pic

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഇതുവരെ 5,02,719 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്.സെപ്റ്റംബര്‍ 11ന് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷമായിരുന്നു. രണ്ട് മാസം കൊണ്ടാണ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷമായി ഉയർന്നത്. വെെറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

അഞ്ച് ലക്ഷം കൊവിഡ് രോഗികളിൽ 4,22,410 പേർ ഇതുവരെ രോഗ മുക്തി നേടി. 78,420 ചികിത്സയിൽ തുടരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതരുടെ എണ്ണം 5 ലക്ഷം കടന്നപ്പോഴും 1771 കൊവിഡ് മരണങ്ങൾ മാത്രമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മറ്റ് സ്ഥലങ്ങളില്‍ ഉയര്‍ന്ന മരണനിരക്കുള്ളപ്പോള്‍ കേരളത്തിലെ മരണ നിരക്ക് 0.35 മാത്രമാണ്.

ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും മറ്റും എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാല്‍ കൂടുതല്‍ വ്യാപനമുണ്ടാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.