tea

ചായ ഇഷ്ടമല്ലാത്തവർ വിരളമായിരിക്കും. തേയില, പാൽ, പഞ്ചസാര എന്നിവയുടെ ഗുണങ്ങൾ അടങ്ങിയ ചായയ്ക്ക് ലോകമെമ്പാടും ആരാധകരേറെയാണ്. തണുപ്പ് കാലങ്ങളിൽ ഒരു കപ്പ് ചൂട് ചായ നൽകുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്. ഒരു ചെറിയ പനിയോ ജലദോഷമോ ഒക്കെ ഉള്ളപ്പോൾ ചൂട് ചായയാണ് ആശ്വാസം. അന്തരീക്ഷ താപനില കുറയുന്നതോടെ തണുപ്പിനെ പ്രതിരോധിക്കാൻ ചിലർ ചായകുടി ഇരട്ടിയാക്കാറുണ്ട്. പക്ഷേ, നിങ്ങൾക്ക് അറിയുമോ ആവശ്യത്തിലധികം ചായ ശരീരത്തിന് അത്ര നല്ലതല്ല എന്ന് ? ചായയുടെ മിതമായ ഉപയോഗം ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ അത് അമിതമാകുമ്പോൾ ആരോഗ്യത്തിന് പാർശ്വഫലങ്ങൾ ഉണ്ടാകാനും ഇടയുണ്ട്.

1. ഒരാളിൽ ചായയുടെ ഉപയോഗം അമിതമാകുമ്പോൾ ചായയിൽ അടങ്ങിയിരിക്കുന്ന കാഫീൻ എന്ന പദാർത്ഥം ഡൈയൂറെടിക് ഇഫക്ടിന് ( മൂത്രത്തിന്റെ അളവ് അമിതമാകുന്ന അവസ്ഥ ) കാരണമാകുന്നു. ഉറക്കത്തെയും പ്രതികൂലമായി ബാധിക്കാം.

2. ചായയിലെ തിയോഫൈലിന്റെ സാന്നിദ്ധ്യം ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ ചായയുടെ അമിത ഉപയോഗം ചിലരിൽ മലബന്ധത്തിന് ഇടയാക്കാം.

3. ചായയിലെ കാഫീൻ ഒരാളിൽ അമിതമായി എത്തുന്നതോടെ മാനസികാവസ്ഥയേയും സ്വാധിനിക്കാം. ഇത് സമ്മർദ്ദം, ഉത്കണ്ഠ എന്നിവയിലേക്ക് നയിച്ചേക്കാം. ഹൃദയമിടിപ്പ് കൂടാനും സാദ്ധ്യതയുണ്ട്.

4. കാഫീൻ നെഞ്ചെരിച്ചിലിന് കാരണമാകാം. ഉദരത്തിൽ ആസിഡ് ഉല്പാദനവും കാഫീൻ ത്വരിതപ്പെടുത്തുന്നു.

5. ഗർഭിണികളിലെ ചായയുടെ അമിത ഉപയോഗം സങ്കീർണതകൾക്കിടയാക്കാം. ഗർഭം അലസുന്നത് മുതൽ കുഞ്ഞ് ജനിക്കുന്നമ്പോൾ ഭാരക്കുറവ് വരെ പ്രത്യാഘതങ്ങൾ ആകാം.