trip-with-grandpa

വാഷിംഗ്ടൺ: വാർദ്ധക്യത്തിൽ സ്വന്തം മക്കളിൽ നിന്നു വരെ അവഗണന അനുഭവിക്കേണ്ടി വരുന്നവരുണ്ട്. എന്നാൽ, 95 വയസുള്ള തന്റെ പ്രിയപ്പെട്ട ജോണി മുത്തച്ഛനെ അവഗണിക്കാനോ വൃദ്ധസദനത്തിൽ ഉപേക്ഷിക്കാനോ റോജർ ഗിൽബെർട്ട് തയ്യാറായിരുന്നില്ല. പകരം, ചേ‌ർത്ത് പിടിച്ച് ഒപ്പം നിറുത്തി. രണ്ട് വർഷം മുമ്പാണ് റോജറിന്റെ ഒപ്പം താമസിക്കാൻ അമേരിക്കയിലെ സെഡോണയിലെ വീട്ടിലേക്ക് ജോണി എത്തിയത്.

തന്റെ മുത്തച്ഛനെ സന്തോഷിപ്പിക്കാനായി റോജർ ഒരുഗ്രൻ പദ്ധതിയും തയ്യാറാക്കി. മുത്തച്ഛനുമായി ഒരു യാത്ര പോകാനായിരുന്നു റോജറിന്റെ പദ്ധതി. പ്രായാദ്ധിക്യത്തിന്റെ അവശതകൾ ഏറെയുള്ള മുത്തച്ഛനെ യാത്രയ്ക്ക് കൊണ്ടുപോകുന്നത് വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞിട്ടും, റോജർ പിന്മാറിയില്ല.

അങ്ങനെ കഴിഞ്ഞ വർഷം ഒക്ടോബറിൽ അവർ യാത്ര ആരംഭിച്ചു. ഒരു ബസിനകത്ത് മുത്തച്ഛന് ആവശ്യമായ എല്ലാ സൗകര്യവും റോജർ ഒരുക്കിയിരുന്നു.

ബാത്ത് റൂം, ബെഡ്, ടേബിൾ, വീൽചെയർ അങ്ങനെയെല്ലാം. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ജോണിയെ യുദ്ധത്തിന്റെ ബാക്കി പത്രങ്ങൾ സൂക്ഷിച്ചിരുന്ന ഒരു മ്യൂസിയം കാണിക്കാൻ റോജർ കൊണ്ട് പോയി. അവിടെയുള്ളവർ ജോണിയെ സന്തോഷത്തോടെ വരവേറ്റു. സമ്മാനങ്ങൾ നൽകി. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജീവിച്ചിരുന്ന ആളെ കണ്ടതിന്റെ സന്തോഷം പലരും പങ്കുവച്ചു. ചെറുപ്പത്തിൽ പിതാവിനെ നഷ്ടമായ ജോണി 17ാം വയസിലാണ് നാവികസേനയിൽ ചേർന്നത്. ജോലിക്കിടയിൽ പരിക്കേറ്റ് ഒരുപാട് കാലം ചികിത്സയിലായിരുന്നു. ആഗസ്റ്റ് 16 ന് ജോണി മരിച്ചു. മുത്തച്ഛനോടൊപ്പം ഒരുപാട് യാത്രകൾ പോകാൻ റോജർ പദ്ധതിയിട്ടിരുന്നു. ഗ്രേസ്‌ലാൻഡ് സന്ദർശിക്കാൻ ജോണിയും റോജറും ഏറെ അഗ്രഹിച്ചിരുന്നു. എന്നാൽ, അതിന് മുൻപ് അദ്ദേഹം യാത്രയായി.