ഭാഷയിൽ പുതിയ പദങ്ങളുണ്ടാകുന്നത് പുതിയ ആശയങ്ങൾ ആവിഷ്കരിക്കാനും, ഇതുവരെയില്ലാത്ത സാഹചര്യങ്ങളോട് പ്രതികരിക്കാനും വേണ്ടിയാണ്. ഇപ്പോൾ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊവിഡ് 19 ന്റെ വ്യാപനം ചെറുക്കാൻ അവശ്യം വേണ്ട മൂന്ന് നടപടികളെ 'sms" എന്ന ചുരുക്കപ്പേരിൽ വിശേഷിപ്പിക്കാറുണ്ട്. എഫ് .എം റേഡിയോ ജോക്കികളും സർക്കാർ പരസ്യങ്ങളും ഇതു വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. കൊറോണ വൈറസിനെതിരെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശുദ്ധിയാക്കുക (sanitise ), മൂക്കും വായും മൂടുന്ന ഫേസ് മാസ്ക് ധരിക്കുക (mask ), രണ്ടുമീറ്റർ ദൂരം പാലിക്കുക (socialdistance ) എന്നീ ജാഗ്രതാനിർദ്ദേശങ്ങൾ ഇപ്പോൾ എല്ലാവർക്കുമറിയാം. ലോകാരോഗ്യ സംഘടനയാണ് ഈ പ്രോട്ടോക്കോൾ നിഷ്കർഷിക്കുന്നത്. ഈ മുൻകരുതലുകൾ കൃത്യമായി പാലിച്ചാൽ വൈറസ് ബാധയിൽ നിന്ന് രക്ഷപ്പെടാം. അവ അനുസരിക്കാൻ നമ്മളെല്ലാം ബാധ്യസ്ഥരുമാണ്. എന്നാൽ ഈ മൂന്ന് വാക്കുകളിൽ 'സാമൂഹ്യ അകലം എന്ന പദപ്രയോഗത്തോട് യോജിക്കാൻ വൈഷമ്യമുണ്ട് . അകലം പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്നല്ല. പക്ഷേ social distance അഥവാ സാമൂഹ്യ അകലം എന്ന പ്രയോഗം ഉചിതമല്ല. പരിഭാഷയ്ക്ക് കുഴപ്പമുണ്ടെന്നല്ല. പക്ഷേ നമ്മുടെ ചരിത്രാവബോധത്തിന്റെ പ്രതലത്തിൽ ഈ പദങ്ങൾ പതിയുമ്പോൾ, ഭൂതകാലത്തിന്റെ പ്രേതനിഴലുകൾ ഉണരുന്നത് പോലെ തോന്നും. കേരളത്തിന്റെ മനസിന് തെല്ലും അഭിമാനം പ്രദാനം ചെയ്യാത്ത ഒരു ഭൂതകാലം! ബ്രാഹ്മണനും നായരും ഈഴവനും പുലയനും തങ്ങളിൽ എത്ര അടി ദൂരം പാലിക്കണമെന്ന് നിഷ്കർഷിച്ചിരുന്ന ഒരു ഭ്രാന്തൻ സാമൂഹ്യക്രമത്തിൽ നിന്ന് ഇച്ഛാശക്തിയോടെ സ്വാതന്ത്ര്യം നേടിയ മലയാളിക്ക് പിന്നെയും അകലം, അതും സാമൂഹ്യ അകലം എന്ന വാക്ക് കേൾക്കുമ്പോൾ അറിയാതെ നെറ്റി ചുളിയും. കൊവിഡിന്റെ സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടി അടുത്തിടപഴകാൻ പാടില്ല. അത് രോഗവ്യാപനത്തിനു കാരണമാകും. അതുകൊണ്ടു അകലം പാലിക്കണം. പക്ഷേ അതിനെ 'ശാരീരിക അകലം" എന്ന് വിശേഷിപ്പിച്ചാൽ മതിയല്ലോ. സാമൂഹ്യ അകലം സൂക്ഷിക്കണമെന്നല്ല ഈ നിർദ്ദേശത്തിന്റെ വിവക്ഷ. സമൂഹത്തിലെ അകലമല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. നിലനിറുത്തേണ്ടത് രണ്ടു ഉടലുകൾ തമ്മിലുള്ള അകലം മാത്രമാണ്. 'ശാരീരിക അകലം "എന്ന പ്രയോഗമാണ് കൂടുതൽ പ്രസക്തവും കൃത്യവും.
സാമൂഹ്യ അസമത്വം ഒട്ടൊക്കെ അപ്രത്യക്ഷമായ പാശ്ചാത്യ ജനാധിപത്യ സമൂഹങ്ങളുടെ സന്ദർഭത്തിൽ social distance എന്ന നിർദ്ദേശം മറ്റൊരു വൈകാരികമായ അർത്ഥവും ഓർമ്മകളും ഉണർത്താൻ സാധ്യതയില്ല. എന്നാൽ ഇപ്പോഴും ഫ്യൂഡൽ മനഃസ്ഥിതി പൂർണമായും മാഞ്ഞു പോയിട്ടില്ലാത്തതും ഒട്ടൊക്കെ സാമൂഹ്യ ശ്രേണികൾ അദൃശ്യമായെങ്കിലും ജീവിതങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നതുമായ നമ്മുടെ ജീവിതത്തിൽ സാമൂഹ്യ അകലം എന്ന ആശയം കരണീയമല്ല. അകലങ്ങളുടെ അപകടത്തിൽ നിന്ന് ശ്രീ നാരായണ ഗുരുദേവന്റെയും മറ്റനേകം ഉല്പതിഷ്ണുക്കളുടെയും സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രഭാവം കൊണ്ടും പ്രവർത്തനം കൊണ്ടും സ്വയം രക്ഷനേടിയ സമൂഹമാണ് നമ്മളുടേത്. അകലങ്ങളെ അതിജീവിച്ച പ്രക്രിയയാണ് നമ്മുടെ നവോത്ഥാനം. ഉപേക്ഷിച്ച അകലങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരികയെന്നത് അസ്വസ്ഥതയുളവാക്കുന്നു.
ഈ രോഗത്തിന്റെ പ്രത്യേകതകൊണ്ട് മാത്രം ആവശ്യമായി വന്നിരിക്കുന്ന അകലം സാമൂഹ്യ അകലമല്ല ശാരീരിക അകലമാണെന്ന് ഇപ്പോൾ നമുക്കറിയാമെങ്കിലും, ഭാവിയിൽ ഇതിന് മറ്റു വ്യാഖ്യാനങ്ങൾ കൊടുക്കാൻ കെൽപ്പുള്ള ഭാവനാ കുബേരന്മാരായ ചരിത്രകാരന്മാർ ഉണ്ടായിക്കൂടെന്നില്ല. എന്തുകൊണ്ടും ശാരീരിക അകലം പാലിക്കുക എന്ന് പരസ്യങ്ങളിൽ സ്പഷ്ടീകരിക്കുന്നത് ഉചിതമായിരിക്കും. ഒരു വാക്കിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാകും; വാക്കിലാണെല്ലാമിരിക്കുന്നതെന്നു ഉത്തരം. ഇത് വെറും ശാരീരിക അകലമാണെന്നും മാനസികമോ സാമൂഹ്യമോ ആയ അകലമല്ലെന്നും വ്യക്തമാകണം. ഉത്തരാധുനിക, സത്യാനന്തരലോകം അന്ധവിശ്വാസ മുക്തമല്ലെന്നു നമുക്കറിയാം. അന്ധവിശ്വാസ നിർമ്മിതി പുതിയ ലോകത്തിന്റെ മാരകവിനോദമാണല്ലോ. തത്കാലം നമുക്ക് സോപ്പിട്ടു കൈ കഴുകുകയും മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യാം. sms എന്നത് smp ആയത് കൊണ്ട് പ്രതിരോധശേഷി കുറയുകയില്ല.