കഷ്ടപ്പെട്ട് വീടുപണി തീർത്താലും പിന്നെ വീട്ടുടമ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് വീടിന്റെ ഉള്‍ഭാഗം അലങ്കരിക്കുക എന്നത്. ചെലവ് ചുരുങ്ങിയ രീതിയില്‍, എന്നാല്‍ കാഴ്ചയില്‍ വേറിട്ടുനില്‍ക്കുന്ന തലത്തില്‍ വീട് മോടി പിടിപ്പിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത്തരത്തില്‍ വീട് മോടി പിടിപ്പിക്കുമ്പോള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കര്‍ട്ടനുകള്‍.
ഇപ്പോള്‍ തുണികൊണ്ടുള്ള കര്‍ട്ടനുകള്‍ വീടുകളില്‍ നിന്നും പുറത്തായ മട്ടാണ്. പകരം ലൂപ്പ് കര്‍ട്ടന്‍, നൂല്‍ കര്‍ട്ടന്‍, ബാംബൂ കര്‍ട്ടന്‍ തുടങ്ങിയവയ്ക്കാണ് വിപണി വര്‍ദ്ധിച്ചു വരുന്നത്. കാഴ്ചയിലെ വ്യത്യസ്തതയും ഈടും കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പവുമാണ് ലൂപ്പ് കര്‍ട്ടന്‍, നൂല്‍ കര്‍ട്ടന്‍, ബാംബൂ കര്‍ട്ടന്‍ എന്നിവയെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ലൂപ്പ് കര്‍ട്ടന്‍ വാങ്ങാനാണ്. കര്‍ട്ടന്‍ പ്ലീറ്റ് ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകള്‍ പിടിപ്പിച്ച് തയ്ക്കുന്ന ഈ രീതി ഏറ്റവും ലളിതമായി കര്‍ട്ടനടിക്കുന്ന രീതിയാണ്. ഒരു വീടിന്റെ സ്വീകരണമുറി അലങ്കരിക്കുന്നതിന് ഇത് അനുയോജ്യമാണ്.
വീടുകള്‍ക്കു പുറമെ ഓഫീസുകള്‍ക്കും ഒരുപോലെ ഇണങ്ങുന്ന ഒന്നാണ് ലൂപ്പ് കര്‍ട്ടനുകള്‍. ലൂപ്പ് കര്‍ട്ടനുകള്‍ക്ക് ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനായി അതില്‍ വിവിധ തരത്തിലുള്ള ഹാംഗിംഗുകളും ചേര്‍ക്കാറുണ്ട്. പല നിറങ്ങളിലും വലുപ്പത്തിലും ലൂപ്പ് കര്‍ട്ടനുകള്‍ ഇന്ന് ലഭ്യമാണ്. ചെലവില്‍ ലാഭം നോക്കിയാണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉപകാരപ്പെടും. വീടുകള്‍ക്കകത്ത് ഒരു നേച്ചര്‍ ഫ്രണ്ട്‌ലി ലുക്ക് സമ്മാനിക്കുന്ന ഒന്നാണ് മുളകൊണ്ടുള്ള കര്‍ട്ടനുകള്‍.
കാലങ്ങളായി കേരളത്തില്‍ നിര്‍മിച്ചതും ഉപയോഗിച്ചതും വരുന്നവയാണ് മുളകൊണ്ടുള്ള കര്‍ട്ടനുകള്‍. വെയില്‍ അധികം അകത്തേക്ക് കടക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരത്തിലുളള കര്‍ട്ടനുകള്‍ ധാരാളമായി ഉപയോഗിച്ച് വരുന്നു. മുറിക്കുള്ളില്‍ വായുവിന്റെ തോത് നിലനിര്‍ത്തുന്നതിനും ഇത്തരം കര്‍ട്ടനുകള്‍ സഹായിക്കുന്നു.
നൂലുകൊണ്ടുള്ള കര്‍ട്ടനുകളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ഇരിക്കുന്ന മറ്റൊന്ന്. എന്നാല്‍ മറയാകുക എന്ന ഉദ്ദേശത്തോടെ കര്‍ട്ടനുകള്‍ ഇടുന്നവര്‍ക്ക് പറ്റിയ രീതിയല്ല ഇത്. വളരെയേറെ ആര്‍ട്ടിസ്റ്റിക്കായ തലത്തിലുള്ള ഒന്നാണ് നൂലുകൊണ്ടുള്ള കര്‍ട്ടനുകള്‍. വീടിന്റെ ഭിത്തിക്ക് ചേരുന്നതും കോണ്‍ട്രാസ്റ്റ് ആയതുമായ നിറങ്ങളിലുള്ള നൂല്‍ കര്‍ട്ടനുകളാണ് ഉപയോഗിക്കുന്നത്.