indian-cricket

ദുബായ് : ഐ.പി​.എൽ കഴി​ഞ്ഞതോടെ ഇന്ത്യൻ ക്രി​ക്കറ്റ് ടീം അംഗങ്ങൾ മൂന്നുമാസത്തോളം നീളുന്ന ആസ്ട്രേലി​യൻ പര്യടനത്തി​നായി​ യു.എ.ഇയിൽ നി​ന്ന് യാത്രതി​രി​ക്കും. മൂന്ന് വീതം ട്വന്റി-20യും ഏകദിനങ്ങളും നാലു ടെസ്റ്റുകളുമാണ് പര്യടനത്തിനുള്ളത്.

ആസ്ട്രേലിയയിലെത്തുന്ന ഇന്ത്യൻ ടീം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കും. അതിന് ശേഷമേ മത്സരങ്ങൾക്ക് ഇറങ്ങൂ. ഏകദിന പരമ്പരയാണ് ആദ്യം. തുടർന്ന് ട്വന്റി-20കൾ. ഡിസംബറിൽ അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം ക്യാപ്ടൻ വിരാട് കൊഹ്‌ലി ഭാര്യയു‌ടെ പ്രസവത്തിനായി ഇന്ത്യയിലേക്ക് മടങ്ങും. മലയാളി താരം സഞ്ജു സാംസണെ ആദ്യം ട്വന്റി-20 ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് ഏകദിനത്തിലുമെടുത്തിട്ടുണ്ട്.

ഐ.പി.എല്ലിനിടെ സംഭവിച്ച പരിക്കിൽ നിന്ന് മോചിതനായി കളിക്കാനിറങ്ങിയ രോഹിത് ശർമ്മ ടീമിനാെപ്പം ഇപ്പോൾ ആസ്ട്രേലിയയിലേക്ക് പോകുന്നില്ല. ട്വന്റി-20,ഏകദിന പരമ്പരകളിൽ വിശ്രമം അനുവദിക്കപ്പെട്ട രോഹിത് നാട്ടിലേക്ക് മടങ്ങും. ബി.സി.സി.ഐയുടെ ഫിറ്റ്നെസ് ടെസ്റ്റ് പാസായ ശേഷം ആദ്യ ടെസ്റ്റിന് 14 ദിവസം ക്വാറന്റൈൻ കണക്കിലെടുത്ത് ആസ്ട്രേലിയയിലേക്ക് പോകും.

ഐ.പി​.എല്ലി​ൽ കളി​ക്കാത്ത ടെസ്റ്റ് താരങ്ങളും കോച്ച് രവി​ ശാസ്ത്രി​ അടക്കമുള്ള സപ്പോർട്ടിംഗ് സ്റ്റാഫും നേരത്തേ യു.എ.ഇയി​ലെത്തി​ ബയോസെക്യുർ ബബി​ളി​ൽ പ്രവേശി​ച്ചി​രുന്നു. ഐ.പി​.എൽ പ്ളേ ഓഫി​ൽ ഇടം പി​ടി​ക്കാത്ത ടീമുകളി​ലെ പര്യടനത്തി​നുള്ള താരങ്ങൾ ഐ.പി​.എൽ ബബി​ളി​ൽ നി​ന്ന് ഇന്ത്യൻ ടീമി​ന്റെ ബബി​ളി​ലേക്ക് വന്നുചേർന്നു. ഫൈനലും കഴി​ഞ്ഞതോടെ എല്ലാ താരങ്ങളും ഇന്ത്യൻ ബബി​ളി​നുള്ളി​ലായി​.

ഒാസീസ് പര്യടന ഫിക്സ്ചർ

ഏകദിനങ്ങൾ

നവംബർ 27,29 ഡിസംബർ 2

ട്വന്റി-20കൾ

ഡിസംബർ 4,6,8

ടെസ്റ്റുകൾ

1. ഡിസംബർ 17-21

2. ഡിസംബർ 26-30

3. ജനുവരി 7-11

4.ജനുവരി 15-19

പുത്തൻ കുപ്പായത്തിൽ ഓസീസ്

ഇന്ത്യയ്ക്കെതിരായ ഏകദിന,ട്വന്റി-20 പരമ്പരകളിൽ തങ്ങളുടെ പുതിയ ജഴ്സി ആസ്ട്രേലിയൻ ടീം പുറത്തിറക്കി . തദ്ദേശീയ ആദിമ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ വ്യക്തമായി രൂപകൽപ്പന ചെയ്തതാണ് പുതിയ ജഴ്സി.