കൊച്ചി: കേരള ബാങ്ക് സാരഥ്യത്തിലേക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കലും എം.കെ.കണ്ണനും എത്തുമെന്ന് വ്യക്തമായി. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് ഇവരുടെ പേരാണ് പരിഗണിക്കുന്നത്.
ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞദിവസം ആരംഭിച്ചു. 26 നാണ് തിരഞ്ഞെടുപ്പ്. 14 അംഗങ്ങളാണ് സമിതിയിൽ. 13 പേർ പ്രാഥമിക കാർഷിക, സഹകരണ വായ്പ സംഘങ്ങളുടെ പ്രതിനിധികളും ഒരാൾ അർബൻ ബാങ്ക് പ്രതിനിധിയുമാണ്. ഇടതുപക്ഷത്തിനു തന്നെയാണ് മേൽക്കൈ. രണ്ട് ഇടത് അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചെയർമാനെയും വൈസ് ചെയർമാനെയും പ്രതിനിധികളാണ് തിരഞ്ഞെടുക്കുക.
യു.ഡി.എഫ് പ്രതിനിധി സ്ഥാനാർത്ഥികളിൽ പ്രമുഖൻ ഇ.എം. ആഗസ്തിയാണ്. അർബൻ ബാങ്ക് പ്രതിനിധിയാണ് ഗോപി കോട്ടമുറിക്കൽ. തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.കെ.കണ്ണൻ പ്രാഥമിക സംഘങ്ങളുടെ പ്രതിനിധിയാണ്. മുൻ എം.എൽ.എയും പാർട്ടി എറണാകുളം മുൻ ജില്ലാ സെക്രട്ടറിയുമായ ഗോപി കോട്ടമുറിക്കൽ ഇപ്പോൾ മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാനും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗവുമാണ്. ഖാദി ബോർഡ് വൈസ് ചെയർമാൻ, സെറിഫെഡ് ചെയർമാൻ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മുൻ എം.എൽ.എയായ എം.കെ.കണ്ണൻ എം.വി.രാഘവനൊപ്പം പാർട്ടി വിട്ടശേഷം തിരികെ വന്നയാളാണ്. സി.എം.പി ജനറൽ സെക്രട്ടറിയുമായിരുന്നു. ട്രേഡ് യൂണിയൻ രംഗത്തും സഹകരണ മേഖലയിലും ദീർഘനാളത്തെ അനുഭവസമ്പത്തുണ്ട്.