pm

അര നൂറ്റാണ്ടായി പ്രധാനമന്ത്രി

മനാമ: ആധുനിക ബഹ്റൈനിന്റെ ശിൽപ്പിയും അരനൂറ്റാണ്ടായി പ്രധാനമന്ത്രിയുമായിരുന്ന ഷേഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അമേരിക്കയിലെ മയോ ക്ലിനിക്ക് ആശുപത്രിയിൽ അന്തരിച്ചു. 84 വയസായിരുന്ന അദ്ദേഹം കുറേ നാളായി മയോക്ലിനിക്കിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് അദ്ദേഹം ചികിത്സ‌യ്‌ക്കായി പോയത്. മൃതദേഹം മനാമയിൽ എത്തിച്ച് കബറടക്കും.

ബഹ്റൈനിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പതാക താഴ്‌ത്തിക്കെട്ടും. സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് അടച്ചിടും.

1970ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത 50 വർഷമായി തൽസ്ഥാനത്ത് തുടരുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തിയാണ് അദ്ദേഹം. സ്വദേശികളോടെന്ന പോലെ പ്രവാസികളോടും ഏറെ സ്നേഹം പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു.

1783 മുതൽ രണ്ട് നൂറ്റാണ്ടിലേറെയായി ബഹ്റൈൻ ഭരിക്കുന്നഅൽ ഖലീഫ രാജവംശത്തിലെ കണ്ണിയായിരുന്നു ഷെയ്ഖ് സൽമാൻ.1942 മുതൽ 61 വരെ ഭരണാധികാരിയായിരുന്ന ഷെയ്‌ക്ക് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പുത്രനാണ്. അദ്ദേഹമാണ് ബഹ്റൈനെ ഉയരങ്ങളിലെത്തിച്ചത്.

1971ലാണ് ബഹ്റൈൻ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചിതമായത്. അതിന് ഒരു വർഷം മുൻപേ സ്ഥാനമേറ്റെടുത്ത ഷെയ്ഖ് ഖലീഫ ബഹ്റൈനെ എല്ലാ മേഖലകളിലും വികസിപ്പിക്കുകയും ആധുനികതയിലേക്ക് നയിക്കുകയും ചെയ്തു.

2011ലെ അറബ് വസന്തത്തിൽ സർക്കാരിന് എതിരായി ഉയർന്ന പ്രക്ഷോഭത്തെ അതിജീവിച്ച ഭരണാധികാരിയാണ്.

അമേരിക്കൻ നേവിയുടെ അഞ്ചാമത്തെ താവളമായ ബഹ്റൈനെ മികച്ച സമ്പദ്ഘടനയുള്ള രാജ്യമായി കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളുമായി നയതന്ത്ര ബന്ധ ചർച്ചകൾക്കായി സ്വകാര്യ ദ്വീപിൽ അദ്ദേഹം സ്ഥാപിച്ച വിശ്രമ കേന്ദ്രം പ്രസിദ്ധമാണ്.

അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ലോക നേതാക്കളും അനുശോചിച്ചു.