളരുന്നതിന് സാധാരണ രീതിയിലുള്ള പരിചരണവും സംരക്ഷണവും മതിയാകും.
നല്ല സൂര്യ പ്രകാശമോ അല്ലെങ്കിൽ ഭാഗിക തണലോ ഇവയ്ക്ക് നൽകാം. വെള്ളത്തെ നന്നായി വലിച്ചെടുക്കാൻ കഴിയുന്ന മണ്ണാണ് ഇവയ്ക്ക് ഉത്തമം. കമ്പ് മുറിച്ച് നട്ടാണ് പുതിയ കോട്ടൺ റോസുകൾ വളർത്തുന്നത്. ശിഖരങ്ങളായിട്ടാണ് ഇവ വളരുന്നത്. ഏകദേശം അഞ്ച് മീറ്റർ വരെ ഉയരമുണ്ടാകും ചെടിക്ക്. കോട്ടൺ റോസിന്റെ പൂക്കൾക്ക് ഒറ്റ തട്ടായോ ഇരട്ട തട്ടായോ ഇതളുകൾ കാണപ്പെടുന്നു.
4 മുതൽ 6 ഇഞ്ച് വരെയാണ് പൂക്കളുടെ വലിപ്പം. വേനൽക്കാലത്താണ് ഇവർ സുലഭമായി പൂക്കുന്നത്. ശൈത്യകാലത്ത് ഇലകൾ പൊഴിഞ്ഞു പോകും. കമ്പോസ്റ്റ്, മത്സ്യവളം, ചാണകപ്പൊടി തുടങ്ങിയ ജൈവവളങ്ങൾ കോട്ടൺ റോസിന് അനുയോജ്യമാണ്. ഇതൊന്നും ലഭ്യമല്ലെങ്കിൽ ഉണങ്ങിയ ഇലകളും മറ്റും തന്നെ വളർച്ചയ്ക്ക് ധാരാളം.