arnab-goswami-siddique-ka

ആത്മഹത്യാ പ്രേരണാ കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഒറ്റ ദിവസം കൊണ്ട് പരിഗണിച്ച സുപ്രീംകോടതിയുടെ നടപടി സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. അതേസമയം, യു.പി പോലീസ് അന്യായമായി തുറുങ്കിലടച്ച സിദ്ദിഖ് കാപ്പന്‍ എന്ന മലയാളി മാദ്ധ്യമപ്രവര്‍ത്തകന് സുപ്രീംകോടതി എന്തുകൊണ്ട് നീതി നടപ്പാക്കി നല്‍കുന്നില്ലെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യം.

സിദ്ദിഖ് കാപ്പന്‍ മാത്രമല്ല, അടുത്തയിടെ എന്‍.ഐ.എ പിടികൂടിയ സ്റ്റാന്‍ സ്വാമിയെന്ന വൃദ്ധനായ വൈദികനെക്കുറിച്ചുമാണ് സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച. അര്‍ണബിന്റെ കേസ് പരിഗണിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് കോടതി പറഞ്ഞത്. ഇതേ സാഹചര്യത്തില്‍ത്തന്നെയാണ് മറ്റ് ചില കേസുകള്‍ ചര്‍ച്ചയാകുന്നതും.


സിദ്ദിഖ് കാപ്പന് നീതിയില്ല

ഹാഥ്രസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്നും യു.പിയിലേക്ക് പോയ മലയാളി മാദ്ധ്യമപ്രവര്‍ത്തകനെ യു.എ.പി.എ ചുമത്തിയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ അഞ്ചിനായിരുന്നു ഇത്. ഒപ്പമുണ്ടായിരുന്ന രണ്ട് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും ഡ്രൈവറും അറസ്റ്റിലായി. മതവിദ്വേഷം വളര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹകുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായി ഒരു മാസം പിന്നിട്ടിട്ടും ഇവര്‍ക്ക് അഭിഭാഷകരെ കാണാന്‍ അനുവാദം ലഭിച്ചില്ല. പത്രപ്രവര്‍ത്തക യൂണിയന്‍ ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആഴ്ചകള്‍ക്കപ്പുറത്തേക്ക് കേസ് മാറ്റിവെക്കുകയാണ് കോടതി ചെയ്തത്. ഇത് ഇരട്ട നീതിയാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച.

ഒരു സ്‌ട്രോ ചോദിച്ചിട്ട് മറുപടിയില്ല

'ഭീമാ കൊറെഗാവ് കേസില്‍ തടവില്‍ കഴിയുന്ന എണ്‍പത്തിമൂന്നുകാരനായ ജസ്യൂട്ട് പാതിരി ഫാദര്‍ സ്റ്റാന്‍ സ്വാമി, പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം കൈവിറയല്‍ ഉള്ള തനിക്ക് ഗ്ലാസ്സില്‍ ദാഹജലം പോലും കുടിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് സ്‌ട്രോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത പെറ്റീഷന്‍ കോടതി എന്‍.ഐ.എയുടെ മറുപടി ലഭിക്കുന്നതിനായി ഇരുപത് ദിവസത്തേക്ക് മാറ്റിവെച്ചു. ഇനി കേസ് നവംബര്‍ 26 ന് പരിഗണിക്കും. തന്നെ തടവറയില്‍ ദാഹജലം കുടിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് കോടതി തീരുമാനമെടുക്കാന്‍ 20 ദിവസം നീട്ടിവെച്ചത്.' മനുഷ്യാവകാശ പ്രവര്‍ത്തകനായ ജയ്‌സന്‍ സി കൂപ്പര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

പരിഗണന നിയമ വിരുദ്ധം

അര്‍ണബിന് ലഭിച്ച പരിഗണന നിയമവിരുദ്ധവും അനധികൃതവുമാണെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി ജനറലിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് കാലത്ത് അനേകം ഹര്‍ജികള്‍ പരിഗണിക്കുന്നത് വൈകുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ ജയിലില്‍ കഴിയുകയാണ്. ഇതിനിടെയാണ് തിടുക്കത്തില്‍ ഹര്‍ജി പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ പി ചിദംബരത്തിന്റെ ഹര്‍ജി പോലും ഇത്ര വേഗത്തില്‍ പരിഗണിച്ചിട്ടില്ലെന്നും ദുഷ്യന്ത് ദവേ കുറ്റപ്പെടുത്തിയിരുന്നു. അര്‍ണബിന്റെ ഹര്‍ജി ഒരു ദിവസംകൊണ്ട് പരിഗണിച്ചപ്പോള്‍ എന്തുകൊണ്ട് സിദ്ദിഖ് കാപ്പനും മറ്റ് അനേകം തടവുകാര്‍ക്കും നീതി ലഭ്യമാകുന്നില്ല എന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.