foods

രാവിലെ ഒരു ചായയോ അല്ലെങ്കില്‍ ഒരു കാപ്പിയോ കുടിച്ചാണാല്ലോ നമ്മള്‍ എല്ലാവരും ദിവസം തുടങ്ങാറുള്ളത്. എന്നാല്‍ ഇനി മുതല്‍ ആ ശീലം വേണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നത്. വെറും വയറ്റില്‍ ചെറുചൂടുവെള്ളം കുടിച്ച് തന്നെ ദിവസം ആരംഭിക്കണം.

രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം രണ്ടോ മൂന്നോ നട്‌സ് അല്ലെങ്കില്‍ ഉണക്ക മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കാരണം ഇവ കഴിക്കുന്നത് ദിവസം മുഴുവനും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍, വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ ഇവയാണ്.

സോഫ്റ്റ് ഡ്രിങ്ക്‌സ്

വെറും വയറ്റില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.സോഫ്റ്റ് ഡ്രിങ്കുകള്‍ ഉത്പാദിപ്പിക്കുന്നത് കൃത്രിമനിറങ്ങളും പ്രിസര്‍വേറ്റീവുകളും (ഭക്ഷ്യവസ്തുക്കള്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്നവ) സുക്രോസ് അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഷുഗര്‍ തുടങ്ങിയവയും കൂട്ടിക്കലര്‍ത്തിയാണ്. രാവിലെ ഇവ കഴിക്കുന്നത് ഛര്‍ദ്ദിയും ഗ്യാസ് ട്രബിളും ഉണ്ടാകുന്നതിന് കാരണമാകും.

സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നത് രക്തത്തിലെ ട്രൈഗ്ലിസറൈഡ്, ചീത്ത കൊഴുപ്പുകളുടെ ഉത്പാദനം എന്നിവ കൂട്ടുന്നതിന് കാരണമാകും. സ്ഥിരമായ ഉപയോഗം നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ ഡിസീസിനും വിശപ്പുകൂട്ടുന്നതിനും കാരണമാകുന്നു.

എരിവുള്ള ഭക്ഷണങ്ങള്‍

വെറും വയറ്റിലോ അല്ലെങ്കില്‍ പ്രഭാതഭക്ഷണത്തിലോ എരിവുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നതിനും അസിഡിറ്റിയ്ക്കും കാരണമാകും.

കോള്‍ഡ് കോഫി

വെറും വയറ്റില്‍ കോള്‍ഡ് കോഫിയോ അല്ലെങ്കില്‍ ഐസ് ടീയോ കുടിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇത് ദഹനം മന്ദഗതിയിലാക്കുന്നതിന് കാരണമാകും.


സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് അമിത ആസിഡ് ഉല്‍പാദനത്തിന് കാരണമാകും. പഴങ്ങള്‍ നാരുകളുടെ സമൃദ്ധമായ ഉറവിടമാണ്, ഇത് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍ നിങ്ങളുടെ വയറ്റില്‍ അധിക ഭാരം വരുത്തും.