covid

ലണ്ടൻ: നവജാത ശിശുക്കളിലെ കൊവിഡ് ബാധയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ലണ്ടനിലെ ഗവേഷകർ. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ആദ്യ പഠനമാണിത്. ലണ്ടനിലെ ഇംപീരിയൽ കോളേജ്, ഓക്‌സ്‌ഫഡ് സർവകലാശാലയിലെ നഫീൽഡ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പോപ്പുലേഷൻ ഹെൽത്ത് എന്നിവയുടെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ബ്രിട്ടനിലെ സാഹചര്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനം ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസെൻറ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 കണ്ടെത്താൻ ബുദ്ധിമുട്ട്

മുതിർന്നവരെ അപേക്ഷിച്ച് നവജാത ശിശുക്കളിലെ കൊവിഡ് ബാധ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. പരിശോധനകൾ നടത്തുന്നതിലെ പ്രയാസമാണ് ഇതിന് കാരണം. ഉയർന്ന താപനില, ഛർദ്ദി, മൂക്കൊലിപ്പ്, ചുമ, അലസമായ അവസ്ഥ എന്നിവയാണ് നവജാത ശിശുക്കളിലെ പ്രധാന കൊവിഡ് ലക്ഷണങ്ങൾ. നവജാതശിശുക്കൾക്ക് തീവ്രപരിചരണം ആവശ്യമാണ്. മുതിർന്ന കുട്ടുകൾക്ക് 13 ശതമാനം പരിചരണം ആവശ്യമായി വരുമ്പോൾ നവജാതശിശുക്കൾക്ക് 36 ശതമാനം തീവ്രപരിചരണം ആവശ്യമാണ്. എന്നാൽ നവജാത ശിശുക്കളിൽ ഗുരുതരമായ തോതിലുള്ള കൊവിഡ് ബാധകൾ കുറവാണെന്ന് പഠനം പറയുന്നു.

നവജാതശിശുക്കളിൽ കൊവിഡ് കൂടുതൽ രൂക്ഷമായി ബാധിച്ചത് ഏഷ്യൻസിനേയും കറുത്തവർഗ്ഗക്കാരെയുമാണെന്നും പഠനത്തിൽ പറയുന്നു.

 രോഗബാധ അപൂർവം

നവജാത ശിശുക്കളിൽ കൊവിഡ് അപൂർവമായിട്ട് മാത്രമാണുള്ളതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ജനിച്ച് 29 ദിവസത്തിൽ താഴെയുള്ള കുട്ടികളെയാണ് പഠനത്തിന് വിധേയമാക്കിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജനിച്ച കുട്ടികളിൽ നടത്തിയ പഠനത്തിൽ കൊവിഡ് ബാധയ്ക്കുള്ള സാഹചര്യം ഉണ്ടായിരുന്നു. 66 കുഞ്ഞുങ്ങൾക്ക് ആശുപത്രിയിൽ ചികിത്സ ആവശ്യമായി വന്നു. ആകെയുള്ള 1785 ജനനങ്ങളിൽ ഒന്ന് അല്ലെങ്കിൽ 0.06 ശതമാനം ജനനത്തിന് തുല്യമാണ് ഈ കണക്കുകൾ. ഈ മാസങ്ങളിൽ രാജ്യത്ത് കൊവിഡ് കേസുകൾ ഉയർന്നത് ഇതിന് കാരണമായിരിക്കാമെന്നും ഗവേഷകർ പറയുന്നു.