mumbai-indian

അഞ്ചാം ഐ.പി.എൽ കിരീടം സ്വന്തമാക്കി മുംബയ് ഇന്ത്യൻസ്

ദുബായ് : ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിനെ മുംബയ് ഇന്ത്യൻസസ് പ്രിമിയർ ലീഗാക്കി രോഹിത് ശർമ്മയും സംഘവും ദുബായ്‌യിൽ വച്ച് ഏറ്റുവാങ്ങിയത് ടീമിന്റെ അഞ്ചാം കിരീടം. മറ്റൊരു ടീമിനും ത്ളുടെ അടുത്തുപോലുമെത്താൻ കഴിയാത്ത രീതിയിൽ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീമെന്ന പട്ടം മുംബയ് ഇന്ത്യൻസിന്റെ മസ്തകത്തിൽ ചാർത്തപ്പെട്ടുകഴിഞ്ഞു. ഫൈനലിലെത്തിയ ആറ് തവണയിൽ ഒരിക്കൽ മാത്രമാണ് മുംബയ് ഇന്ത്യൻസിന് കിരീടം നേടാനാകാതെ പോയത്,2010ലെ ആദ്യ തവണയിൽ.

കഴിഞ്ഞ ദിവസം കന്നിഫൈനലിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചാണ് മുംബയ് അഞ്ചാം കിരീടമണിഞ്ഞത്.ആദ്യം ബാറ്റു ചെയ്ത ഡൽഹി 156/7 എന്ന സ്കോർ ഉയർത്തിയപ്പോൾ മുംബയ് 18.4ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു. തുടക്കത്തിലെ ബാറ്റിംഗ് തകർച്ചയ്ക്ക് ശേഷം ക്യാപ്ടൻ ശ്രേയസ് അയ്യരുടെയും (65) റിഷഭ് പന്തിന്റെയും (56) പോരാട്ടത്തിലൂടെയായിരുന്നു ഡൽഹി 150 കടന്നത്. എന്നാൽ രോഹിത് ശർമ്മ(68),ഡികോക്ക് (20),സൂര്യകുമാർ(19),ഇശാൻ കിഷൻ (33) എന്നിവരുടെ സ്ഥിരതയ്ക്ക് മുന്നിൽ അതൊരു വലിയ സ്കോറേ ആയിരുന്നില്ല.

ഈ സീസണിൽ നാലാംതവണയാണ് മുംബയ് ഇന്ത്യൻസ് ഡൽഹിയെ തോൽപ്പിക്കുന്നത്. ആദ്യ ക്വാളിഫയറിൽ ഡൽഹിയെ തോൽപ്പിച്ചാണ് മുംബയ് ഫൈനൽ ഉറപ്പിച്ചതും. ലീഗ് റൗണ്ടിൽ പോയിന്റ് പട്ടികയിൽ ഒന്നാമതായി ഫിനിഷ് ചെയ്ത മുംബയ് ഇന്ത്യൻസും രണ്ടാമതായി ഫിനിഷ് ചെയ്ത ഡൽഹിയും തമ്മിലുള്ള വ്യത്യാസം എത്ര വലുതായിരുന്നുവെന്ന് പ്ളേ ഓഫിലെ രണ്ട് മത്സരങ്ങളും വ്യക്തമാക്കിത്തന്നു.

ആദ്യമായാണ് മുംബയ് ഇന്ത്യൻസ് ഫൈനലിൽ ധോണി നയിച്ച ഒരു ടീമിനെയല്ലാതെ തോൽപ്പിക്കുന്നത്.

മുംബയ് കിരീടങ്ങൾ

2013

ആദ്യമായി ഫൈനലിലെത്തിയ 2010ൽ തങ്ങളെ തോൽപ്പിച്ച ചെന്നൈയെ മൂന്ന് വർഷത്തിന് ശേഷം മുംബയ് ഫൈനലിൽ വീഴ്ത്തിയത് 23 റൺസിനാണ്. 149 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയെ 125/9ൽ ഒതുക്കിയത് മലിംഗ,മിച്ചൽജോൺസൺ,ഹർഭജൻ സിംഗ് എന്നിവരുടെ ബൗളിംഗ് മികവിലൂടെ

2015

രണ്ടാം വട്ടം ചെന്നൈ സൂപ്പർ കിംഗ്സിനെ ഫൈനലിൽ തോൽപ്പിച്ചത് 41 റൺസിന്. ആദ്യം ബാറ്റുചെയ്ത മുംബയ് ലെൻഡൽ സിമ്മോൺസിന്റെയും (68),രോഹിതിന്റെയും (50) അർദ്ധസെഞ്ച്വറി മികവിൽ 202 റൺസെടുത്തു. ചെന്നൈയുടെ മറുപടി 161/8ലൊതുങ്ങി

2017

ധോണിയുടെ ക്യാപ്ടൻസിയിലിറങ്ങിയ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനെ കീഴടക്കിയത് ഒറ്റ റൺസിന്. മുംബയ് നൽകിയ 130 റൺസിന്റെ ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ പൂനെ 128/6ൽ ഒതുങ്ങി. 13 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ മിച്ചൽ ജോൺസൺ നൽകിയത് 11 റൺസ് മാത്രം.

2019

ഒരിക്കൽക്കൂടി ഫൈനലിൽ മുംബയ്‌യുടെ ഒരു റൺ വിജയം. ആദ്യം ബാറ്റുചെയ്ത മുംബയ് 149/8 എന്ന സ്കോർ ഉയർത്തി. ചെന്നൈയെ 148/7ൽ തളയ്ക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ബുംറയുടെയും രാഹുൽ ചഹറിന്റെയും ബൗളിംഗ് .