
ന്യൂഡൽഹി : അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിലെ വെല്ലുവിളി വെളിപ്പെടുത്തി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണമെന്നതാണ് വെല്ലുവിളിയാകുന്നത്. ഇത് ഇന്ത്യയിൽ പ്രായോഗികമല്ലെന്ന് ഗുലേറിയ പറയുന്നു
' ഫൈസർ വാക്സിൻ - 70 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് സൂക്ഷിക്കേണ്ടത്. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്ക് ഇത് വെല്ലുവിളിയാണ്. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ ഈ താപനിലയിൽ വാക്സിൻ സൂക്ഷിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. ' ഗുലേറിയ ആശങ്ക പ്രകടിപ്പിച്ചു.
ഫൈസറിന്റെ കൊവിഡ് 19 വാക്സിൻ വൈറസിനെതിരെ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ജർമൻ കമ്പനിയായ ബയോൺടെകുമായി ചേർന്നാണ് ഫൈസർ വാക്സിൻ വികസിപ്പിച്ചത്. സാധാരണ ശീതീകരണ സംവിധാനത്തിൽ അഞ്ച് ദിവസത്തേക്ക് മാത്രമാണ് തങ്ങൾ വികസിപ്പിച്ച വാക്സിൻ സൂക്ഷിക്കാൻ കഴിയുന്നതെന്ന് ഫൈസർ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട്, അതിശക്തമായ കോൾഡ് സ്റ്റോറേജ് സംവിധാനം അനിവാര്യമാണ്. 50 ദശലക്ഷം ഡോസുകൾ ഈ വർഷം തന്നെ വിതരണം ചെയ്യാനാണ് ഫൈസർ ലക്ഷ്യമിടുന്നത്.