rohit-sharma

ദുബായ് : അഞ്ച് സീസണുകളിൽ മുംബയ് ഇന്ത്യൻസിനെ ഐ.പി.എൽ ചാമ്പ്യന്മാരാക്കിയ രോഹിത് ശർമ്മയെ ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യമുയർത്തി മുൻകാല താരങ്ങൾ രംഗത്ത്. ഒറ്റ ഐ.പി.എല്ലിൽ പോലും ബാംഗ്ളൂർ ടീമിന് കിരീടം നേടിക്കൊടുക്കാൻ കഴിയാത്ത വിരാട് കൊഹ്‌ലി ഇന്ത്യൻ ടീമിനെ നയിക്കുകയും ആ ഫോർമാറ്റിൽ ഏറ്റവും മികച്ച ക്യാപ്ടനാണെന്ന് തെളിയിച്ചുകഴിഞ്ഞ രോഹിത് ഉപനായകനായി തുടരുകയും ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണറും ഡൽഹിയിൽ നിന്നുള്ള എം.പിയുമായ ഗൗതം ഗംഭീറാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് മുൻ ഇംഗ്ളണ്ട് നായകൻ മെക്കേൽ വോഗനും ട്വന്റി-20യിൽ രോഹിതിനെ ക്യാപ്ടനാക്കുന്നതാണ് നല്ലതെന്ന അഭിപ്രായമുയർത്തി.

എട്ടുസീസണുകളിൽ ബാംഗ്ളൂരിനെ നയിച്ചിട്ടും കിരീടം നേടാനാകാത്ത വിരാടിനെ ആർ.സി.ബി ക്യാപ്ടൻ സ്ഥാനത്തുനിന്നുതന്നെ മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഗംഭീർ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് രോഹിത് അഞ്ചാം വട്ടവും മുംബയ് ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ചത്. ഇതോടെ ഗംഭീർ ആക്രമണത്തിന് മൂർച്ച കൂട്ടുകയായിരുന്നു.

ഇന്ത്യൻ ടീമിന് ഫോർമാറ്റുകൾക്ക് അനുസരിച്ച് ക്യാപ്ടനെതിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കുമെന്നാണ് വോഗൻ അഭിപ്രായപ്പെട്ടത്. മൂന്ന് ഫോർമാറ്റുകളിലും ടീമിനെ നയിക്കേണ്ടതിന്റെ സമ്മർദ്ദത്തിൽ നിന്ന് വിരാടിന് മോചനം ലഭിക്കുമെന്നും സ്‌പ്ളിറ്റ് ക്യാപ്ടൻസി മിക്ക രാജ്യങ്ങളും അനുവർത്തിക്കുന്നതാണെന്നും വോഗൻ ചൂണ്ടിക്കാട്ടി. ആർ.സി.ബി ക്യാപ്ടൻസിയിൽ നിന്ന് വിരാടിനെ മാറ്റണമെന്ന ഗംഭീറിന്റെ അസിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് പക്ഷേ രോഹിതിന്റെ ക്യാപ്ടൻസിയെ അഭിനന്ദിക്കുന്നതിൽ പിശുക്കുകാട്ടിയിട്ടില്ല.

2014ലെ ആസ്ട്രേലിയൻ പര്യടനത്തിനിടെ ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചപ്പോഴാണ് വിരാട് ആദ്യമായി നായകനായത്. എന്നാൽ ഏകദിന,ട്വന്റി-20 ഫോർമാറ്റുകളിൽ ധോണി നായകനായിത്തുടർന്നു. 2017ലാണ് കൊഹ്‌ലി എല്ലാ ഫോർമാറ്റുകളിലെയും നായകസ്ഥാനം ഏറ്റെടുത്തത്. അന്നുമുതൽ രോഹിത് ഷോർട്ട് ഫോർമാറ്റുകളിൽ വൈസ് ക്യാപ്ടനാണ്. വിരാടിന്റെ അഭാവത്തിൽ 2018ലെ നിദാഹാസ് ട്രോഫിയിൽ ഉൾപ്പടെ 19 ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചു.ഇതിൽ 15 എണ്ണത്തിലും വിജയം സമ്മാനിക്കാൻ കഴിഞ്ഞു.

ഇനിയും രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്ടനായില്ലെങ്കിൽ അത് രോഹിതിന്റെയല്ല, ഇന്ത്യയുടെ നഷ്ടമാണ്.ധോണിയെ ഇന്ത്യയുടെ ഏറ്റവും മിച്ച ക്യാപ്ടനായി വാഴ്ത്തുന്നത് രണ്ട് ലോകകപ്പുകളും മൂന്ന് ഐ.പി.എല്ലുകളും നേടിയതുകൊണ്ടല്ലേ?. അങ്ങനെയെങ്കിൽ അഞ്ച് ഐ.പി.എല്ലുകൾ നേടിയ രോഹിതിനെ ഏത് അളവുകോൽ കൊണ്ടാണ് അളക്കേണ്ടത് ?.ഏകദിനത്തിലും ട്വന്റി-20യിലും ക്യാപ്ടൻസി രോഹിതിനെ ഏൽപ്പിക്കേണ്ട സമയം കഴിഞ്ഞു

- ഗൗതം ഗംഭീർ

ഇന്ത്യൻ ട്വന്റി-20 ടീമിനെ രോഹിതിനെ ഏൽപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. മറ്റെല്ലാ ടീമുകളിലും സ്‌പ്ളിറ്റ് ക്യാപ്ടൻസി വിജയകരമാണ്. ഇന്ത്യയിലും അതുവന്നാൽ വിരാടിന് ജോലി ഭാരത്തിൽ നിന്ന് ആശ്വാസമാവുകയേ ഉള്ളൂ.

- മൈക്കേൽ വോഗൻ

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയാണ് മുംബയ് ഇന്ത്യൻസ്.രോഹിത് ഈ ഫോർമാറ്റിലെ ഏറ്റവും മികച്ച ക്യാപ്ടനും.

- വിരേന്ദർ സെവാഗ്