ന്യൂഡൽഹി: ജനങ്ങൾ ജനാധിപത്യമെന്ന ഉത്സവം വളരെ ആവേശത്തോടെ ആഘോഷിച്ചുവെന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് നടന്നതെങ്കിലും രാജ്യം മുഴുവൻ ഇത് ടെലിവിഷനിലൂടെയും ട്വിറ്ററിലൂടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സെെറ്റിലൂടെയും കണ്ടുവെന്നും മോദി പറഞ്ഞു. ബീഹാർ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയതിന് പിന്നാലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
"കിഴക്ക് നിന്ന് പടിഞ്ഞാറുവരെയും, വടക്ക് നിന്ന് തെക്ക് വരെ ഞങ്ങൾ വിജയിച്ചു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതിന്റെ തുടർച്ചയാണിത്. രാജ്യത്തിന്റെ വികസനത്തിനായി നിങ്ങൾ അശ്രാന്തമായി പ്രവർത്തിക്കുകയാണെങ്കിൽ, വോട്ടർമാർ നിങ്ങൾക്ക് അതിന്റെ പ്രതിഫലം നൽകും. അവർ ഒന്നിനെയും വഞ്ചിക്കുകയില്ല. ഇന്നലത്തെ തിരഞ്ഞെടുപ്പ് വിധി ഇത് വ്യക്തമാക്കുന്നു." ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് സീറ്റുകളിൽ നിന്നും ആരംഭിച്ചു. എന്നാൽ ഞങ്ങൾ ഇന്ന് എല്ലായിടത്തും ഉണ്ട്. ഇത് എങ്ങനെ സാധിച്ചുവെന്നും പ്രധാനമന്ത്രി ചോദിച്ചു. ഉത്തരം ഇന്നലത്തെ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടെന്നും ബി.ജെ.പിയുടെ വികസന പദ്ധതികളിൽ ജനങ്ങൾ വിശ്വാസമർപ്പിക്കുന്നതായും മോദി പറഞ്ഞു. വികസനമാണ് തങ്ങളുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
ചില കുടുംബങ്ങൾ നേതൃത്വം നൽകുന്ന പാർട്ടി ജനാധിത്യത്തിന് ഭീഷണിയാണെന്നും കോൺഗ്രസിന്റെ പേരെടുത്തു പറയാതെ മോദി വിമർശിച്ചു. "ഒരു ദേശീയ പാർട്ടി ഒരു കുടുംബ പാർട്ടിയായി മാറിയത് നിർഭാഗ്യകരമാണ്. ഈ സാഹചര്യത്തിൽ പാർട്ടിക്കുള്ളിലെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് നാം കൂടുതൽ ജാഗ്രത പാലിക്കണം." മോദി പറഞ്ഞു.